കൊല്ലം: തങ്ങളുടെ നയങ്ങളെ പിന്തുണക്കാത്ത സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കുമെന്ന എന്‍.എസ്.എസിന്റെ നിലപാടിനെതിരേ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി.

എന്‍.എസ്.എസ് വെറുതേ ഉണ്ടയില്ലാ വെടിപൊട്ടിക്കുകയാണ്. തങ്ങളെ പിന്തുണക്കാത്ത നേതാക്കളെ തോല്‍പ്പിച്ചുകളയുമെന്നാണ് അവര്‍ വാദിക്കുന്നത്. ഏതെല്ലാം സ്ഥലങ്ങളില്‍ ആരെയെല്ലാം തോല്‍പ്പിക്കുമെന്ന് ‘തമ്പുരാക്കന്‍മാര്‍’ നേരത്തേ വ്യക്തമാക്കിയാല്‍ ജനങ്ങള്‍ക്ക് മനസിലാക്കാന്‍ എളുപ്പമാകുമെന്ന് വെള്ളാപ്പള്ളി പരിഹസിച്ചു.

‘മന്നം സമാധിയിലെത്തുന്നവരെ തടയുന്നത് രാജ്യദ്രോഹം’
സാമുഹ്യപരിഷ്‌കര്‍ത്താവായ മന്നത്തു പത്മനാഭന്റെ സമാധി സന്ദര്‍ശിക്കാനെത്തുന്നവരെ തടയുന്നത് രാജ്യദ്രോഹമാണെന്ന് എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ പറഞ്ഞു.

എന്‍.എസ്.എസ് വീരവാദം പറയുകയാണ്. തിരഞ്ഞെടുപ്പില്‍ സംഘടനയ്ക്ക് കാര്യമായ സ്വാധീനം ചെലുത്താനാവില്ലെന്ന കാര്യം നേരത്തേ തെളിഞ്ഞതാണ്. ഇക്കാര്യത്തില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കണമെന്നും ഡോ.ഗഫൂര്‍ വ്യക്തമാക്കി.