cpim-20062009-rw

സി.പി.ഐ.എം സ്ഥാനാര്‍ഥികളെ വെള്ളിയാഴ്ച തീരുമാനിക്കും

തിരുവനന്തപുരം: നിയമസഭാ ഉപതിരഞ്ഞെടുപ്പിനുള്ള സി.പി.ഐ.എം സ്ഥാനാര്‍ഥികളെ വെള്ളിയാഴ്ച ചേരുന്ന സെക്രട്ടേറിയറ്റ് യോഗം തീരുമാനിക്കും. ജില്ലാ കമ്മിറ്റികളുടെ അഭിപ്രായം കൂടി പരിഗണിച്ച ശേഷമാകും തീരുമാനം. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച അഭിപ്രായങ്ങള്‍ അറിയിക്കണമെന്ന് ജില്ലാ കമ്മിറ്റികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എറണാകുളം, ആലപ്പുഴ, കണ്ണൂര്‍ നിയമസഭാ മണ്ഡലങ്ങളിലേക്ക് നവംബര്‍ ഏഴിനാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇതില്‍ കണ്ണൂര്‍, എറണാകുളം എന്നിവ സി.പി.ഐ.എം മണ്ഡലമാണ്. ആലപ്പുഴ സി.പി.ഐയുടെ കൈവശമാണുള്ളത്.

ലോകസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടിയില്‍ നിന്ന് മുഖം രക്ഷിക്കാനുള്ള മാര്‍ഗമായാണ് സി.പി.ഐ.എം ഉപതിരഞ്ഞെടുപ്പിനെ കാണുന്നത്. ലോകസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലുണ്ടായ അപാകതകളും മറ്റ് പ്രശ്‌നങ്ങളും പരമാവധി പരിഹരിച്ചുകൊണ്ടുള്ള തീരുമാനമായിരിക്കും സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ പാര്‍്ട്ടി കൈക്കൊള്ളുകയെന്നാണ് സൂചന.