കൊച്ചി: പുസ്തകം വായന അതിരുകടന്ന ശീലമാണെന്ന് പറഞ്ഞ എംപ്ലോയ്മെന്റ് ആന്റ് ട്രെയിനിംഗ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ വിമര്‍ശിച്ച് സാഹിത്യകാരനും മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന എന്‍.എസ് മാധവന്‍. യു.പി.എസ്.സി പരീക്ഷയില്‍ കോപ്പിയടിക്കുന്നതിനിടെ പിടിയിലായ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഫര്‍ കരീമിനെ ഉദാഹരണമാക്കിയാണ് എന്‍.എസ് മാധവന്റെ പ്രതികരണം.

‘പുസ്തകം വായിക്കാതെ സഫര്‍ കരീമിന് പഠിക്കണമെന്നാണു പറഞ്ഞുവരുന്നത്.’ എന്‍.എസ് മാധവന്‍ ട്വീറ്റ് ചെയ്തു. എഗ്മോറില്‍ വെച്ച് എഴുതിയ പരീക്ഷയില്‍ ബ്ലൂട്ടൂത്ത് വഴി ഭാര്യയുടെ സഹായത്തോടെ കോപ്പിയടിക്കാന്‍ ശ്രമിക്കുമ്പോഴാണ് സഫര്‍ കരീം പിടിയിലായിരുന്നത്.


Related:   ‘ചവറ് വായിച്ച് ഐ.എ.എസ് എടുത്ത സമയത്ത് തെങ്ങിനു തടമെടുത്തിരുന്നേല്‍ നാല് തേങ്ങാ കിട്ടിയേനെ’; വായന അതിരുകടന്ന ശീലമാണെന്ന ശ്രീറാം വെങ്കിട്ടരാമന്റെ പ്രസ്താവനക്കെതിരെ സോഷ്യല്‍ മീഡിയ


മനോരമ പത്രത്തിലെ വാചകമേള എന്ന പക്തിയില്‍, വായന അതിരുകടന്ന ശീലമായാണ് താന്‍ കാണുന്നതെന്നും, ഒരു പുസ്തകത്തിനു വേണ്ടി മണിക്കൂറായ മണിക്കൂറുകളൊക്കെ കളഞ്ഞു കുളിക്കുന്നതിനേക്കാള്‍ എത്രയോ നല്ല കാര്യങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ചെയ്യാന്‍ കഴിയും എന്നായിരുന്നു വെങ്കട്ടരാമന്റെ വാക്കുകള്‍.

ശ്രീറാം വെങ്കട്ടരാമനെതിരെ സോഷ്യല്‍മീഡിയയിലും വിമര്‍ശനം ഉയര്‍ന്നിരുന്നു. ചവറ് വായിച്ച് ഐ.എ.എസ് എടുത്ത സമയത്ത് തെങ്ങിനു തടമെടുത്തിരുന്നേല്‍ വെങ്കട്ടരാമന് നാല് തേങ്ങാ കിട്ടിയേനെ തുടങ്ങിയ പ്രതികരണങ്ങളാണ് ഉയര്‍ന്നിരുന്നത്.