തിരുവനന്തപുരം: എ.കെ ശശീന്ദ്രന്റേതെന്ന പേരില്‍ പുറത്തുവന്ന ഓഡിയോ സംഭാഷണത്തില്‍ നിലപാട് വ്യക്തമാക്കി എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ എന്‍.എന്‍ മാധവന്‍. സ്വകാര്യതയിലേക്കും വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ് ശശീന്ദ്രനെതിരെ നിലവില്‍ ഉയര്‍ന്നിരിക്കുന്ന ആരോപണമെന്ന് അദ്ദേഹം പറയുന്നു.

ചാനല്‍ പുറത്തുവിട്ട വാര്‍ത്ത നിലവാരമില്ലാത്തതും ഗോസിപ്പ് സ്വഭാവമുള്ളതുമാണെന്നാണ് എന്റെ അഭിപ്രായം. തികച്ചും സ്വകാര്യമായ സംഭാഷണമാണ് ശശീന്ദ്രനും പേര് വെളിപ്പെടുത്തപ്പെട്ടിട്ടില്ലാത്ത ആ സ്ത്രീയും തമ്മില്‍ നടന്നത്. സംഭവത്തില്‍ പരാതിയുമായി യുവതി രംഗത്തെത്തിയിട്ടില്ല.

മന്ത്രിയെന്ന പദവിയുപയോഗിച്ച് അവരെ നിശബ്ദയാക്കാന്‍ ശശീന്ദ്രന്‍ ശ്രമിച്ചിട്ടുമില്ല. ആ യുവതിയുടെ സംസാരം നമ്മള്‍ കേള്‍ക്കുന്നില്ല. ഇവിടെ ആ സ്ത്രീക്ക് പറയാനുള്ളത് വെളിവാക്കാനുള്ള അവസരമായിരുന്നു ചാനല്‍ നല്‍കേണ്ടിയിരുന്നത്. അതല്ല മന്ത്രി അവരെ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെങ്കില്‍ അതായിരുന്നു വാര്‍ത്തയാക്കേണ്ടിയിരുന്നത്.

ഈ അന്വേഷണാത്മക മാധ്യമം പുറത്തുവിട്ട ശബ്ദരേഖ പ്രകാരം അദ്ദേഹം യുവതിയെ സംസാരിക്കാന്‍ അനുവദിക്കുന്നില്ല എന്നാണ് കേള്‍ക്കുന്നവര്‍ കരുതുക. ഇത് മാധ്യമപ്രവര്‍ത്തനങ്ങളേക്കാള്‍ ബ്ലാക് മെയിലിങ് ആണ് എനിക്ക് പറയാനുള്ളത്. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തെ തെറ്റായി വ്യാഖ്യാനിക്കുന്നതാണ് ഇത്. സെന്‍സേഷണലിസത്തിന് വേണ്ടി മാത്രം നടത്തിയ ഇടപെടലാണ് ഇത്.


Dont Miss ഗാന്ധി കുടുംബത്തിലെ ഒരേയൊരു നല്ല മനുഷ്യന്‍ രാജീവ് ഗാന്ധി; ബാബറി മസ്ജിദ് ഹിന്ദുക്കള്‍ക്കായി തുറന്നുകൊടുത്തയാളെന്നും സുബ്രഹ്മണ്യന്‍ സ്വാമി 


സ്ത്രീകള്‍ക്കെതിരെ നിരവധി സംഭവങ്ങള്‍ ഇവിടെ നടക്കുന്നു. എന്നാല്‍ ഇപ്പോള്‍ ആ ചാനല്‍ ചെയ്തതുപോലെ സ്വകാര്യ സംഭാഷണം ലൈംഗിക അതിക്രമമാണെന്ന തരത്തില്‍ വാര്‍ത്തയാക്കുന്ന രീതി മുന്‍പുണ്ടായിട്ടില്ല. ഇത് തെറ്റാണ്.

അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തെ പരിഹസിക്കുകയാണ് ഈ ചാനല്‍ ചെയ്തത്. ഇതുകൊണ്ടൊന്നും സമൂഹത്തിലെ ലിംഗനീതി സാധ്യമാകാന്‍ പോകുന്നില്ലെന്ന് ഈ സംഭവത്തെ ഇത്രവലിയ വിവാദമാക്കിയവര്‍ക്ക് തന്നെ അറിയാം.

നിലവില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയത്തെ വിലകുറച്ച് കാണുകയും വെറും സെന്‍സേഷണലിസത്തിന് വേണ്ടിമാത്രം ഈ പണി ചെയ്യുന്നതും മാധ്യമധര്‍മമല്ല. സെന്‍സേഷന്‍ വാര്‍ത്തയും അല്പായുസുള്ള വാര്‍ത്തയോ അല്ല യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തനം. സമൂഹത്തിലെ രാഷ്ട്രീയപരവും സാമൂഹികപരവുമായ വിഷയങ്ങള്‍ക്ക് പിന്നാലെയാണ് മാധ്യമങ്ങള്‍ പോകേണ്ടത്.

അതേസമയം തന്നെ എ.കെ ശശീന്ദ്രന്‍ കുറച്ചുകൂടി വകതിരിവ് കാണിക്കണമായിരുന്നു എന്നാണ് എന്റെ അഭിപ്രായം.

അദ്ദേഹത്തിന്റെ സ്വകാര്യകാര്യങ്ങളില്‍ ഇടപെടാന്‍ ആര്‍ക്കും അധികാരമില്ല എന്നിരിക്കെ തന്നെ ഒദ്യോഗിക പദവിയിലിരിക്കുന്ന ഒരാളെന്ന നിലയില്‍ അദ്ദേഹം കുറച്ചുകൂടി സൂക്ഷ്മത കാണിക്കേണ്ടിയിരുന്നു.

അടുത്തിടെ നിയമസഭയില്‍ ഒരു ആദിവാസി ക്ഷേമ വകുപ്പ് മന്ത്രി ആദിവാസി സ്ത്രീകളുടെ ഗര്‍ഭധാരണത്തെക്കുറിച്ച് ലൈംഗിച്ചുവയോടെ സംസാരിച്ചതിന് നമ്മള്‍ സാക്ഷികളാണ്. വിവേകമില്ലാത്ത രാഷ്ട്രീയക്കാര്‍ക്കും  വിശ്വാസ്യത നഷ്ടപ്പെടുന്ന മാധ്യമങ്ങള്‍ക്കും ഇടയില്‍  സ്ത്രീകള്‍ക്ക് കേരളം ഒരു നരകമായിമാറിക്കൊണ്ടിരിക്കുകയാണെന്നും എന്‍.എസ് മാധവന്‍ പറയുന്നു.