ന്യൂദല്‍ഹി: എന്‍ജിനീയര്‍മാരുടെയും ഒരു വിഭാഗം പൈലറ്റുമാരുടെയും പണിമുടക്കിനെ തുടര്‍ന്ന് സര്‍വീസുകള്‍ മുടങ്ങിയ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന് സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

Ads By Google

ലൈസന്‍സ് റദ്ദാക്കുകയോ സസ്‌പെന്‍ഡ് ചെയ്യുകയോ ചെയ്യാതിരിക്കണമെങ്കില്‍ കാരണം ബോധിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ടാണ് നോട്ടീസ്. 1937 ലെ എയര്‍ക്രാഫ്റ്റ് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്.

ഇന്നലെയാണ് സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ അരുണ്‍ മിശ്ര കമ്പനിക്ക് നോട്ടീസ് നല്‍കിയത്. സുരക്ഷിതവും പ്രായോഗികവുമായ സര്‍വീസ് നല്‍കുന്നതില്‍ കമ്പനി വീഴ്ച വരുത്തിയതായി വ്യോമയാന ഡയരക്ടര്‍ ജനറല്‍ ആരോപിച്ചു.

കഴിഞ്ഞ 10 മാസത്തെ കമ്പനിയുടെ പ്രവര്‍ത്തനം കണക്കിലെടുത്താണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. 15 ദിവസങ്ങള്‍ക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.