പാലക്കാട്: മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനി സെക്രട്ടറി വി ശശീന്ദ്രന്റെ ദുരൂഹമരണം അന്വേഷിക്കുന്ന സി.ബി.ഐ പേഴ്‌സണല്‍ മാനേജര്‍ക്ക് നോട്ടീസ് അയച്ചു. കമ്പനിയിലെ അഴിമതിയുമായി ബന്ധപ്പെട്ട് നടക്കുന്ന വിജിലന്‍സ് കേസുകളുടെ രേഖകളും കമ്പനിയില്‍ നിന്ന് ശശീന്ദ്രന്‍ രാജിവെക്കുന്നതുമായി ബന്ധപ്പെട്ട രേഖകളും ഹാജരാക്കണമെന്ന് നോട്ടീസില്‍ പറയുന്നു. ഒരാഴ്ചക്കുള്ളില്‍ മറുപടി നല്‍കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്.

കേസില്‍ സി.ബി.ഐ നേരത്തെ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചിരുന്നു. മലബാര്‍ സിമന്റ്‌സ് എം.ഡി സുന്ദരമൂര്‍ത്തിയെ ഒന്നാം പ്രതിയാക്കിയും പേഴ്‌സണല്‍ സെക്രട്ടറി പി സൂര്യനാരായണന്‍ രണ്ടാംപ്രതിയായും വിവാദ വ്യവസായി വി.എം രാധാകൃഷ്ണന്‍ മൂന്നാം പ്രതിയുമായാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. അസ്വാഭാവിക മരണം എന്നാണ് സി.ബി.ഐ മരണത്തെക്കുറിച്ച് എഫ്.ഐ.ആറില്‍ പറയുന്നത്.

Subscribe Us:

വി. ശശീന്ദ്രനും മക്കളും ജനവരി 24നാണ് പുതുശ്ശേരിയിലെ വീട്ടില്‍ തൂങ്ങിയനിലയില്‍ കാണപ്പെട്ടത്. സംഭവത്തില്‍ പോലീസിന്റെ പ്രത്യേകസംഘം അന്വേഷണം നടത്തിയെങ്കിലും കൊലപാതകമാണോ ആത്മഹത്യയാണോയെന്ന് തെളിയിക്കാനായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് ശശീന്ദ്രന്റെ ഭാര്യ ടീനയും അച്ഛനും ഹൈക്കോടതിയില്‍ ഹരജിയുമായെത്തിയത്. കോടതിയാണ് സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിട്ടത്.