എഡിറ്റര്‍
എഡിറ്റര്‍
തോല്‍ക്കാന്‍ ഞങ്ങള്‍ക്ക് മനസില്ല; ഈ സ്ത്രീകള്‍ പറയുന്നു
എഡിറ്റര്‍
Monday 27th February 2017 9:26pm


ജിന്‍സി ബാലകൃഷ്ണന്‍


പുരുഷനില്‍ നിന്നും അതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ ആത്മഹത്യ ചെയ്യണം അല്ലെങ്കില്‍ മുഖ്യധാരയില്‍ നിന്ന് ഒഴിഞ്ഞുമാറി ഒറ്റപ്പെട്ട് ജീവിക്കണമെന്നാണ് മലയാള സിനിമകളില്‍ ഭൂരിപക്ഷവും നമ്മളെ പഠിപ്പിച്ചത്. എന്നാല്‍ സിനിമ മുന്നോട്ടുവെച്ച അത്തരം പാഠങ്ങളെയൊക്കെ സ്വന്തം ജീവിതത്തിലൂടെ തിരുത്തിക്കാണിക്കുകയാണ് നടി ഭാവന.

‘ഞാനെന്തിന് തലയില്‍ തുണിയിട്ട് നടക്കണം? ഞാനെന്തിന് മുഖംമറയ്ക്കണം? എന്നെ അപമാനിച്ചയാളല്ലേ അത് ചെയ്യേണ്ടത്’ എന്നു ചോദിച്ചുകൊണ്ട് സാധാരണ ജീവിതത്തിലേക്ക്, തൊഴിലിടത്തിലേക്ക് ധീരമായി തിരിച്ചുവന്ന ഭാവന അതിക്രമം നേരിട്ട ആയിരക്കണക്കിന് സ്ത്രീകള്‍ക്ക് മാര്‍ഗദര്‍ശിയായിരിക്കുകയാണ്.

പുരുഷന്റെ അതിക്രമത്തിന് ഇരയാവുന്ന സ്ത്രീയല്ല അപമാനിതയായി കഴിയേണ്ടത്. സ്ത്രീകളോട് ക്രൂരത ചെയ്യുന്ന പുരുഷന്മാരും സ്ത്രീകളെ കല്ലെറിയുന്ന പുരുഷാധിപത്യ സമൂഹവുമാണ്. അവരാണ് തലയില്‍ തുണിയിട്ട് നടക്കേണ്ടതെന്നാണ് ഇത്രയുംപെട്ടെന്ന് തിരിച്ചുവരവ് നടത്തിക്കൊണ്ട് ഭാവന പ്രഖ്യാപിക്കുന്നത്.

ഇത്തരം അതിക്രമങ്ങള്‍ക്ക് ഇരയാവുമ്പോള്‍ ‘മാനഹാനി’ ഭയന്ന് പ്രതിഷേധിക്കാന്‍, പരാതിപ്പെടാന്‍, ഇക്കാര്യം പുറത്തുപറയാന്‍ തയ്യാറാവാത്ത സ്ത്രീകള്‍ക്കും ഭാവന വലിയ മാതൃകയാണ്.

‘എനിക്കു ഭയമില്ല. ഞാന്‍ തെറ്റു ചെയ്തിട്ടില്ല. പിന്നെ ഞാനെന്തിനു ഭയക്കണം? പ്രതിഭാഗം വക്കീലിന്റെ ‘അശ്ലീല’ ചോദ്യങ്ങളെ നേരിടാന്‍ ഞാന്‍ തയ്യാറാണ്. നീതിക്കുവേണ്ടി ഏതറ്റം വരെയും പോരാടും’ ആശ്വസിപ്പിക്കാനെത്തിയവരോടെല്ലാം ഭാവന പറയുന്നത് ഇതാണ്.

മഹിജ

 

സ്വാശ്രയ മാനേജ്‌മെന്റിന്റെ പീഡനങ്ങളില്‍ രക്തസാക്ഷിയായ മകന്‍ ജിഷ്ണുവിന്റെ നീതിയ്ക്കായി ഏതറ്റംവരെ പൊരാടാനും തയ്യാറാണെന്ന് വിളിച്ചുപറഞ്ഞ സധീരം മുന്നോട്ടുവന്ന അമ്മയാണ് മഹിജ.

മകനെ നഷ്ടപ്പെട്ടിട്ടും തളരാതെ ധീരമായി മകന്റെ നീതിക്കായി നടത്തുന്ന പോരാട്ടമാണ് അവരെ വ്യത്യസ്തയാക്കുന്നത്. തുടക്കം മുതല്‍ തന്നെ ശക്തമായി ജിഷ്ണുവിന് നീതി എന്ന മുദ്രാവാക്യമുയര്‍ത്തി മഹിജ നിലകൊണ്ടു.

മകന്‍ നഷ്ടപ്പെട്ട അമ്മയ്ക്കുമുമ്പില്‍ പത്തുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച സര്‍ക്കാറിനോട് തനിക്കു പണമല്ല നീതിയാണ് വേണ്ടതെന്നു പറഞ്ഞ മഹിജ ജിഷ്ണു മരിച്ചു ഒരുമാസത്തിലേറെ കഴിഞ്ഞിട്ടും അതേ വീര്യത്തോടെ നീതിയ്ക്കായി സമരം ചെയ്യാനൊരുങ്ങുകയാണ്.

