കൊല്‍ക്കത്ത: മാവോവാദി നേതാവായ ആസാദിനെക്കുറിച്ച് തൃണമുല്‍ നേതാവും കേന്ദ്ര റെയില്‍വേ മന്ത്രിയുമായ മമതാ ബാനര്‍ജിയുടെ പ്രസ്താവനയില്‍ തെറ്റൊന്നുമില്ലെന്ന് കേന്ദ്ര ധനമന്ത്രി പ്രണാബ് മുഖര്‍ജി.
ചെറാകുറി രാജ്കുമാര്‍ എന്ന ആസാദിനെ കൊന്നത് ശരിയായില്ലെന്നാണ് ഒരു പൊതു വേദിയില്‍ സംസാരിക്കവേ മമതാ ബാനര്‍ജി പറഞ്ഞത്. എന്നാല്‍ യു പി എ സര്‍ക്കാരിന്റെ ഭാഗമായിരിക്കെ മമതയുടെ പ്രസ്താവനയെ സാധൂകരിക്കന്‍ സാധിക്കുമോയെന്ന ചോദ്യത്തിനാണ് പ്രണബ് മുഖര്‍ജിയുടെ മറുപടി.

പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും, മമതാബാനര്‍ജിയും ഇക്കാര്യത്തില്‍ ദീര്‍ഘനേരം ചര്‍ച്ചനടത്തിയതാണ്. തന്റെ ഭാഗം അവര്‍ ചര്‍ച്ചയില്‍ വ്യക്തമാക്കിയതുമാണ്.
മാവോവാദികളുമായി ചര്‍ച്ചയ്ക്ക് കളമൊരുക്കവേയാണ് ആസാദ് കൊല്ലപ്പെട്ടതെന്നുണ്ടെങ്കില്‍ അത് വിശദീകരിക്കണമെന്നാണ് മമത ബാനര്‍ജി പറഞ്ഞതെന്നും മുഖര്‍ജി വ്യക്തമാക്കി.

ആസാദിന്റെ കൊലപാതകത്തെ സംബന്ധിച്ച് ആന്ധ്ര സര്‍ക്കാരും പോലിസും തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കിയ സ്ഥിതിക്ക് ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഓഗസ്റ്റ് 9ന് ലാല്‍ഗഡ് റാലിയിലാണ് മമത ബാനര്‍ജി ആസാദിനെകുറിച്ചുള്ള പ്രസ്തവന നടത്തിയത്. അത് ഒട്ടേറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ജൂലൈ 2നാണ് ആസാദിനെ ഏറ്റുമുട്ടലില്‍ ആന്ധ്രാപ്രദേശ് പോലിസ് കൊലപ്പെടുത്തിയത്.