എഡിറ്റര്‍
എഡിറ്റര്‍
‘#NotInMyName’ ; രാജ്യത്തെ മുസ്‌ലിം വേട്ടക്കെതിരെ, കൊല്ലപ്പെട്ടവരുടെ പട്ടിക അവതരിപ്പിച്ച് കൊച്ചിയില്‍ പ്രതിഷേധം, വീഡിയോ
എഡിറ്റര്‍
Thursday 29th June 2017 6:07pm

കൊച്ചി: രാജ്യത്ത് മുസ്‌ലിം മതവിശ്വാസികള്‍ക്കു നേരെ വര്‍ധിച്ചു വരുന്ന ആക്രമണങ്ങള്‍ക്കെതിരെ പ്രതിഷേധം അലയടിക്കുന്നു. പ്രതിഷേധവുമായി ജനം തെരുവിലിറങ്ങിയപ്പോള്‍ കേരളവും അതിന്റെ ഭാഗമായി. നോട്ട് ഇന് മൈ നേം മുദ്രാവാക്യവും ആസാദി മുദ്രാവാക്യങ്ങളുമായാണ് പ്രതിഷേധക്കാര്‍ രംഗത്തെത്തിയത്.

ബീഫ് കഴിക്കുന്നുവെന്ന് ആരോപിച്ച് ദല്‍ഹിയില്‍ ജുനൈദ് എന്ന പതിനഞ്ചുകാരനെ ട്രെയിനില്‍ വച്ച് മര്‍ദ്ദിച്ച് കൊന്നതില്‍ പ്രതിഷേധിച്ച് ആരംഭിച്ച  #NotInMyName സോഷ്യല്‍ മീഡിയ ക്യാമ്പയിനിന്റെ ഭാഗമായി കൊച്ചിയിലേയും തിരുവനന്തപുരത്തേയും നൂറുകണക്കിനാളുകള്‍ തെരുവിലിറങ്ങുകയായിരുന്നു.

ബീഫ് കൈവശം വയ്ച്ച യുവാവിനെ ചിലയാളുകള്‍ ഓടിച്ചിട്ട് മര്‍ദ്ദിക്കുന്നതിലൂടെയായിരുന്നു കൊച്ചിയിലെ പ്രതിഷേധം ആരംഭിച്ചത്. കണ്‍മുന്നില്‍ വച്ച് ഒരാളെ ബീഫ് കഴിക്കുന്നതിന്റെ പേരില്‍ മര്‍ദ്ദികുന്നതിന് സാക്ഷിയാകുന്നതിന്റെ ഭീകരത എത്രവലുതാണെന്ന് കൊച്ചിക്കാര്‍ മനസിലാക്കുകയായിരുന്നു.


Also Read: ‘ഇന്ത്യയില്‍ പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പശുവിന്റെ മാസ്‌ക് ധരിക്കൂ’; വനിതാ ഫോട്ടോഗ്രാഫറുടെ ക്യാംപെയിന്‍ ലോകശ്രദ്ധ നേടുന്നു; ചിത്രങ്ങള്‍ കാണാം


പിന്നാലെ നോട്ട് ഇന്‍ മൈ നേം മുദ്രാവാക്യങ്ങളുമായെത്തിയ യുവാക്കള്‍ രാജ്യത്ത് നടമാടുന്ന അതിക്രമങ്ങള്‍ക്കെതിരെ നിശബ്ദരാകരുതെന്നും പശുവിന്റെ പേരിലെ മതത്തിന്റെ പേരിലോ ആരേയും ഇല്ലായ്മ ചെയ്യാന്‍ അനുവദിക്കരുതെന്നും കാഴ്ച്ചക്കാരായി നോക്കി നില്‍ക്കരുതെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

രാജ്യത്ത് കൊല ചെയ്യപ്പെട്ട മുസ്‌ലിമുകളുടെ പേരുകളുടെ പട്ടിക വെളിപ്പെടുത്തിയായിരുന്നു കൊച്ചിയിലെ പ്രതിഷേധം. ചുരുങ്ങിയ കാലത്തിനിടെ രാജ്യത്ത് ബീഫിന്റെ പേരിലും മിശ്രവിവാഹം ചെയ്തതിന്റെ പേരിലും കൊല്ലപ്പെട്ട മുസ് ലിമുകളുടെ പേരുകള്‍ വായിക്കുന്നത് ഞെട്ടലോടെയായിരുന്നു കാഴ്ച്ചക്കാര്‍ കേട്ടു നിന്നത്.

എറണാകുളം ഹൈക്കോടതി ജംഗഷനിലായിരുന്നു പ്രതിഷേധപ്രകടനം നടന്നത്. കൊച്ചിയക്കു പുറമെ തിരുവനന്തപുരത്തും പ്രതിഷേധം അരങ്ങേറിയിരുന്നു. തിരുവനന്തപുരത്തെ പ്രതിഷേധയോഗത്തിന്റെ പ്രധാന സംഘാടകന്‍ ജെ.എന്‍.യുവിലെ പ്രൊഫസര്‍ അനു അരുണായിരുന്നു. ട്വിറ്ററിലൂടെയുടെ മറ്റു നവമാധ്യമങ്ങളിലൂടെയും സംഘടിപ്പിച്ച പ്രചറണത്തിന്റെ ഭാഗമായി നിരവധി പേരാണ് പ്രതിഷേധത്തിന് പങ്കെടുത്തത്.

Advertisement