എഡിറ്റര്‍
എഡിറ്റര്‍
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല: യെദ്യൂരപ്പ
എഡിറ്റര്‍
Monday 27th January 2014 2:12pm

yediyurappa1

മംഗലാപുരം: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ താന്‍ മല്‍സരിക്കില്ലെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ഈയിടെ തിരിച്ചെത്തിയ ബി.ജെ.പി നേതാവുമായ ബി.എസ് യെദ്യൂരപ്പ.

തന്റെ മകനായ ബി.വൈ രാഗവേന്ദ്രയും മത്സരിക്കില്ലെന്നും ഷിമോഗ മണ്ഡലത്തില്‍ പാര്‍ട്ടി ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഷിമോഗയില്‍ യെദ്യൂരപ്പ മത്സരിക്കണമെന്ന ഒരു വിഭാഗം നേതാക്കള്‍ ആവശ്യമുന്നയിക്കുന്നതിനിടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

അടുത്ത കേന്ദ്രമന്ത്രിസഭയില്‍ മന്തിയാകാന്‍ യെദ്യൂരപ്പ സ്ഥാനാര്‍ഥിയാകണമെന്ന് മുന്‍ ഡെപ്യൂട്ടി മുഖ്യമന്ത്രി ഈശ്വരപ്പയുടെ ആവശ്യവും അദ്ദേഹം തള്ളി. താന്‍ അധികാരത്തിന് പിന്നാലെ പോയിട്ടില്ലെന്നും കേന്ദ്രമന്ത്രി സ്ഥാനം ആഗ്രഹമുണ്ടായിരുന്നെങ്കില്‍ വാജ്‌പേയിയുടെ കാലത്ത് അതിന് കഴിയുമായിരുന്നുവെന്നും യെദ്യൂരപ്പ പറഞ്ഞു.

ഈശ്വരപ്പയുമായി ഒരു അഭിപ്രായ ഭിന്നതയുമില്ല. മുന്‍പത്തെ കാര്യങ്ങളെല്ലാം താന്‍ മറന്നു. ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയെ അധികാരത്തില്‍ എത്തിക്കുക എന്നത് മാത്രമാണ് തന്റെ ലക്ഷ്യം.

വര്‍ഗീയത പറഞ്ഞ് ബി.ജെ.പി വോട്ട് പിടിക്കുന്നില്ലെന്നും കോണ്‍ഗ്രസാണ് വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഖനന അഴിമതിയുമായി ബന്ധപ്പെട്ട് യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഇറങ്ങിയതിന് പിന്നാലെ ബി.ജെ.പി വിട്ട് കെ.ജെ.പിയെന്ന പുതിയ പാര്‍ട്ടിക്ക് രൂപം നല്‍കുകയായിരുന്നു. എന്നാല്‍ ജനുവരി ഒമ്പതിന് കെ.ജെ.പിയെ ലയിപ്പിച്ചാണ് അദ്ദേഹം ബി.ജെ.പിയില്‍ മടങ്ങിെയത്തിയത്.

കെ.ജെ.പി എം.എല്‍.എമാരായ യു.ബി.ബനാകര്‍, വിശ്വനാഥ് പാട്ടീല്‍, ഗുരുപാദപ്പ നാഗമരപ്പള്ളി എന്നിവരോടൊപ്പം മുന്‍ കേന്ദ്ര മന്ത്രിയും കെ.ജെ.പി പബ്ലിസിറ്റി കമ്മിറ്റി ചെയര്ഡമാനുമായ വി.ധനഞ്ജയ് കുമാര്‍, മുന്‍ കേന്ദ്രമന്ത്രിമാരായ ശോഭ കരന്തലാജെ, സി.എം ഉദാസി എന്നിവരും ബി.ജെ.പി അംഗത്വം സ്വീകരിച്ചിരുന്നു.

യെദ്യൂരപ്പയുടെ തിരിച്ചുവരവ് ബി.ജെ.പിക്ക് ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. യെദ്യൂരപ്പയുടെ തിരിച്ചു വരവിന് സുഹൃത്തായ നരേന്ദ്രമോഡിയുടെ പ്രേരണയുണ്ടായിരുന്നു.

Advertisement