ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ കൂട്ടമാനഭംഗത്തിരയായ പെണ്‍കുട്ടിയും തുല്യഉത്തരവാദിയാണെന്ന പ്രസ്താവനയ്‌ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ കുലുങ്ങാതെ ആത്മീയഗുരു അസാറാം ബാപ്പു പുതിയ വിവാദത്തിന് തിരികൊളുത്തി.

Ads By Google

സ്വന്തം പരാമര്‍ശങ്ങളെ ന്യായീകരിച്ച അസാറാം വിമര്‍ശകരെയും മാധ്യമങ്ങളേയും കുരയ്ക്കുന്ന പട്ടികളോടാണ് ഉപമിച്ചത്. പിന്നീട് പ്രസ്താവന അല്പം മയപ്പെടുത്തി.

തന്റെ ആത്മീയ പ്രഭാഷണം കാല്‍ മണിക്കൂര്‍ കേട്ടിട്ടും മനംമാറ്റം ഉണ്ടാകുന്നില്ലെങ്കില്‍ മാപ്പ് പറയാമെന്ന് വ്യക്തമാക്കി. സ്വയം ആനയോട് ഉപമിച്ച അസാറാം പട്ടികള്‍ കുരയ്ക്കുമ്പോള്‍ ആന പ്രതികരിക്കാറില്ലെന്ന് വിശദീകരിച്ചു.

കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിയെ കുറിച്ച് താന്‍ പറഞ്ഞ വാക്കുകള്‍ മാധ്യമങ്ങളും വിമര്‍ശകരും തെറ്റായി വ്യാഖ്യാനിക്കുകയാണ് ചെയ്തത്. തന്റെ പ്രസംഗം യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ മനസിലാക്കിയാല്‍ ജനങ്ങള്‍ തന്നെ ബഹുമാനിക്കുമെന്നും അസാറാം പറഞ്ഞു.

അതേസമയം അസാറാം ബാപ്പുവിന്റെ പ്രസ്താവനയെ കുടുംബാംഗങ്ങള്‍ ശക്തമായി എതിര്‍ത്തു. ബാപ്പുവിനെ പോലെ സമൂഹം ബഹുമാനിക്കുന്ന വ്യക്തിയില്‍ നിന്നും പ്രതീക്ഷിക്കാത്ത പ്രതികരണമാണ് ഇതെന്ന് പെണ്‍കുട്ടിയുടെ സഹോദരന്‍ പറഞ്ഞു.

വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന ബാപ്പുവിന്റെ ആത്മീയ ഗ്രന്ഥങ്ങള്‍ ദല്‍ഹിയില്‍ തിരിച്ചെത്തിയാലുടന്‍ കത്തിച്ചുകളയുമെന്നും സഹോദരന്‍ വ്യക്തമാക്കി.