Categories

വന്‍കിട വ്യവസായ സ്ഥാപനങ്ങളുടെ വിവരങ്ങളും എന്‍.എസ്.എ ചോര്‍ത്തിയതായി സ്‌നോഡന്‍

edward-snowden

മോസ്‌കോ: അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ എന്‍.എസ്.എ വന്‍കിട വ്യവസായ സ്ഥാപനങ്ങളിലെ വിവരങ്ങളും ചോര്‍ത്തിയെന്ന് മുന്‍ എന്‍.എസ്.എ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്‌നോഡന്‍.

ഒരു ജര്‍മ്മന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് റഷ്യയില്‍ ഒരു വര്‍ഷത്തേക്ക് താല്‍ക്കാലിക അഭയം നേടിയ സ്‌നോഡന്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്.

എന്‍.എസ്.എ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ മാത്രമല്ല ചോര്‍ത്തിയതെന്നും വന്‍കിട വ്യവസായ സ്ഥാപനങ്ങളുടെ ഫോണ്‍, ഇമെയില്‍ വിവരങ്ങളും ചോര്‍ത്തിയതായാണ് സ്‌നോഡന്‍ പറഞ്ഞത്.

ജര്‍മ്മന്‍ എഞ്ചിനിയറിങ് സ്ഥാപനമായ സീമെന്‍സും രഹസ്യാനേഷണ ഏജന്‍സി ലക്ഷ്യമിട്ടവയില്‍ ഒന്നായിരുന്നുവെന്ന് സ്‌നോഡന്‍ എ.ആര്‍.ഡി ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

വ്യവസായ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തിയത് യു.എസിന്റെ ദേശീയ താല്‍പര്യത്തിനുവേണ്ടിയാകാമെന്നും എന്തിരുന്നാലും എന്‍.എസ്.എ ഇത്തരം സ്ഥാപനങ്ങളുടെ വിവരങ്ങളും ചോര്‍ത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു.

എന്‍.എസ്.എ യുടെ ഇത്തരം പ്രവൃത്തികളുമായി ബന്ധപ്പെട്ട രേഖകളൊന്നും കൈവശമില്ലെന്നും സ്‌നോഡന്‍ അറിയിച്ചു.

യു.എസ്. രഹസ്യാന്വേഷണ ഏജന്‍സികള്‍ രാഷ്ട്രത്തലവന്മാരുള്‍പ്പെടെയുള്ളവരുടെ ഫോണ്‍, ഇമെയില്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന വിവരം പുറത്തുവിട്ടതിനെ തുടര്‍ന്ന് സ്‌നോഡനു മേല്‍ അമേരിക്ക ചാരവൃത്തി ആരോപിച്ച് അറസ്റ്റു വാറന്റ് പുറപ്പെടുവിച്ചിരുന്നു.

എന്നാല്‍ സഖ്യകക്ഷികളുടേയും സുഹൃദ് രാജ്യങ്ങളിലെ നേതാക്കളുടേയും രഹസ്യങ്ങള്‍ ചോര്‍ത്തരുതെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ബരാക്ക് ഒബാമ രഹസ്യാന്വേഷണ ഏജന്‍സിയായ എന്‍.എസ്.എയോട് നിര്‍ദേശിച്ചിരുന്നു.

അമേരിക്ക ഇതുവരെ ചോര്‍ത്തിയ രേഖകളുടെ നിയന്ത്രണം സുരക്ഷാ ഏജന്‍സിയായ എന്‍.എസ്.എയില്‍നിന്ന് മാറ്റാനും ഫോണ്‍ ചോര്‍ത്തലില്‍ സൂക്ഷ്മത പാലിക്കണമെന്നും സ്വദേശികളുടേയും വിദേശികളുടേയും സ്വകാര്യത ഒരുപോലെ പാലിക്കണമെന്നും ഒബാമ നിര്‍ദേശിച്ചിരുന്നു.