സല്‍മാന്റെ പുതിയ ചിത്രം ‘റെഡി’ക്ക് കോടതിയുടെ നോട്ടീസ്. അലഹബാദ് ഹൈക്കോടതിയാണ് ചിത്രത്തിന്റെ സംവിധായകനായ അനീസ് ബിസ്മിക്കും നായകന്‍ സല്‍മാന്‍ ഖാനും സെന്‍സര്‍ ബോര്‍ഡിനും നോട്ടീസ് നല്‍കിയിരിക്കുന്നത്.

ചിത്രത്തിലെ ക്യാരക്ടര്‍ ധീലാ… എന്ന ഗാനമാണ് പ്രശ്‌നം. ഈ ഗാനത്തിന്റെ വരികള്‍ സംസ്‌കാരത്തിനു നിരക്കുന്നതല്ലെന്ന് കാണിച്ചുള്ള പൊതുതാല്‍പര്യ ഹരജിയുലാണ് കോടതി തീരുമാനം. ജസ്റ്റിസ് ദേവീപ്രസാദ് സിംഗ്, ജസ്റ്റിസ് രാജീവ് ശര്‍മ്മ എന്നിവരടങ്ങുന്ന ബഞ്ചാണ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്നാണ് പരാതിക്കാരുടെ ആവശ്യം. ഹിന്ദു പേഴ്‌സണല്‍ ലോ ബോര്‍ഡ് ചെയര്‍മാന്‍ അശോക് പാണ്ഡെ, ജനറല്‍ സെക്രട്ടറി വിനോദ് ശങ്കര്‍ മിശ്ര എന്നിവരാണ് പരാതി നല്‍കിയിരിക്കുന്നത്. ഈ ഗാനം സാമാന്യമര്യാദയ്ക്ക് നിരക്കുന്നതല്ലെന്നാണ് ഇവര്‍ പറയുന്നത്.

സല്‍മാന്‍ അസിന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച റെഡി ജൂണ്‍ 3നാണ് റീലീസ് ചെയ്തത്. ചിത്രം ഇതിനകം തന്നെ ഏറെ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു.