റിയാദ്: ‘#എന്റെ പേരില്‍ വേണ്ട’ എന്ന ഹാഷ് ടാഗില്‍ ഗോസംരക്ഷണത്തിന്റെ പേരില്‍ മുസ്ലിങ്ങള്‍ക്കും ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ സംഘപരിവാര്‍ ശക്തികളുടെ നേതൃത്വത്തില്‍ ആള്‍ക്കൂട്ടങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന അക്രമസംഭവങ്ങളില്‍ പ്രതിഷേധിക്കുന്നതിനും ഇന്ത്യയില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടും ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്നവരുടെ കൂട്ടായ്മ ഇക്കഴിഞ്ഞ ശനിയാഴ്ച (8 ജൂലൈ) റിയാദില്‍ നടന്നു.

യോഗം പ്രശസ്ത നോവലിസ്റ്റും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ സാറാ ജോസഫ് ഫോണ്‍ ഇന്‍ വഴി ഉദ്ഘാടനം ചെയ്തു. ആര്‍ മുരളീധരന്‍ അധ്യക്ഷനായിരുന്നു.

ഇന്ത്യയില്‍ വര്‍ഗ്ഗീയശക്തികള്‍ മുസ്ലിങ്ങള്‍ക്കും ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും സ്ത്രീകള്‍ക്കും എതിരെ നടത്തിക്കൊണ്ടിരിക്കുന്ന അക്രമപ്രവര്‍ത്തനങ്ങള്‍ സഹിക്കാവുന്നതിലും അപ്പുറം എത്തിയെന്നും ഇത് ചെറുക്കുന്നതിന് രാഷ്ട്രീയത്തിനും മതത്തിനും അതീതമായി ആബാലവൃദ്ധം ജനങ്ങളും മുന്നോട്ടുവരണമെന്നും സാറാ ജോസഫ് ആഹ്വാനം ചെയ്തു.

രാജ്യത്ത് സാമ്പത്തികമേഖലയില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റം അടിമത്തത്തിലേക്കും കോര്‍പ്പറേറ്റിസത്തിലേക്കുമാണ് നയിച്ചുകൊണ്ടിരിക്കുന്നതെന്നും എതിര്‍ക്കുന്നവരെ ഭരണകൂടത്തിന്റെ മെഷിനറി ഉപയോഗിച്ചുകൊണ്ട് അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുകയാണെന്നും അവര്‍ ആരോപിച്ചു.ഇന്ത്യയില്‍ ജനിച്ചുവളര്‍ന്ന ഓരോ വ്യക്തിക്കും ജാതിമതഭേദമന്യേ ഭരണഘടന ഉറപ്പുതരുന്ന എല്ലാ അവകാശങ്ങള്‍ക്കും അര്‍ഹതയുണ്ടെന്നും സാറാ ജോസഫ് പറഞ്ഞു.

യോഗത്തിന് മുന്നോടിയായി ഫോട്ടോ പ്രദര്‍ശനം, ഡോക്യൂമെന്ററി പ്രദര്‍ശനം എന്നിവ നടന്നു. ലത്തീഫ് തെച്ചി വായിച്ച പ്രതിജ്ഞാവാചകങ്ങള്‍ സദസ്സ് ഏറ്റുചൊല്ലി.

അര്‍ഷുല്‍ അഹമ്മദ് (കെ എം സി സി ), ഷാജു ജോര്‍ജ്ജ് (പ്രവാസി സാംസ്‌കാരികവേദി ), ലത്തീഫ് ഓമശ്ശേരി (തനിമ ), കബീര്‍ കിളിമംഗലം (ഐ എസ് എഫ് ), ഡൊമിനിക് സൈമണ്‍ (ആര്‍ ടി ഐ ആക്ടിവിസ്റ്റ് ), സാദുദിന്‍ സ്വലാഹി (ഇസ്ലാഹി സെന്റര്‍ ), കെ പി ഹരികൃഷ്ണന്‍ (ഇടം സാംസ്‌കാരികവേദി ) കമര്‍ബാനു അബ്ദുല്‍സലാം, ഹാരിസ് വഡാഡ് (ഐ എഫ് എഫ് ), അഷ്റഫ് രാമപുരം (ആര്‍ ഐ സി സി ), അബ്ദുല്‍ അസ്സിസ് കോഴിക്കോട് (എം എസ് എസ് ), ഫിറോസ് പുതുക്കോട് (യൂത്ത് ഇന്ത്യ ), ഡോ ഷാഹുല്‍ (ഷിഫാ അല്‍ ജസീറ ), റഹീം പാലത്ത് (ഫ്രെണ്ട്‌സ് ഓഫ് ഇന്ത്യ ), വി ജെ നസ്രുദീന്‍ (റിപ്പോര്‍ട്ടര്‍ ടി വി ), ഖലീല്‍ പാലോട്, ലത്തീഫ് തെച്ചി (പ്ലീസ് ഇന്ത്യ ) എന്നിവര്‍ സംസാരിച്ചു.ഹിബ അബ്ദുല്‍ സലാം കവിതാലാപനം നടത്തി.

ഉബൈദ് എടവണ്ണ സ്വാഗതവും മാള മൊഹിയുദീന്‍ നന്ദിയും പറഞ്ഞു.