സി. ലതീഷ്‌കുമാര്‍

പ്രണയം ഒരു സത്യമാണ്. മനുഷ്യനിലും ഇതര ജീവികളിലുമുള്ള സഹജമായ ഒരു വികാരം. അതു നഷ്ടപ്പെടുമ്പോഴാണ് മനസ്സ് വരണ്ട് പോകുന്നത്, ഭൂമി വരണ്ട് പോകുന്നത്. ഇത് ഒരുതരം കാല്‍പനികതയാണ്.

Subscribe Us:

കാല്‍പനികതയില്‍ നിന്നാണ് ലോകത്തിന്റെ എല്ലാ സൗന്ദര്യവും സൗകര്യവും ഉണ്ടായിരിക്കുന്നത്. പൂക്കളും വസന്തവും കുഞ്ഞുങ്ങളും സ്വപ്‌നങ്ങളും ഓര്‍മ്മകളും സങ്കടങ്ങളുമെല്ലാം ഇതിന്റെ ഭാഗം തന്നെ. ഒരാളുടെ ആന്തരികമായ ഫഌവറിങ് എപ്പോഴും കാല്‍പനികതയുടെ ഉന്മാദത്തില്‍ നിന്ന് ഉടലെടുക്കുന്നതാണ്. ഇത് നമ്മുടെ വീക്ഷണ കോണില്‍ ഒരേ സമയം ശരിയും തെറ്റുമുണ്ടാക്കുന്ന വിഷയാസക്തിയാണ്. പക്ഷെ, ഈ സത്യത്തിലൂടെ സഞ്ചരിക്കാത്ത ഒരു മനുഷ്യ ജന്മമോ ജീവി വര്‍ഗമോ ഭൂമുഖത്തില്ല.

കാല്പനികത ഒരു ആത്മീയതയാണ്. എന്നാല്‍ അവ മനുഷ്യന്റെ അതി സങ്കീര്‍ണമായ ബോധതലത്തില്‍ നിന്ന് ഉദ്ബുദ്ധമാകുന്ന ഒരു ഭൗതികതയും കൂടിയാണ്. ആന്തരികമായും വൈകാരികമായും അത് അനുഭവിച്ച ഒരു സുഹൃത്തിന്റെ ഡയരിക്കുറുപ്പില്‍ നിന്നുള്ള ചില കവിതകള്‍ പരിചയപ്പെടുത്തുന്നു.

പ്രണയം

പ്രണയി

ഒരു ബലിമൃഗമാണ്.
മരണം വിധിക്കപ്പെടുന്നത്
എപ്പോഴെന്നറിയാത്ത മൃഗം.
അറവുകാരന്‍ അവയുടെ
തൊണ്ടനനയ്ക്കുന്നു.
എങ്കിലും
അയാള്‍ക്ക്
അവയെ
കൊല്ലാതിരിക്കാനാവില്ല.
ഒരിറ്റ് വെള്ളം കുടിച്ച്,
കൂടുതല്‍ ദാഹിച്ച്
ഈ ജീവി മരിക്കുന്നു.
മരണത്തില്‍
അയാള്‍
സഹതാപമര്‍ഹിക്കുന്നു.
ജീവിതത്തില്‍
അയാള്‍ നിന്ദിക്കപ്പെടുന്നു.