എഡിറ്റര്‍
എഡിറ്റര്‍
മന്ദ്‌സോറിലെ കര്‍ഷക കലാപത്തിനും കര്‍ഷകരുടെ മരണത്തിനും വിത്തു പാകിയത് മോദി സര്‍ക്കാരിന്റെ നോട്ടു നിരോധനമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട്
എഡിറ്റര്‍
Monday 12th June 2017 6:42pm

ഭോപ്പാല്‍: നാലുനാള്‍ പ്രക്ഷോഭങ്ങള്‍ക്കും അരക്ഷിതാവസ്ഥയ്ക്കും മധ്യപ്രദേശില്‍ അയവ് വന്നിരിക്കുകയാണ്. നാലുനാള്‍ പിന്നിടുമ്പോള്‍ സ്വന്തം മക്കളുടെ വേര്‍പാടില്‍ കഴിയുന്ന കര്‍ഷക കുടുംബങ്ങള്‍ക്കും തങ്ങളുടെ സ്ഥാപനങ്ങള്‍ കത്തിയെരിയുന്നതിന് സാക്ഷികളായ കച്ചവടക്കാര്‍ക്കും തങ്ങളുടെ ദുര്‍ഗ്ഗതിയ്ക്ക് ഹേതുവായി ചൂണ്ടിക്കാണിക്കാന്‍ ഒന്നു മാത്രം, നോട്ട് നിരോധനം.

മധ്യപ്രദേശിനെ പിടിച്ചുലച്ച കലാപത്തിന് വിത്തു പാകിയത് മോദി സര്‍ക്കാരിന്റെ നോട്ടു നിരോധനമെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘ നോട്ട് നിരോധനമാണ് കര്‍ഷകര്‍ക്കും കച്ചവടക്കാര്‍ക്കുമിടയിലെ വിശ്വാസത്തെ തകര്‍ത്തത്. നോട്ട് നിരോധനം മാര്‍ക്കറ്റിനെ ശിതിലമാക്കി കളഞ്ഞു.’ സോയാബീന്‍ കച്ചവടക്കാരനായ സുനില്‍ ഘട്ടിയയുടെ വാക്കുകളാണ്. മാന്ദ്‌സോറിലെ പീപ്പിലിയ മാന്‍ഡിയിലാണ് സുനിലിന്റെ കട സ്ഥിതി ചെയ്യുന്നത്.

പൊലീസ് വെടിവെപ്പില്‍ തന്റെ മകനെ നഷ്ടപ്പെട്ട കര്‍ഷകനായ ദിനേശ് പട്ടിഥാര്‍ക്ക് പറയാനുള്ളത് കര്‍ഷകരെ കച്ചവടക്കാര്‍ വഞ്ചിച്ചുവെന്നാണ്. പണം കര്‍ഷകര്‍ക്ക് എത്ര മാത്രം അവശ്യമായിരുന്നുവെന്നും എന്നും അദ്ദേഹം പറയുന്നു.

നവംബര്‍ എട്ടിന്റെ നോട്ട് നിരോധനം രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ തളര്‍ത്തിയെന്ന് സാമ്പത്തിക വിദഗ്ധരും തെളിവുകളും സാക്ഷ്യം പറയുമ്പോഴും മോദി സര്‍ക്കാര്‍ സാമ്പത്തിക വളര്‍ച്ചയുണ്ടായെന്നു പറയുന്നു. ആ സാഹചര്യത്തിലാണ് കര്‍ഷകര്‍ തങ്ങളുടെ വസ്തുവിന് പ്രതിഫലം പോലും കിട്ടാതെ യാതന അനുഭവിക്കുന്നതെന്നും ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.


Also Read: ബാധയൊഴിപ്പിക്കല്‍ ചടങ്ങില്‍ പങ്കെടുത്ത് ഗുജറാത്ത് മന്ത്രിമാര്‍; സംഭവം വിവാദമായപ്പോള്‍ അദൃശ്യ ശക്തികളെ ആരാധിക്കുകയായിരുന്നെന്ന് വിശദീകരണം; വീഡിയോ


സാമ്പത്തിക വളര്‍ച്ചയെന്ന പൊള്ളവാദത്തിന്റെ തെളിവുകള്‍ മന്ദ്‌സോറില്‍ നോക്കിയാല്‍ കാണാം. അഞ്ച് കര്‍ഷകരുടെ മരണം, വിളകള്‍ നശിപ്പിക്കപ്പെട്ടു, പാടങ്ങളും പണിയായുധങ്ങളും എല്ലാം അഗ്നിയ്ക്ക് ഇരയായി. ഇതെല്ലമാണ് പാളിപ്പോയ സാമ്പത്തിക നയത്തിന്റെ ശേഷിപ്പുകളായി അവിടെയുള്ളത്.

