എഡിറ്റര്‍
എഡിറ്റര്‍
ഷുക്കൂര്‍ വധം: ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പി. ജയരാജനും ടി.വി രാജേഷിനും നോട്ടീസ്
എഡിറ്റര്‍
Monday 11th June 2012 12:40am

കണ്ണൂര്‍: എം.എസ്.എഫ് പ്രവര്‍ത്തകന്‍ പട്ടുവം അരിയിലിലെ അബ്ദുല്‍ ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന്‌ ഹാജരാകാന്‍ ടി.വി. രാജേഷ് എം.എല്‍.എക്കും സി.പി. എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനും പൊലീസ് നോട്ടീസ്. പി. ജയരാജനോട് ജൂണ്‍ 12നും ടി.വി. രാജേഷിനോട് 17നും കണ്ണൂര്‍ ഗെസ്റ്റ്ഹൗസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുമ്പാകെ ഹാജരാകാനാണ് നോട്ടീസ് നല്‍കിയത്.

വളപട്ടണം പൊലീസ് സി.പി.ഐ.എം ജില്ലാ കമ്മറ്റി ഓഫിസിലെത്തിയാണ് നോട്ടീസ് കൈമാറിയത്. രാജേഷ് ഇന്നലെ സ്ഥലത്തില്ലാതിരുന്നതിനാല്‍ നോട്ടീസ് നേരിട്ട് നല്‍കാനായില്ലെന്ന് അന്വേഷണോദ്യോഗസ്ഥന്‍ പറഞ്ഞു. നിയമസഭാ സമ്മേളനത്തിനു തിരുവനന്തപുരത്തേക്കു തിരിച്ച എം.എല്‍.എക്കു നോട്ടീസ് തലസ്ഥാനത്ത് എത്തിച്ചുകൊടുക്കാനാണ് തീരുമാനം.

അതേസമയം, ചോദ്യം ചെയ്യുന്നത് അഭിഭാഷകന്റെ സാന്നിധ്യത്തിലാക്കണമെന്നാവശ്യപ്പെട്ടു ജയരാജന്‍ കത്തു നല്‍കി. ഷുക്കൂര്‍ വധവുമായി നേരിട്ടു ബന്ധമുള്ളതായി തെളിവില്ലെങ്കിലും തിരിച്ചടി ആസൂത്രണം ചെയ്തതില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്ന അറസ്റ്റിലായ സി.പി.ഐ. അരിയില്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി യു.വി. വേണുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.

ഷൂക്കൂര്‍ വധവുമായി ബന്ധപ്പെട്ട് ആദ്യമായാണ് സി.പി.ഐ.എമ്മിന്റെ മുതിര്‍ന്ന നേതാക്കളെ ചോദ്യം ചെയ്യാന്‍ പോലീസ് തയ്യാറാവുന്നത്. കേസില്‍ 25 പ്രതികളെ അറസ്റ്റുചെയ്‌തെങ്കിലും ജയരാജനെയും രാജേഷിനെയും ചോദ്യം ചെയ്യാനോ, പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താനോ പോലീസ് തയ്യാറായിരുന്നില്ല. തെളിവുകള്‍ ശേഖരിച്ച ശേഷം ഇവര്‍ക്കെതിരെ  നടപടിയെ മതിയെന്നായിരുന്നു പോലീസ് പോലീസിന് ലഭിച്ച നിര്‍ദേശം.

ഫെബ്രുവരി 20നു പി. ജയരാജനും ടി.വി. രാജേഷും സഞ്ചരിച്ച വാഹനത്തിനു നേരെ പട്ടുവത്തു കല്ലേറുണ്ടായി മണിക്കൂറുകള്‍ക്കകമാണു സമീപഗ്രാമമായ ചെറുകുന്ന് കീഴറയില്‍ എം.എസ്.എഫ് തളിപ്പറമ്പ് മണ്ഡലം ട്രഷറര്‍ അബ്ദുല്‍ഷുക്കൂറിനെ ഒരു സംഘം തടഞ്ഞുവച്ചു വെട്ടിക്കൊലപ്പെടുത്തിയത്.

ജയരാജനെ കയ്യേറ്റംചെയ്തതിനു തിരിച്ചടിയായി പാര്‍ട്ടി പ്രാദേശിക ഭാരവാഹികളുടെ അറിവോടെയാണു കൊല നടത്തിയതെന്നു പൊലീസ് കണ്ടെത്തിയിരുന്നു. കൃത്യത്തില്‍ നേരിട്ടു പങ്കെടുത്തവരടക്കം 25 സി.പി.ഐ.എം പ്രവര്‍ത്തകരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്നതിന്റെ ഭാഗമായാണു ജയരാജനെയും രാജേഷിനെയും ചോദ്യംചെയ്യുന്നത്.

എംഎല്‍എയെ ചോദ്യംചെയ്യുന്ന കാര്യം സ്പീക്കറെ ഇ-മെയില്‍ വഴി അറിയിച്ചിട്ടുണ്ട്. കല്ലേറിനെ തുടര്‍ന്നു ജയരാജനും രാജേഷും തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ചികില്‍സയ്‌ക്കെത്തിയിരുന്നു. ആശുപത്രി മുറിയില്‍നിന്നാണു ബ്രാഞ്ച് സെക്രട്ടറിയെ ഫോണില്‍ വിളിച്ചു തിരിച്ചടി ആസൂത്രണം ചെയ്തതെന്ന് അറസ്റ്റിലായ ലോക്കല്‍ സെക്രട്ടറി വേണു മൊഴിനല്‍കിയിട്ടുണ്ട്.

Advertisement