എഡിറ്റര്‍
എഡിറ്റര്‍
പ്രശസ്ത എഴുത്തുകാരന്‍ ഖുശ്‌വന്ത് സിങ് അന്തരിച്ചു
എഡിറ്റര്‍
Thursday 20th March 2014 12:22pm

khushwanth-singh.580

ന്യൂദല്‍ഹി: പ്രശസ്ത എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ഖുശ്‌വന്ത് സിങ് അന്തരിച്ചു. 99 വയസായിരുന്നു. നോവലിസ്റ്റ്, പത്രപ്രവര്‍ത്തകന്‍, പത്രാധിപര്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു അദ്ദേഹം. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ദല്‍ഹിയില്‍ വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകീട്ട് ലോധി ശ്മശാനത്തില്‍ വെച്ച് നടക്കും.

പത്മവിഭൂഷണ്‍ അടക്കം വിവധ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ട്രെയിന്‍ ടു പാകിസ്ഥാന്‍, ദ മാര്‍ക്ക് ഓഫ് വിഷ്ണു ആന്‍ഡ് അതര്‍ സ്റ്റോറീസ്, ദ  ഹിസ്റ്ററി ഓഫ് സിഖ്, ദ കമ്പനി ഓഫ് വിമന്‍, ബ്ലാക്ക് ജാസ്മിന്‍, എന്നിവ അദ്ദേഹത്തിന്റെ കൃതികളാണ്.

ദ ഗുഡ്, ദ ബാഡ് ആന്‍ഡ് ദ റിഡിക്യുലസാണ് അദ്ദേഹത്തിന്റെ അവസാനത്തെ പുസ്തകം. ട്രൂത്ത്, ലവ്, ആന്‍ഡ് എ ലിറ്റില്‍ മലൈസാണ് അദ്ദേഹത്തിന്റെ അത്മകഥ.

1980 മുതല്‍ 1986 വരെ അദ്ദേഹം രാജ്യസഭാംഗമായിരുന്നു.  1974 ല്‍ അദ്ദേഹത്തിന് പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചെങ്കിലും അമൃത്‌സറിലെ സുവര്‍ണ്ണക്ഷേത്രത്തിലെ സൈനിക നടപടികളില്‍ പ്രതിഷേധിച്ച് 1984ല്‍ അദ്ദേഹം പുരസ്‌കാരം തിരികെ നല്‍കി. എന്നാല്‍ 2007 ല്‍ അദ്ദേഹത്തിന് പത്മവിഭൂഷണന്‍ നല്‍കി രാജ്യം ആദരിച്ചു.

സമ്പൂര്‍ണ്ണമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേഹത്തിന് അസുഖമൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ഈയടുത്ത് ശ്വാസകോശ സംബന്ധമായ ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു- ഖുശ്‌വന്ത് സിങിന്റെ പുത്രന്‍ രാഹുല്‍ സിങ് പറഞ്ഞു.

മക്കളായ രാഹുലിനും മാലയ്ക്കുമൊപ്പമായിരുന്നു ഖുശ്‌വന്ത് സിങ് താമസിച്ചിരുന്നത്.

പഞ്ചാബിലെ സമ്പന്നമായ ഒരു സിഖ് കുടുംബത്തില്‍ 1915 ഫിബ്രവരി 2നാണ് ഖുശ്‌വന്ത് സിങ് ജനിച്ചത്. എല്‍.എല്‍.ബി പരീക്ഷ ജയിച്ചശേഷം ഇംഗ്ലണ്ടില്‍ പോയി ബാരിസ്റ്റര്‍ ബിരുദം നേടിയ അദ്ദേഹം ലാഹോര്‍ ഹൈക്കോടതിയില്‍ ഏതാനും വര്‍ഷം പ്രാക്ടീസ് ചെയ്തു. പിന്നീട് ഇന്ത്യന്‍ വിദേശകാര്യ വകുപ്പില്‍ പബ്ലിക് റിലേഷന്‍സ് ഓഫിസറായി.

യോജന എന്ന മാഗസിന്റെ സ്ഥാപക എഡിറ്ററായും ഇല്ലസ്‌ട്രേറ്റ് വീക്കിലി ഓഫ് ഇന്ത്യ, നാഷണല്‍ ഹെറാല്‍ഡ്, ഹിന്ദുസ്ഥാന്‍ ടൈംസ് എന്നീ പത്രങ്ങങ്ങളില്‍ എഡിറ്ററായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

 

Advertisement