ഗ്രാമീണ സാമ്പത്തിക വ്യവസ്ഥയെ നോട്ട് നിരോധനം തെല്ലൊന്നുമല്ല പിടിച്ചുച്ചത്. ലാന്റ് മാര്‍ക്കറ്റ്, കൊടുക്കല്‍ വാങ്ങലുകള്‍, സമ്പാദ്യം, വിത്തുകളുടെ വില, കൂലി തുടങ്ങി എല്ലാ മേഖലകളേയും നോട്ട് നിരോധനം സാരമായി തന്നെ ബാധിച്ചിട്ടുണ്ട്.

‘കര്‍ഷകന്‍ തന്റെ ഉത്പന്നം വില്‍ക്കുന്നത് അവന് പണത്തിന് ആവശ്യം വരുമ്പോഴാണ്. മകളുടെ കല്യാണം, ശവമടക്ക്, കടം തിരിച്ചടക്കല്‍ അങ്ങനെ എന്തുമാകാം ആ ആവശ്യം. എന്നാല്‍ നോട്ട് നിരോധനത്തോടെ സര്‍ക്കാര്‍ തന്നെ നടത്തുന്ന മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ പോലും പണം നല്‍കുന്നതിന് പകരം ചെക്കാണ് തരുന്നത്.’ കര്‍ഷകനായ മന്ദന്‍ ലാല്‍ വിശ്വകര്‍മ്മ പറയുന്നു.

20 ദിവസത്തിലധികമെടുക്കും ചെക്ക് ക്ലിയര്‍ ആകാന്‍. എന്നാല്‍ ബാങ്കിലെത്തിയാല്‍ നല്‍കാന്‍ നോട്ടുണ്ടാകില്ല. അതല്ല പണമായിട്ടു തന്നെ വേണമെങ്കില്‍ കച്ചവടക്കാര്‍ തരും. പക്ഷെ ഓരോ നൂറ് രൂപയ്ക്കും രണ്ട് രൂപ അവര്‍ക്ക് കൊടുക്കണം. പോരാത്തതിന് വിലയും കുറയ്ക്കും. മന്ദന്‍ ലാല്‍ വ്യക്തമാക്കുന്നു.

പണത്തിനു വേണ്ടിയുളള കാത്തിരിപ്പ് ഫലമില്ലാതെയായതോടെയാണ് കര്‍ഷകര്‍ കലാപത്തിലേക്ക് നീങ്ങിയതെന്ന് ലക്ഷ്മി നാരായണ്‍ വിശ്വകര്‍മ്മ അഭിപ്രായപ്പെടുന്നു. വിളവെടുപ്പ് കാലത്ത് തങ്ങളുടെ കടം വീട്ടാനായി കര്‍ഷകര്‍ ഉത്പന്നങ്ങള്‍ വേഗം വില്‍ക്കാന്‍ തയ്യാറാകും. കടം നല്‍കിയ പലിശക്കാര്‍ ഓരോ മാസത്തേക്കും രണ്ട് ശതമാനവും ഓരോ വര്‍ഷത്തേക്കും 24 ശതമാനവുമാണ് പലിശ കൂട്ടുന്നത്. കടം തിരിച്ച് സ്വീകരിക്കുന്നത് പണമായിട്ടാണ്. ചെക്ക് ആരും വാങ്ങില്ല. അങ്ങനെ തിരിച്ചടക്കാന്‍ കഴിയാതെ വരുന്ന ദിനേശ് പട്ടിഥാറിനെ പോലുള്ളവര്‍ക്ക് തങ്ങളുടെ ഭൂമി വില്‍ക്കേണ്ടി വരും.

