എഡിറ്റര്‍
എഡിറ്റര്‍
പെയ്‌സിനൊപ്പം കളിക്കാന്‍ താത്പര്യമില്ല: ബൊപ്പണ്ണ
എഡിറ്റര്‍
Tuesday 19th June 2012 9:42am

ബാംഗ്ലൂര്‍: മഹേഷ് ഭൂപതിയ്ക്ക് പിന്നാലെ ഒളിംപിക്‌സ് ടെന്നിസ് ഡബിള്‍സില്‍ ലിയാന്‍ഡര്‍ പെയ്‌സിനൊപ്പം കളിക്കാന്‍ സാധ്യമല്ലെന്ന് റോഹന്‍ ബൊപ്പണ്ണയും പ്രഖ്യാപിച്ചു. തനിയ്ക്ക് പെയ്‌സിനൊപ്പം കളിക്കുന്നതിന് മാനസികമായി ബുദ്ധിമുട്ടുണ്ടെന്നാണ് ബൊപ്പണ്ണ അറിയിച്ചത്.

ഇതുവരെ രണ്ടു തവണ മാത്രമേ പെയ്‌സിനൊപ്പം കളിച്ചിട്ടുള്ളു. അദ്ദേഹവുമായി വലിയ തോതില്‍ അടുപ്പമില്ല. ഒരു ടീമെന്ന നിലയില്‍ ഒളിംപിക്‌സിന് ആവശ്യമായ തയാറെടുപ്പ് ഉണ്ടായിട്ടില്ല. ഒരുമിച്ചു കളിക്കണമെന്ന അസോസിയേഷന്റെ ആവശ്യം അംഗീകരിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ട് – ബൊപ്പണ്ണ വ്യക്തമാക്കി.

തന്റെ ഈ തീരുമാനം അംഗീകരിക്കാന്‍ പലര്‍ക്കും ബുദ്ധിമുട്ടായിരിക്കും. എങ്കിലും ഒരു മത്സരത്തില്‍ കളിക്കുമ്പോള്‍ അതിന് ആവശ്യമായ തയ്യാറെടുപ്പുകള്‍ വേണം. എങ്കില്‍ മാത്രമേ കളിയില്‍ വിജയം ഉണ്ടാവുകയുള്ളു.

ഒളിംപിക്‌സില്‍ കളിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഈ വര്‍ഷം തുടക്കംമുതല്‍ ഭൂപതിക്കൊപ്പം കളിച്ചുതുടങ്ങിയത്. തങ്ങള്‍ ഒരുമിച്ച കളിക്കുന്നതിനെ കുറിച്ച് അസോസിയേഷനെ ഓരോ ഘട്ടത്തിലും അറിയിച്ചതാണ്. എന്നാല്‍ അന്നെല്ലാം എതിര്‍പ്പ് പ്രകടിപ്പിക്കാതിരുന്ന അസോസിയേഷന്‍ ഇപ്പോള്‍ തീരുമാനം മാറ്റി.

ഒരു സുപ്രഭാതത്തില്‍ ഒരു ജോഡിയുമായി കളിച്ച് മികച്ച റിസള്‍ട്ട് ഉണ്ടാക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഒരാളുമായി ഒരുമിച്ച് കുറേനാള്‍ ചിലവിടണം. നമ്മുടെ മനസ്സിലുള്ള കാര്യങ്ങള്‍ മനസ്സിലാക്കി കളിക്കളത്തില്‍ പെര്‍ഫോം ചെയ്യാന്‍ കഴിക്കണം. അതുമാത്രമേ മികച്ച ജോഡികളാകുള്ളു. എന്തുതന്നെയായാലും പെയ്‌സിനൊപ്പം കളിച്ച് ഒരു തോല്‍വി ഏറ്റുവാങ്ങാന്‍ ആഗ്രഹിക്കുന്നില്ല- ബൊപ്പണ്ണ വ്യക്തമാക്കി.

Advertisement