Categories

വി.എസിനെതിരായ നിലപാട് ആവര്‍ത്തിച്ച് എന്‍.എസ്.എസ്

പെരുന്ന: മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെതിരായ നിലപാട് ആവര്‍ത്തിച്ചുറപ്പിച്ച് എന്‍.എസ്.എസ്. വി.എസിനോടുള്ള വിയോജിപ്പ് മൂലമാണ് തങ്ങള്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ സമദൂരം വെടിഞ്ഞതെന്ന് എന്‍.എസ്.എസ് നേതാവ് പി.കെ. നാരായണപ്പണിക്കര്‍ വ്യക്തമാക്കി. വി.എസിനെതിരായ നിലപാട് പൊതുധാരണയുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെരുന്നയില്‍ എന്‍.എസ്.എസ്. ബജറ്റ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നാരയണപ്പണിക്കര്‍.

യോഗത്തില്‍ പി.കെ. നാരായണപ്പണിക്കരെ എന്‍.എസ്.എസ് സംസ്ഥാന പ്രസിഡന്റായും ജി. സുകുമാരന്‍ നായരെ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുത്തു. ട്രഷററായി പി.എന്‍ നരേന്ദ്രനാഥന്‍ നായര്‍ തുടരും. പ്രസിഡന്റായിരുന്ന പി.വി. നീലകണ്ഠപിള്ള അനാരോഗ്യം മൂലം സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് മാറ്റം.

വി.എസ്. അച്യുതാനന്ദനെ മുഖ്യമന്ത്രിയായി കാണാന്‍ എന്‍.എസ്.എസിന് ബുദ്ധിമുട്ടുണ്ടായിരുന്നു. അങ്ങിനെയാണ് സമദൂരത്തില്‍ നിന്ന് ശരിദൂരത്തിലേക്ക് എന്ന നിലപാടിലെത്തിയത്. എന്നാല്‍ വിരോധം വ്യക്തിപരമല്ല. നയങ്ങളോടും ശൈലിയോടുമാണ് എതിര്‍പ്പെന്നും നാരയണപ്പണിക്കര്‍ പറഞ്ഞു. യോഗത്തില്‍ ജി. സുകുമാരന്‍ നായര്‍ ബജറ്റ് അവതരിപ്പിച്ചു.

2011-12 സാമ്പത്തീക വര്‍ഷത്തേക്ക് 76 കോടി 25 ലക്ഷം രൂപയുടെ വരവും അത്ര തന്നെ ചെലവും വരുന്ന ബജറ്റാണ്
ജി. സുകുമാരന്‍ നായര്‍ അവതരിപ്പിച്ചത്. പി.കെ. നാരായണപ്പണിക്കരായിരുന്നു ബജറ്റ് അവതരണത്തിന് തുടക്കമിട്ടതെങ്കിലും
അദ്ദേഹത്തിന്റെ അനാരോഗ്യം കാരണം ജി സുകുമാരന്‍ നായര്‍ ബജറ്റ് അവതരണം പൂര്‍ത്തിയാക്കി.

സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍ അനുവദിച്ചത് ന്യൂനപക്ഷ പ്രീണനത്തിന്റെ തുടക്കമായിട്ടാണ് കാണുന്നതെന്ന് ജി. സുകുമാരന്‍ നായര്‍ ബജറ്റ് സമ്മേളനത്തിന് ശേഷം പത്ര സമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ ന്യൂനപക്ഷ പ്രീണനം തുടര്‍ന്നാല്‍ ബുദ്ധിമുട്ടാകും.

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ വിജയിപ്പിക്കാന്‍ വേണ്ടി ഒരു നിലപാടും സംഘടന സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ബാലകൃഷ്ണപിള്ളയെ ജയിലില്‍ അടച്ചതും വി.എസിനെതിരായ നിലപാടിന് കാരണമായെന്നും സുകുമാരന്‍ നായര്‍ വിശദീകരിച്ചു.

One Response to “വി.എസിനെതിരായ നിലപാട് ആവര്‍ത്തിച്ച് എന്‍.എസ്.എസ്”

  1. shoukat

    ഈ കിണ്ടികൾ ഇവിടെ ജാതി പോരു വളർത്തി “കേരളം വീണ്ടും ഒരു ഭ്രാന്താലയം” ആക്കും

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.