ഭൂമിയുടെ വിലയാകട്ടെ പകുതിയായി കുറയുകയും ചെയ്തു. അഞ്ച് ലക്ഷമുണ്ടായിരുന്നത് രണ്ടരയായി കുറഞ്ഞ. എന്നാല്‍ നോട്ട് നിരോധനം വന്നതോടെ സ്ഥലം വാങ്ങാന്‍ ആര്‍ക്കും കഴിയാതെ വന്നു. ആരുടേയും കയ്യില്‍ പണമില്ലാത്ത അവസ്ഥ. വില്‍ക്കാന്‍ തയ്യാറായിട്ടും കര്‍ഷകരുടെ ഭൂമി ആര്‍ക്കും വേണ്ടാത്ത അവസ്ഥ.

മറുവശത്ത് കച്ചവടക്കാര്‍ക്കും പറയാനുള്ളത് ഏറെക്കുറെ സമാനമായ കഥയാണ്. ‘കര്‍ഷകര്‍ പണം ചോദിക്കുന്നു. പക്ഷെ സര്‍ക്കാര്‍ ഞങ്ങളുടെ കരങ്ങള്‍ കെട്ടിയിട്ടിരിക്കുകയാണ്. കര്‍ഷകര്‍ ഞങ്ങളവരെ ചതിക്കുകയാണെന്ന് തെറ്റിദ്ധരിച്ചിരിക്കുകയാണ്. ഘട്ടിയ പറയുന്നു.


Don’t Miss: ‘എന്നെ പേടിപ്പിക്കാന്‍ നോക്കണ്ട, അതിന് നിങ്ങളായിട്ടില്ല’; തന്നെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ച ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്റെ വായടപ്പിച്ച് എം.വി നികേഷ് കുമാര്‍


വാങ്ങുന്നത് വിറ്റു തീര്‍ക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. അഗ്രികള്‍ച്ചര്‍ മാര്‍ക്കറ്റില്‍ പണമിറക്കിയിരുന്നത് ചിറ്റ് ഫണ്ടു പോലുള്ള സ്ഥാപനങ്ങളായിരുന്നു. എന്നാല്‍ നോട്ട് നിരോധനത്തോടെ അതു കുറഞ്ഞു. അതോടെ വ്യാപാരികള്‍ വാങ്ങുന്നതും കുറഞ്ഞു. ഉത്പന്നങ്ങള്‍ വാങ്ങാന്‍ കയ്യില്‍ പണമില്ലല്ലോ. ഇതോടെ വില്‍ക്കാതെ കെട്ടികിടക്കുന്ന ഉത്പന്നങ്ങളുടെ അളവ് ക്രമാധീതമായി വര്‍ധിച്ചുവെന്നാണ് ഒരു വ്യാപാരിയ്ക്ക് പറയാനുള്ളത്. ഇതാണ് വിലയിടിവുണ്ടാക്കിയതും.

നോട്ടിന്റെ അപര്യാപ്തത വന്നതോടെ വിളകളുടെ വില കുറയാന്‍ തുടങ്ങിയെന്നത് കര്‍ഷകരും വ്യാപാരികളും ഒരുപോലെ സമ്മതിക്കുന്ന കാര്യമാണ്. ജൂണ്‍ ഒന്നിനും മുമ്പേ അത് ബാധിച്ചു തുടങ്ങിയിരുന്നു. ഇതില്‍ നിന്നും ഉടലെടുത്ത തര്‍ക്കമാണ് കലാപത്തിലേക്കു വരെ കാര്യങ്ങളെ കൊണ്ടു ചെന്നെത്തിച്ചത്.

‘ ഒരു കയ്യില്‍ തീപ്പെട്ടിയും മറു കയ്യില്‍ വെടിമരുന്നും, വേണ്ടത് ഒരു തീപ്പൊരി മാത്രമായിരുന്നു.’ മധ്യപ്രദേശിലെ കര്‍ഷക കലാപത്തെ കുറിച്ച് ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വാക്കുകളാണ്. അതു തന്നെ സാക്ഷ്യമാണ് നോട്ടു നിരോധനം വരുത്തി വച്ച സാമ്പത്തിക അരക്ഷിതാവസ്ഥ എത്ര ഭീകരമാണെന്ന്.

Advertisement