കോട്ടയം: അഞ്ചാം മന്ത്രിസ്ഥാനവും അനൂപിന്റെ സത്യപ്രതിജ്ഞയും യു.ഡി.എഫിനെ വെട്ടിലാക്കിയിരിക്കെ മുസ്‌ലിം ലീഗിന് മുന്നില്‍ തലകുനിക്കരുതെന്ന് ആവശ്യപ്പെട്ട് എന്‍.എസ്.എസ് രംഗത്ത്. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

‘അനൂപിന്റെ സത്യപ്രതിജ്ഞ വൈകുന്നത് ശരിയല്ല. അനൂപ് മന്ത്രിയാകാന്‍ വൈകുന്നത് പിറവത്തെ ജനങ്ങളോടു കാട്ടുന്ന നീതികേടാണ്. ലീഗിന്റെ അഞ്ചാംമന്ത്രി സ്ഥാനവുമായി അനൂപിന്റെ മന്ത്രിസഥാനത്തെ കൂട്ടിക്കുഴയ്‌ക്കേണ്ട. ലീഗിന് അഞ്ചാംമന്ത്രിയെ നല്‍കുന്നത് മന്ത്രിസഭയിലെ സമുദായിക സന്തുലിതാവസ്ഥ തകര്‍ക്കും. ഇക്കാര്യം യു.ഡി.ഫ് ഗൗരവമായി കാണണം. ലീഗിന്റെ കടുപിടുത്തത്തിനു മുന്നില്‍ യു.ഡി.ഫ് നിന്നുകൊടുക്കരുത്. പിറവത്ത് വന്‍ ഭുരിപക്ഷത്തില്‍ വിജയിച്ച അനൂപ് ജേക്കബ് തെക്കുവടക്ക് നടക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല- വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

കേരള കോണ്‍ഗ്രസ് പിള്ള വിഭാഗത്തിലെ പ്രശ്‌നങ്ങള്‍ രമ്യമായി തീരുമെന്നാണ് കരുതുന്നത്. പാര്‍ട്ടി മന്ത്രി പാര്‍ട്ടിയെയും മുന്നണിയെയും മാനിക്കണമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

അതേസമയം ലീഗിന്റെ അഞ്ചാം മന്ത്രിപദവും നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പും ചര്‍ച്ച ചെയ്യാന്‍ കെ.പി.സി.സി നേതൃയോഗവും രാഷ്ട്രീയകാര്യ സമിതിയും ഇന്ന് ചേരുകയാണ്. മന്ത്രിസഭയിലെ സാമുദായിക സന്തുലനം കൂടുതല്‍ കുഴപ്പത്തിലാക്കാതെ, എങ്ങനെ ലീഗിന് അഞ്ചാംമന്ത്രിയെ നല്‍കും എന്നതാണ് കോണ്‍ഗ്രസ് നേരിടുന്ന വെല്ലുവിളി.

അഞ്ചാം മന്ത്രിക്കുവേണ്ടി മുസ്‌ലിം ലീഗ് അരയും തലയും മുറുക്കി നില്‍ക്കുകയാണ്. കെ.പി.സി.സി യോഗത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ കളി മാറുമെന്നാണ് ലീഗിന്റെ പുതിയ ഭീഷണി. പ്രശ്‌നം നീട്ടിക്കൊണ്ടു പോകുന്നത് ശരിയാവില്ലെന്നറിയാമെങ്കിലും ചിന്തിക്കാന്‍ വിഷയങ്ങള്‍ ഏറെയുണ്ട്. മഞ്ഞളാംകുഴി അലിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയാല്‍ ഇരുത്തൊന്നംഗ മന്ത്രിസഭയില്‍ ന്യൂനപക്ഷ മന്ത്രിമാരുടെ എണ്ണം പതിമൂന്നാകും. ഇത് ഒഴിവാക്കണമെങ്കില്‍ കോണ്‍ഗ്രസ്, ന്യൂനപക്ഷമന്ത്രിമാരില്‍ ഒരാളെ മാറ്റി ഭൂരിപക്ഷ സമുദായാംഗത്തെ കൊണ്ടുവരണം. മുതിര്‍ന്ന നേതാക്കളായ ആര്യാടന്‍ മുഹമ്മദും കെ.സി. ജോസഫുമാണ് കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ മന്ത്രിമാര്‍. ഇതില്‍ ആരെ ഒഴിവാക്കിയാലും പകരം ഉന്നതപദവി നല്‍കേണ്ടിവരും. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചു മാത്രമേ അഞ്ചാം മന്ത്രിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാനാകൂ.

നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പാണ് രാഷ്ട്രീയകാര്യസമിതി ചര്‍ച്ച ചെയ്യുന്ന മറ്റൊരു പ്രധാനവിഷയം. ആര്‍. ശെല്‍വരാജിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ ഉണ്ടാകാനിടയുള്ള വിമര്‍ശനങ്ങളും അത് നേരിടേണ്ട രീതിയും യോഗത്തില്‍ വിഷയമാകും. എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം തിരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ മാത്രമേ ഉണ്ടാകൂ എന്നാണ് സൂചന.

Malayalam News

Kerala News In English