തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ യു.ഡി.എഫ് വിജയത്തില്‍ പൂര്‍ണ്ണസന്തോഷവാനല്ലെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ്. അഞ്ചാം മന്ത്രിസ്ഥാനമെന്ന വിഷയത്തെ അനാവശ്യ തര്‍ക്കത്തിലേക്ക് വലിച്ചിഴച്ച ചിലശക്തികള്‍ യു.ഡി.എഫ് വിജയത്തിന്റെ തിളക്കം കുറച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നെയ്യാറ്റിന്‍കരയില്‍ ചുരുങ്ങിയത് 35000 വോട്ടിന്റെ ഭൂരിപക്ഷം കിട്ടേണ്ടതായിരുന്നുവെന്നും എന്നിരുന്നാലും വിജയത്തില്‍ അഭിമാനിക്കുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ സി.പി.ഐ.എമ്മിനോട് ബി.ജെ.പി മൃദുനയം സ്വീകരിച്ചിട്ടില്ലെന്ന് ബി.ജെ.പി സ്ഥാനാര്‍ഥി ഒ. രാജഗോപാല്‍ പറഞ്ഞു. അടവുനയം എന്നൊക്കെ പറയുന്നതു വെറുതെയാണ്. എതിര്‍ക്കുന്നവര്‍ക്ക് എന്തുപറഞ്ഞും എതിര്‍ക്കാം. അതു കാര്യമാക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ ത്രികോണമല്‍സരം കാഴ്ചവയ്ക്കാനായതിലും ചില സംസ്ഥാനങ്ങളില്‍ മുന്നേറാന്‍ സാധിച്ചതിലും സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.