വീടിനു തൊട്ടടുത്തെത്തിയിട്ടും മകന്‍ നഷ്ടപ്പെട്ട അമ്മയെയും കുടുംബത്തെയും അവഗണിച്ചു പോയ മുഖ്യമന്ത്രി ഒരു കത്തിലൂടെ മഹിജ ഉത്തരംമുട്ടിക്കുകയാണ്. മകനും താനും സി.പി.ഐ.എം അനുഭാവിയാണെന്നു പറഞ്ഞുകൊണ്ടുതന്നെയാണ് മഹിജ പിണറായി വിജയനെ വിമര്‍ശിക്കുന്നത്.

ഒടുക്കം ജിഷ്ണുവിന്റെ വീട് സന്ദര്‍ശിക്കാമെന്ന് വൈകിയവേളയില്‍ മുഖ്യമന്ത്രി പറയുമ്പോള്‍ ഇനി പ്രതികളെ അറസ്റ്റു ചെയ്തശേഷം മുഖ്യമന്ത്രി വീട്ടിലേക്കു വന്നാല്‍ മതിയെന്ന് മഹിജ വാര്‍ത്താസമ്മേളനത്തിലൂടെ ആവശ്യപ്പെടുകയാണ്. മകന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റു ചെയ്തില്ലെങ്കില്‍ സെക്രട്ടറിയേറ്റിനു മുമ്പില്‍ സമരം ആരംഭിക്കുമെന്നും അവര്‍ മുന്നറിയിപ്പു നല്‍കുന്നു.പറയേണ്ടിവന്നെന്ന്

വൈക്കം വിജയലക്ഷ്മി

 

‘വിവാഹത്തിനും മുമ്പായാലും വിവാഹശേഷമായാലും പെണ്ണിന്റെ ജീവിതം തീരുമാനിക്കാനുള്ള അധികാരം അത് പെണ്ണിനു മാത്രമാണ്’ എന്നുറക്കെ പ്രഖ്യാപിക്കുകയാണ് നിശ്ചയിച്ചുറപ്പിച്ചിരിക്കുന്ന വിവാഹത്തില്‍ നിന്നും പിന്മാറിക്കൊണ്ട് വിജയലക്ഷ്മി ചെയ്തിരിക്കുന്നത്.

വിവാഹശേഷം സംഗീത പരിപാടി നടത്താന്‍ സാധിക്കില്ലെന്നും ഏതെങ്കിലും സംഗീത സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്താല്‍ മതിയെന്നും പ്രതിശ്രുത വരനായിരുന്ന സന്തോഷ് ചട്ടംകെട്ടിയതിനെ തുടര്‍ന്നാണ് അങ്ങനെയെങ്കില്‍ തനിക്കു വിവാഹം വേണ്ട എന്നു വിജയലക്ഷ്മി തീരുമാനിക്കുന്നത്.

പൊതുവെ വിവാഹശേഷം സ്ത്രീകള്‍ ഭര്‍ത്താവിന്റെ തീരുമാനത്തിന് അനുസരിച്ച് ചലിക്കുന്നതാണ് കാണാറുള്ളത്. മലയാള സിനിമാ മേഖലയിലും മറ്റ് ഇത് പ്രകടമാണു താനും. വിവാഹശേഷം സ്ത്രീകള്‍ ഭര്‍ത്താവിന്റെയും കുട്ടിയുടെയും കുടുംബത്തിന്റെയും കാര്യങ്ങള്‍ നോക്കി ഒതുങ്ങി കൂടണം എന്നാണ് പുരുഷാധിപത്യ സമൂഹം നിഷ്‌കര്‍ഷിക്കുന്നത്. അഥവാ ജോലിക്കു പോകുന്നെങ്കില്‍ തന്നെ കൃത്യമായ സമയപരിധിക്കുള്ളില്‍ ഒതുങ്ങുന്ന, സദാചാര സങ്കല്‍പ്പങ്ങള്‍ക്കുള്ളില്‍ നില്‍ക്കുന്ന ജോലി അതു മാത്രമേ പാടുള്ളൂ എന്നാണ്. ഇത്തരം പുരുഷാധിപത്യ ബോധങ്ങള്‍ക്കേറ്റ അടിയാണ് വിജയലക്ഷ്മിയുടെ തീരുമാനം.

വിവാഹത്തില്‍ നിന്ന് പിന്മാറിയ കാര്യം വാര്‍ത്താ സമ്മേളനം നടത്തിയാണ് വിജയലക്ഷ്മി അറിയിച്ചത്. ഇത്തരംകാര്യങ്ങള്‍ മോശമാണെന്നും അത് രഹസ്യമാക്കേണ്ടതാണെന്നുമുള്ള പൊതുബോധത്തെയും അവര്‍ ഇതിലൂടെ ചോദ്യം ചെയ്യുകയാണ്.

Advertisement