മുംബൈ: ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന്റെ ഫ് ളാറ്റും ഓഫീസും കണ്ടുകെട്ടാന്‍ ഹൈക്കോടതി നോട്ടീസ്. സംവിധായകനും നിര്‍മാതാവുമായ ഷക്കീല്‍ നൂറാനിയുടെ പരാതിയെ തുടര്‍ന്നാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

‘ജാന്‍ കി ബാസി’ എന്ന സിനിമയുടെ കരാര്‍ ഒപ്പിട്ടശേഷം ദത്ത് പാതിവഴിയില്‍ നിന്നു പിന്‍മാറിയതിനെതിരെയാണ് ഷക്കീല്‍ നൂറാനി പരാതി നല്‍കിയത്. ദത്ത് പിന്‍മാറിയത് വഴി തനിക്ക് 2.03 കോടിരൂപയുടെ നഷ്ടമുണ്ടായെന്നും അതിനാല്‍ ദത്ത് തനിക്ക് നഷ്ടപരിഹാരം നല്‍കണമെന്നുമാവശ്യപ്പെട്ടാണ് നൂറാനി ഹൈക്കോടതിയെ സമീപിച്ചത്.

മുപ്പതു ദിവസത്തെ നോട്ടീസാണ് കോടതി ദത്തിനു നല്‍കിയിട്ടുള്ളത്. മുംബൈയിലെ ബാന്ദ്രയില്‍ പാലി ഹില്ലില്‍ ഇംപീരിയല്‍ ഹൈറ്റ്‌സിലെ ഫ് ളാറ്റിനു മുന്നില്‍ ഈ നോട്ടീസ് പതിച്ചിട്ടുണ്ട്.

സഞ്ജയ് ദത്ത് പ്രോഡക്ഷന്‍സ് മേഫെയര്‍ മെലഡിയുടെ ഓഫീസില്‍ ബുധനാഴ്ച നോട്ടീസ് പതിക്കും. തല്‍ക്കാലം ദത്ത് വീട് വിട്ട് പോകേണ്ടി വരില്ല. എന്നാല്‍ മുപ്പതുദിവസത്തിനുള്ളില്‍ നഷ്ടപരിഹാരതുക അടയ്ക്കുകയോ, നോട്ടീസിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുകയോ ചെയ്തില്ലെങ്കില്‍ വീട് ഒഴിഞ്ഞുകൊടുക്കേണ്ടിവരും.