ന്യൂദല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ മല്‍സരപരീക്ഷയായ സിവില്‍ സര്‍വ്വീസിന്റെ സിലബസില്‍ മാറ്റങ്ങള്‍ വരുത്താന്‍ യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ തീരുമാനിച്ചു. 2011 മുതല്‍ പുതിയ സിലബസ് പ്രാബല്യത്തില്‍ വരുമെന്നും യു പി എസ് സി അറിയിച്ചു.

പ്രിലിമിനറി പരീക്ഷയ്ക്കുപകരം ഐച്ഛിക വിഷയങ്ങളുടെ അഭിരുചി പരീക്ഷയാകും ഇനിയുണ്ടാവുക. 2011 മുതല്‍ പരീക്ഷയില്‍ രണ്ടു പേപ്പറുകളാണ് ഉണ്ടാവുക. ആനുകാലിക സംഭവങ്ങള്‍, ഇന്ത്യന്‍ ചരിത്രം, ഇകണോമിക്‌സ്, പൊളിറ്റി, സോഷ്യല്‍ ഡെവലപ്പ്‌മെന്റ് ജ്യോഗ്രഫി എന്നീ വിഷയങ്ങള്‍ അടങ്ങിയതായിരിക്കും ഒരു പേപ്പര്‍.

ജനറല്‍ മെന്റല്‍ അബിലിറ്റി, ബേസിക് ഇംഗ്ലീഷ്, വിവിധ ഘട്ടങ്ങളില്‍ നിര്‍ണായക തീരുമാനമെടുക്കാനുള്ള കഴിവ് എന്നിവ പരിശോധിക്കുന്ന അഭിരുചി പരീക്ഷയാണ് രണ്ടാംപേപ്പറില്‍ ഉണ്ടാവുക. ഓപ്ഷണല്‍ വിഷയങ്ങളുടെ തിരഞ്ഞെടുത്ത ചോദ്യങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ഇതുവരെ പ്രിലിമിനറി പരീക്ഷയുടെ രണ്ടാംപേപ്പര്‍ തയ്യാറാക്കിയിരുന്നത്.