കണ്ണൂര്‍: ഡി.വൈ.എഫ്.ഐ ട്രഷറര്‍ വി.വി രമേശന്റെ മകള്‍ക്ക് പരിയാരം മെഡിക്കല്‍ കോളേജില്‍ എന്‍.ആര്‍.ഐ ക്വാട്ടയില്‍ പ്രവേശനം നല്‍കി. രമേശന്റെ മകള്‍ ആര്യയാണ് എം.ബി.ബി.എസിന് പ്രവേശനം നേടിയിരിക്കുന്നത്.

50ലക്ഷം രൂപയാണ് എന്‍.ആര്‍.ഐ ക്വാട്ടയ്ക്ക് നല്‍കേണ്ട തുക. ഇതില്‍ കണ്‍സഷന്‍ ഒഴിച്ച് 45% ലക്ഷം രൂപ അടച്ചാണ് ആര്യ പ്രവേശനം നേടിയിരിക്കുന്നത്.

രമേശന്‍ മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകനാണ്. ആര്യയുടെ വിദേശത്തുള്ള അമ്മാവന്റെ സ്‌പോണ്‍സര്‍ഷിപ്പിലാണ് സീറ്റ് നല്‍കിയിരിക്കുന്നത്. ആര്യയ്ക്ക് പ്രവേശനം നല്‍കിയതില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്നാണ് പരിയാരം ഭരണസമിതി പറയുന്നത്.

പരിയാരം ഭരണസമിതി ചെയര്‍മാനായ എം.വി ജയരാജന്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആയിരുന്ന സമയത്താണ് സ്വാശ്രയ സമരം നടന്നത്. ഇതേ ജയരാജന്‍ ഭരണസമിതിയിലിരിക്കെയാണ് ഡി.വൈ.എഫ്.ഐ ട്രഷററുടെ മകള്‍ 45ലക്ഷം രൂപനല്‍കി പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടിയിരിക്കുന്നത്.

ആരോഗ്യമന്ത്രി അടൂര്‍ പ്രകാശിന്റെ മകള്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടിയത് നിയമവിരുദ്ധമായാണെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ നടപടിക്രമങ്ങള്‍ പാലിച്ചാണ് അടൂര്‍ പ്രകാശിന്റെ മകള്‍ക്ക് സീറ്റ് നല്‍കിയതെന്നായിരുന്നു എം.വി ജയരാജന്‍ മറുപടി പറഞ്ഞത്.