എഡിറ്റര്‍
എഡിറ്റര്‍
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: ഒരു വീട് പോലും ഒഴിപ്പിക്കില്ലെന്ന് ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രി
എഡിറ്റര്‍
Saturday 16th November 2013 9:52am

oommen-chandi

കോഴിക്കോട്: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

റിപ്പോര്‍ട്ട് ധൃതിപ്പെട്ട് നടപ്പിലാക്കില്ലെന്നും മുഖ്യമന്ത്രി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായി ഒരു വീട് പോലും ഒഴിപ്പിക്കില്ലെന്നും കൃഷിക്ക് തടസ്സമാവില്ലെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു.

റിപ്പോര്‍ട്ട് സംബന്ധിച്ച് സംസ്ഥാനം നടത്തുന്ന പഠനം ഇനിയും തുടരും. ജനങ്ങളുടെ താത്പര്യമനുസരിച്ചുള്ള പരിസ്ഥിതി സംരക്ഷണമാണ് ലക്ഷ്യമിടുന്നത്.

ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ച് കൊണ്ടുള്ള പഠന റിപ്പോര്‍ട്ട് വൈകാതെ കേന്ദ്രത്തിന് സമര്‍പ്പിക്കും- ഉമ്മന്‍ചാണ്ടി പറഞ്ഞു.

കോഴിക്കോട് ജനസമ്പര്‍ക്ക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടിലാണ് പരിപാടി. നേരത്തേ അറിയിച്ചിരുന്ന സമയത്ത് തന്നെ പരാതി സ്വീകരിക്കല്‍ ആരംഭിച്ചു. 8:45ന് ആരംഭിച്ച പരിപാടിയില്‍ ഇപ്പോള്‍ തന്നെ 10,065 പരാതികളാണ് ലഭിച്ചത്. അതില്‍ 8,000ത്തോളം പരാതികളില്‍ തീരുമാനമായിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

നേരത്തേ നിശ്ചയിച്ച പ്രകാരം ഉച്ച വരെ പരാതികള്‍ സ്വീകരിക്കും. ഉച്ചക്ക് ശേഷം മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി സമര്‍പ്പിക്കാനും സംസാരിക്കാനുമുള്ള അസരമുണ്ടാവും.

അതേ സമയം കരിങ്കൊടിയുമായി കറുത്ത വസ്ത്രവുമണിഞ്ഞ് എല്‍.ഡി എഫ് പ്രവര്‍ത്തകര്‍ കോഴിക്കോട്ടെ പ്രധാന വീഥികളില്‍ അണി നിരന്നിട്ടുണ്ട്. 2,000ത്തോളം പോലീസുകാരെയാണ് സുരക്ഷക്കായി വിന്യസിച്ചിരിക്കുന്നത്.

മന്ത്രിമാരായ ഡോ.എം.കെ. മുനീര്‍, ടൂറിസം പട്ടികജാതി ക്ഷേമ മന്ത്രി എ.പി. അനില്‍കുമാര്‍, വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ്, എംപിമാരായ എം.കെ. രാഘവന്‍, എം.ഐ. ഷാനവാസ്, എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.

Advertisement