എഡിറ്റര്‍
എഡിറ്റര്‍
പാക് പ്രധാനമന്ത്രിയെ അറസ്റ്റു ചെയ്യാനാകില്ലെന്ന് എന്‍.എ.ബി
എഡിറ്റര്‍
Thursday 17th January 2013 11:22am

ഇസ്‌ലാമാബാദ്: അഴിമതിക്കേസില്‍ കുറ്റാരോപിതനായ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി രാജാ പര്‍വേസ് അഷ്‌റഫിനെ അറസ്റ്റു ചെയ്യാനാകില്ലെന്ന് സര്‍ക്കാര്‍.

ഇക്കാര്യം നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യുറോ സുപ്രീം കോടതിയെ അറിയിച്ചു. അന്വേഷണത്തില്‍ സുപ്രീം കോടതി ഇടപെടുകയാണെന്ന് നാഷണല്‍ അക്കൗണ്ടബിലിറ്റി തലവന്‍ ആരോപിച്ചു.

Ads By Google

പ്രധാനമന്ത്രിയെ അറസ്റ്റു ചെയ്തു ഇന്ന് കോടതിയില്‍ ഹാജരാക്കാനായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ ഇന്ന് കേസ് ഇന്നും വീണ്ടും പരിഗണിച്ചപ്പോഴാണ് പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്ന് നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ നിലപാടെടുത്തത്.

പ്രധാനമന്ത്രിക്കെതിരെ മതിയായ തെളിവുകള്‍ ഇല്ലെന്നും നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യുറോ കോടതിയെ അറിയിച്ചു. അന്വേഷണത്തില്‍ കോടതിക്ക് ഇടപെടാന്‍ കഴിയില്ലെന്നും എന്‍.എ.ബി വാദിച്ചു.

അഴിമതിവിരുദ്ധക്കേസുകള്‍ കൈകാര്യം ചെയ്യുന്ന നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കേണ്ടത്.

എന്നാല്‍ അഴിമതിക്കേസില്‍ പ്രധാനമന്ത്രിയെ അറസ്റ്റു ചെയ്യാന്‍ ആവശ്യമായ തെളിവുകള്‍ ഇല്ലാത്ത സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശത്തിനു എതിരായി തീരുമാനമെടുത്തതെന്ന് നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ മേധാവി ഫാസിഹ് ബൊക്കാരി അറിയിച്ചു.

കേസില്‍ ആരോപണവിധേയരായ പാക് പ്രധാനമന്ത്രി അടക്കം 16 പേരെ 24 മണിക്കൂറിനുള്ളില്‍ അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കണമെന്നായിരുന്നു സുപ്രീംകോടതി ബൊക്കാരിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നത്.

അതിനിടെ, സര്‍ക്കാരിന്റെ രാജി ആവശ്യപ്പെട്ട് മതപുരോഹിതന്‍ ഖാദ്‌റി നടത്തുന്ന മാര്‍ച്ച് ഇന്ന് പേഷവാറിലെത്തും. സൈന്യത്തെ പിന്തുണച്ചുള്ള ഖാദ്‌റിയുടെ നിലപാടുകളെ പാക്കിസ്ഥാനിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ അടക്കമുള്ളവര്‍ കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

Advertisement