എഡിറ്റര്‍
എഡിറ്റര്‍
ഐ.പി.എല്‍: ബംഗാള്‍ ഗവണ്‍മെന്റ് ചടങ്ങ് നടത്തിയതില്‍ തെറ്റൊന്നുമില്ലെന്ന് ഷാരൂഖ്
എഡിറ്റര്‍
Wednesday 30th May 2012 11:13am

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ലീഗ് കിരീടം നേടി നാട്ടില്‍ തിരിച്ചെത്തിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിന് വേണ്ടി ബംഗാള്‍ ഗവണ്‍മെന്റ് അനുമോദന ചടങ്ങ് നടത്തിയതില്‍ തെറ്റൊന്നുമില്ലെന്ന് ടീം ഉടമയും ബോളിവുഡ് താരവുമായ ഷാരൂഖ് ഖാന്‍.

സംസ്ഥാന സര്‍ക്കാരും കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പറേഷനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ചടങ്ങില്‍ ഗവണ്‍മെന്റിന്റെ ഗവര്‍ണര്‍ എം.കെ നാരായണനും പങ്കെടുത്തിരുന്നു.

വിപുലമായ ചടങ്ങായിരുന്നു ടീമിനായി ഒരുക്കിയിരുന്നത്. ക്ലബ് ടീമിലെ ഓരോ അംഗങ്ങള്‍ക്ക് സ്വര്‍ണ ലോക്കറ്റുകളാണ് സംസ്ഥാന സര്‍ക്കാര്‍ സമ്മാനിച്ചത്. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ വക ടീമിലെ 17 താരങ്ങള്‍ക്കും 10 ഗ്രാമിന്റെ സ്വര്‍ണമാലയും നല്‍കി.

എന്നാല്‍ സര്‍ക്കാര്‍ ഇത്രയേറെ പണം അനുമോദനച്ചടങ്ങിനായി ചെലവഴിച്ചതില്‍ രൂക്ഷമായ വിമര്‍ശനം വന്നിരുന്നു. ഇതിനെതിരെ കിങ് ഖാന്‍ പ്രതികരിക്കുകയും ചെയ്തു. ‘ഇത് സന്തോഷകരമായ ഒരു ചടങ്ങാണ്. ആ സന്തോഷം പങ്കുവെയ്ക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള സമ്മാനങ്ങള്‍ നല്‍കുന്നത്. അതിനെ വിമര്‍ശിക്കേണ്ടതില്ല.

ഈയൊരു സന്ദര്‍ഭത്തിനായി ഞങ്ങളെല്ലാവരും ദീര്‍ഘനാളായി കാത്തിരിക്കുകയായിരുന്നു. സമ്മാനം നല്‍കിയതിനെ രാഷ്ട്രീയവല്‍ക്കരിക്കേണ്ട കാര്യമില്ല. ഇത് നാടിന്റെ സന്തോഷമാണ്.ജനങ്ങളുടെ സന്തോഷമാണ്. ഒരു കുടുംബമെന്നോണമാണ് ഐ.പി.എല്ലില്‍ ഞങ്ങള്‍ എല്ലാവരും കഴിഞ്ഞിരുന്നത്.

ഞങ്ങളെല്ലാവരും വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരാണ്. അതില്‍ തന്നെ ഗുജറാത്തില്‍ നിന്നും മുംബൈയില്‍ നിന്നും ദല്‍ഹിയില്‍ നിന്നും വന്നവരുണ്ട്. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ക്കെല്ലാവരും കൊല്‍ക്കത്തക്കാരാണ്.

ടീം സ്‌റ്റേഡിയത്തിലെത്തും മുന്‍പേ ഗാലറികള്‍ ആരാധകരെക്കൊണ്ടു തിങ്ങിനിറഞ്ഞിരുന്നു. 67000പേരെ മാത്രം കടത്തിവിടാന്‍ പറ്റുന്ന തെരുവില്‍ ലക്ഷക്കണക്കിന് ആളുകളാണ് വന്നത്.  ഇടംകിട്ടാതെ പോയവര്‍ സുരക്ഷാവലയങ്ങള്‍ ഭേദിച്ചു സ്‌റ്റേഡിയത്തില്‍ കടക്കാന്‍ ശ്രമിച്ചതു ലാത്തിച്ചാര്‍ജിലാണു കലാശിച്ചത്.

ഷാറുഖ് ഖാന്റെ സിനിമയിലെ ഹിറ്റ് ഗാനങ്ങള്‍ക്കൊപ്പം ആരാധകരും ചുവടുവച്ചതോടെ ആഘോഷം പാരമ്യത്തിലെത്തി. ഒരു മണിക്കൂറോളം സ്‌റ്റേഡിയത്തിലെ ചടങ്ങുകള്‍ നീണ്ടുനിന്നു. ചടങ്ങുകള്‍ക്ക് ശേഷമായിരുന്നു ഈഡന്‍ ഗാര്‍ഡന്‍സിലേക്കുള്ള യാത്ര.

Advertisement