മോദി ഓരോ നിമിഷവും അപമാനിക്കപ്പെടുന്നു; അദ്ദേഹത്തെ പലരും ദുരുപയോഗം ചെയ്യുന്നു: കിരണ്‍ റിജിജു
India
മോദി ഓരോ നിമിഷവും അപമാനിക്കപ്പെടുന്നു; അദ്ദേഹത്തെ പലരും ദുരുപയോഗം ചെയ്യുന്നു: കിരണ്‍ റിജിജു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 5th March 2017, 12:11 pm

ന്യൂദല്‍ഹി: സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്‍പ് ആസാദി എന്ന വാക്ക് വളരെ മനോഹരമായിരുന്നു എന്നും എന്നാല്‍ 1947 ന് ശേഷം ഇന്ത്യയിലെ ചിലര്‍ ഇന്ത്യയില്‍ നിന്ന് തന്നെ സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജു.

എല്ലാ ഇന്ത്യക്കാരും സ്വാതന്ത്ര്യം ആസ്വദിക്കുന്നുണ്ട്. നിങ്ങള്‍ക്ക് നെഹ് റുവിനേയോ രാജീവ് ഗാന്ധിയേയോ ഇന്ദിരാഗാന്ധിയേയോ സോണിയാ ഗാന്ധിയേയോ ചീത്ത വിളിക്കാറുണ്ടോ? സോണിയാഗാന്ധിക്കെതിരെ ആരെങ്കിലും മോശമായി എന്തെങ്കിലും എഴുതിയാല്‍ ആഭ്യന്തരമന്ത്രാലയം ഫേസ്ബുക്കില്‍ നിന്ന് വിശദീകരണം തേടും. അക്കാലത്തൊന്നും നേതൃത്വത്തെ വിമര്‍ശിച്ച് ആരും രംഗത്തെത്തിയത് കണ്ടില്ല.

എന്നാല്‍ നരേന്ദ്രമോദിജിക്കെതിരെയും ബി.ജെ.പിക്കെതിരെയും രംഗത്തെത്തുന്ന ആര്‍ക്കെത്രിയെങ്കിലും നടപടിയെടുക്കുന്നത് കണ്ടിട്ടുണ്ടോ?

നടപടി രാജ്യത്തിന് എതിരായാല്‍ മാത്രമാണ്. ഓരോ നിമിഷവും മോദി ഈ രാജ്യത്ത് അപമാനിക്കപ്പെടുന്നു. അദ്ദേഹത്തെ പലരും ദുരുപയോഗം ചെയ്യുന്നു. എന്നിട്ടും നിങ്ങള്‍ പറയുന്നു നിങ്ങള്‍ക്ക് സ്വാതന്ത്ര്യമില്ല എന്ന്.

ഇതില്‍ കൂടുതല്‍ എന്ത് സ്വാതന്ത്ര്യമാണ് നിങ്ങള്‍ക്ക് വേണ്ടത്? നിങ്ങള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ അപമാനിച്ചിട്ടുപോലും ഈ സര്‍ക്കാര്‍ നിങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നില്ലെന്നും റിജിജു പറയുന്നു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു റിജിജുവിന്റെ പരാമര്‍ശം.


Dont Miss പെണ്‍കുട്ടികളേ നിങ്ങള്‍ ഇവരെ മാതൃകയാക്കൂ…വൈക്കം വിജയലക്ഷ്മിയെ കുറിച്ച് റിമ കല്ലിങ്കല്‍ 


നിങ്ങള്‍ക്ക് പ്രധാനമന്ത്രിക്കെതിരെ പറയാനുള്ള അവകാശമുണ്ട്. നിങ്ങള്‍ക്ക് സര്‍ക്കാരിനെതിരെ പറയാനുള്ള അവകാശമുണ്ട്. ഈ രാജ്യത്ത് നിങ്ങള്‍ മുസ് ലീങ്ങളെ അഭിനന്ദിച്ച് സംസാരിച്ചാല്‍ അത് മതതേതരത്വമായി കണക്കാക്കും എന്നാല്‍ ഹിന്ദുക്കള്‍ക്ക് അനുകൂലമായി സംസാരിച്ചാല്‍ അത് വര്‍ഗീയതയായി. ഇതാണ് കുറേ നാളായി ഇന്ത്യയിലെ അവസ്ഥ.

നിങ്ങള്‍ തന്നെ പറയണം ഈ രാജ്യത്ത് മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി ഹിന്ദുക്കള്‍ക്ക് എന്ത് പദവിയാണ് ഉള്ളത്? – റിജിജു ചോദിക്കുന്നു.

ഗുര്‍മെഹര്‍ കൗറിനെതിരെ താനും സെവാഗും ഉള്‍പ്പെടെയുള്ളവര്‍ അഭിപ്രായം പറഞ്ഞത് വലിയ വിവാദമായി. അവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ അപമാനിച്ചു എന്നൊക്കെ പറഞ്ഞു.

നിങ്ങള്‍ ഒരു കാര്യം മനസിലാക്കണം. ഒരാള്‍ക്ക് അവരുടെ അഭിപ്രായം പറയാം എന്നാല്‍ അതിന് മറുപടി മറ്റൊരാള്‍ പറയരുത് എന്ന് പറയുന്നത് ശരിയല്ല. ഇത് വണ്‍വേ ട്രാഫിക്കല്ല- റിജിജു പറയുന്നു.