കോട്ടയം: മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് വി.ഡി സതീശനെ അവഗണിച്ചത് ശരിയായില്ലെന്ന് എന്‍.എസ്.എസ്. മന്ത്രിസഭാ രൂപീകരണത്തില്‍ ഇടപെട്ടുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും എന്‍.എസ്.എസ് വ്യക്തമാക്കി.

കെ.മുരളീധരന് മന്ത്രിസ്ഥാനം നല്‍കകരുതെന്ന് ആവശ്യപ്പെട്ടിട്ടില്ല. വി.ഡി സതീശന് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാത്തതിന് എന്‍.എസ്.എസ് ഉത്തരവാദിയല്ല. സതീശനെ അവഗണിച്ചത് ശരിയായില്ലെന്നും മന്ത്രിസഭാ രൂപീകരണത്തില്‍ അനാവശ്യ ഇടപെടല്‍ നടത്തിയിട്ടില്ലെന്നും എന്‍.എസ്.എസ് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.

മറ്റ് സമുദായങ്ങളില്‍ നിന്നുള്ള മന്ത്രിമാരെ പ്രഖ്യാപിച്ചപ്പോള്‍ വിവാദങ്ങളൊന്നും ഉണ്ടായിരുന്നില്ല. നായര്‍ സമുദായത്തില്‍ നിന്നുള്ള മന്ത്രിമാരെ പ്രഖ്യാപിച്ചതോടെയാണ് പലരും പ്രസ്താവനയുമായി രംഗത്തെത്തിയത്. കോണ്‍ഗ്രസിലെ തന്നെ ചില നേതാക്കളാണ് ഇത്തരം വിവാദങ്ങള്‍ക്ക് പിന്നിലെന്നും സംഘടന ആരോപിക്കുന്നു. എന്നാല്‍ മുരളീധരനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുമ്പോള്‍ ശിവകുമാറിന് മന്ത്രിസ്ഥാനം നഷ്ടമാകരുതെന്ന് അഭിപ്രായപ്പെട്ടിരുന്നതായും എന്‍.എസ്.എസ് വ്യക്തമാക്കി.