തിരുവനന്തപുരം: സംസ്ഥാനത്തെ പകര്‍ച്ചവ്യാധി  ആശങ്കാജനകമല്ലെന്ന് ഇതേക്കുറിച്ച് പഠിക്കാനായി കേന്ദ്ര ആരോഗ്യമന്ത്രാലയം നിയോഗിച്ച വിദഗ്ധ സംഘം. പത്ത് ദിവസത്തിനകം ഇതേക്കുറിച്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു റിപ്പോര്‍ട്ട് നല്‍കുമെന്നും പഠനസംഘം പറഞ്ഞു. തിരുവനന്തപുരത്ത് എത്തിയ സംഘം ആരോഗ്യവകുപ്പ് ഉന്നതരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു. ഇന്നും നാളെയും ആലപ്പുഴയില്‍ സന്ദര്‍ശനം നടത്തുന്ന സംഘം തിങ്കളാഴ്ച കൊല്ലം സന്ദര്‍ശിക്കും.

ഇന്ത്യന്‍ കൗണ്‍സില്‍  ഫോര്‍മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശനം നടത്തുന്നത്. ദേശീയ കൊതുകുജന്യ നിയന്ത്രണ അഥോറിറ്റിയിലെ അംഗം ഡോ.വി.കെ. റെയ്‌ന, എന്‍സിഡിസി ഡപ്യൂട്ടി ഡയറക്റ്റര്‍ ഡോ. നവീന്‍ ഗുപ്ത, ഐസിഎംആറില്‍ നിന്നു തന്നെയുള്ള ഡോ. പ്രദീപ് ജാന്‍ഡി, സംസ്ഥാനത്ത് നിന്നുള്ള ഡോ. അരുണ്‍ കുമാര്‍ എന്നിവരാണു സംഘത്തിലുള്ളത്.

രോഗബാധിതരായവരെ നേരില്‍ കാണുന്ന സംഘം അവരുടെ രക്ത സാംപിളുകള്‍ പരിശോധിക്കും. രോഗികള്‍ക്ക് നല്‍കിയ മരുന്നുകളുടെ വിശദാംശങ്ങള്‍ ശേഖരിക്കും. രോഗകാരണങ്ങള്‍ കണ്ടെത്തുക, പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുക, ആവശ്യമെങ്കില്‍ സാമ്പത്തിക പാക്കെജിന് ശുപാര്‍ശ ചെയ്യുക, എന്നീ കാര്യങ്ങളാണു സമിതി പ്രധാനമായും പരിഗണിക്കുക.