Categories

‘നടന്നത് ക്രിമിനല്‍ കുറ്റം, അന്വേഷണം വേണം’; ‘മംഗള’ത്തിന്റേത് പ്രാകൃതമായ സദാചാര പൊലീസിങ്ങെന്നും സാംസ്‌കാരിക പ്രവര്‍ത്തകര്‍

തിരുവനന്തപുരം: മംഗളം ചാനലിന്റെ ആദ്യവാര്‍ത്തയെ നിശിതമായി വിമര്‍ശിച്ച് എഴുത്തുകാരും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരും രംഗത്ത്. പരാതിക്കാരി അല്ലാതെ മറ്റാരെങ്കിലുമാണ് മുന്‍മന്ത്രിയുടെ ഫോണ്‍ സംഭാഷണം ചോര്‍ത്തിയത് എങ്കില്‍ അത് ക്രിമിനല്‍ കുറ്റമാണെന്നും വിശദമായ അന്വേഷണം വേണമെന്നും ഇവര്‍ പ്രസ്താവനയില്‍ പറഞ്ഞു. പ്രാകൃതമായ സദാചാര പൊലീസ് മനശാസ്ത്രം മാധ്യമങ്ങള്‍ പ്രകടിപ്പിക്കുന്നത് സമൂഹത്തിന് ആപല്‍ക്കരമാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.

മന്ത്രി രാജി വെയ്ക്കുകയും മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തതോടെ മറ്റേത് രാഷ്ട്രീയ വിവാദത്തേയും പോലെ ഇതും കെട്ടടങ്ങാനാണ് സാധ്യത. അങ്ങനെ ഈ പ്രശ്‌നം അവസാനിക്കുന്നത് ആ വാര്‍ത്ത ഉയര്‍ത്തിയ മാധ്യമനൈതികതയുടേയും വ്യക്തിസ്വാതന്ത്ര്യത്തിന്റേയും പ്രശ്‌നങ്ങളോടുള്ള നിരുത്തരവാദപരമായ കണ്ണടയ്ക്കലാകുമെന്ന് കരുതുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.

ഇത്തരമൊരു വാര്‍ത്ത സംപ്രേക്ഷണം ചെയ്തതിലൂടെ പ്രസ്തുത ചാനല്‍ മലയാളിയുടെ പൊതുബോധത്തെ ചോദ്യം ചെയ്തിരിക്കുകയാണ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളടക്കം കാണുന്ന വാര്‍ത്താ മാധ്യമത്തിന്റെ മര്യാദകള്‍ ‘മംഗളം’ പാലിച്ചില്ലെന്ന് മാത്രമല്ല, ഓരോ വാര്‍ത്തയ്ക്കും ഉണ്ടായിരിക്കേണ്ട വസ്തുനിഷ്ഠയും സത്യബോധവും കയ്യൊഴിയുകയും ചെയ്തിരുന്നു.


Don’t Miss: ‘മുപ്പതു വര്‍ഷത്തിന്റെ മുഴുപ്പൊന്നും കയ്യിലില്ല, പക്ഷേ മുഴുപ്പങ്ങ് കയ്യില്‍ വച്ചാമതി എന്ന് പറയാനുള്ള ഉറപ്പുണ്ട്’; ‘മംഗള’ത്തിന്റെ വാര്‍ത്ത ജനിച്ചത്എങ്ങനെയെന്ന് വിളിച്ച് പറഞ്ഞ് ഹര്‍ഷന്‍


ഉഭയസമ്മതപ്രകാരം നടന്നുവെന്ന് കരുതേണ്ട ഫോണ്‍ സംഭാഷണത്തില്‍ മുന്‍മന്ത്രി ആരോടാണ് സംസാരിച്ചതെന്ന് പറയുന്നില്ല. രണ്ട് വ്യക്തികള്‍ തമ്മില്‍ നടന്നു എന്ന് പറയപ്പെടുന്ന ഇത്തരമൊരു സംഭാഷണത്തിന്റെ പൊതുതാല്‍പ്പര്യം എന്താണ്? വ്യക്തികളുടെ ഫോണ്‍ സംഭാഷണം ചോര്‍ത്താന്‍ രാജ്യത്തെ സുരക്ഷാ ഏജന്‍സികള്‍ക്ക് പോലും പരിമിതമായ അധികാരം മാത്രമേയുള്ളു. അധികാരസ്ഥാനത്തിരിക്കുന്നവരെ വിമര്‍ശിക്കാന്‍ മാധ്യമങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ടെങ്കിലും അത് ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള ഹീനമായ കടന്നുകയറ്റമായിക്കൂടാ. ഉത്തരവാദിത്തങ്ങളും ലക്ഷ്യങ്ങളും പരാജയപ്പെടുമ്പോള്‍ തോല്‍ക്കുന്നത് മലയാളി മാത്രമല്ല, ഇന്ത്യയുടെ ജനാധിപത്യ-സ്വാതന്ത്ര്യ സങ്കല്‍പം കൂടിയാണെന്നും പ്രസ്താവനയില്‍ പറയുന്നു.

ടി.ജെ.എസ് ജോര്‍ജ്ജ്, ബി.ആര്‍.പി ഭാസ്‌കര്‍, എം.ജി.എസ് നാരായണന്‍, സുഗതകുമാരി, അടൂര്‍ ഗോപാലകൃഷ്ണന്‍, ശശികുമാര്‍, ആനന്ദ്, സച്ചിദാനന്ദന്‍, എം. മുകുന്ദന്‍, സക്കറിയ, എന്‍.എസ് മാധവന്‍, സി. രാധാകൃഷ്ണന്‍, ബി. രാജീവന്‍, എം.എന്‍ കാരശ്ശേരി,
ടി.വി.ആര്‍ ഷേണായ്, എസ് ജയചന്ദ്രന്‍ നായര്‍, എന്‍ആര്‍എസ് ബാബു, എംകെ സാനു, സാറാ ജോസഫ്, പികെ അഷിത, ഗ്രേസി, അനിത തമ്പി, റോസ്‌മേരി, പ്രിയ എ.എസ്, കെആര്‍ മീര, ശ്രീബാല കെ. മേനോന്‍, മാലാ പാര്‍വ്വതി, സി.വി ബാലകൃഷ്ണന്‍, സുനില്‍ പി. ഇളയിടം, സെബാസ്റ്റ്യന്‍ പോള്‍, സി. ഗൗരിദാസന്‍ നായര്‍, എന്‍.പി രാജേന്ദ്രന്‍, കെ. വേണു, ആഷാ മേനോന്‍, സന്തോഷ് എച്ചിക്കാനം, ആര്‍. ഉണ്ണി, ശത്രുഘ്‌നന്‍ എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പു വെച്ചത്.