എഡിറ്റര്‍
എഡിറ്റര്‍
നിലവിലുള്ള നിക്ഷേപ ബോര്‍ഡിനെ ചൊല്ലി മന്ത്രിസഭയില്‍ ഭിന്നത
എഡിറ്റര്‍
Thursday 11th October 2012 12:58am

ന്യൂദല്‍ഹി: വന്‍കിട പദ്ധതികള്‍ വേഗത്തിലാക്കാന്‍ പ്രധാനമന്ത്രിയടക്കം മൂന്ന് മന്ത്രിമാരടങ്ങുന്ന ദേശീയ നിക്ഷേപബോര്‍ഡ് അംഗീകരിക്കാനാവില്ലെന്ന് പ്രധാനമന്ത്രിക്കയച്ച കത്തില്‍ ജയന്തി നടരാജന്‍ വ്യക്തമാക്കി. ബോര്‍ഡിനെ ചൊല്ലി മന്ത്രിസഭയില്‍ ഭിന്നതയും നിലനില്‍ക്കുന്നു. പട്ടികവര്‍ഗ മന്ത്രാലയവും ബോര്‍ഡിനെ എതിര്‍ക്കുന്നു. ധനമന്ത്രി പി. ചിദംബരമാണ് ദേശീയ നിക്ഷേപബോര്‍ഡ് നിര്‍ദേശത്തിന് പിറകില്‍. ഇക്കാര്യത്തില്‍ മറ്റ് മന്ത്രാലയങ്ങളുടെ കൂടി അഭിപ്രായമറിയാന്‍ വിടണമെന്ന് പ്രധാനമന്ത്രിക്കയച്ച കത്തില്‍ ജയന്തി നടരാജന്‍ ആവശ്യപ്പെട്ടു.

Ads By Google

ഒരു മന്ത്രാലയത്തിന്റെ തീരുമാനത്തില്‍ ഇടപെടാന്‍ നിര്‍ദിഷ്ട ബോര്‍ഡിനുള്ള അധികാരം നീതികരിക്കാനാകില്ലെന്ന് ജയന്തി നടരാജന്‍ ചൂണ്ടിക്കാട്ടുന്നു. പരിസ്ഥിതി മന്ത്രിയെടുക്കുന്ന തീരുമാനത്തെ മറികടക്കാന്‍ ബോര്‍ഡിന് കഴിയും. ആ സാഹചര്യത്തില്‍ അക്കാര്യം പാര്‍ലമെന്റിന് മുന്നില്‍ വിശദീകരിക്കുന്നത് ആരായിരിക്കുമെന്ന് മന്ത്രി ചോദിക്കുന്നു. ബോര്‍ഡിനുള്ള ഈ അധികാരം നിരവധി നിര്‍ണായക ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്.

പാര്‍ലമെന്റിനോടുള്ള ഉത്തരവാദിത്വത്തിന് പുറമെ, ഭരണത്തിന്റെയും ഒരോ മന്ത്രാലയങ്ങളുടെയും പ്രവര്‍ത്തനത്തെയും ബാധിക്കുന്നതാണിതെന്നും കത്തില്‍ പറയുന്നു. പരിസ്ഥിതി മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ വ്യവസായികള്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാന്‍ അവകാശമുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട മന്ത്രിസഭാകുറിപ്പില്‍ പറയുന്നു. എന്നാല്‍, പൊതുജനങ്ങള്‍ക്കും സന്നദ്ധസംഘടനകള്‍ക്കും അത്തരമൊരു അവകാശമുണ്ടെന്ന് പറയുന്നില്ലെന്ന് ജയന്തി നടരാജന്‍ ചൂണ്ടിക്കാട്ടുന്നു.

നിക്ഷേപബോര്‍ഡോ ധനമന്ത്രാലയമോ പരിസ്ഥിതി മന്ത്രാലയത്തിന്റെ തീരുമാനത്തെ മറികടക്കുന്നത് പരിസ്ഥിതി നിയമത്തിന് എതിരാണെന്നും മന്ത്രി പറയുന്നു. വന്‍കിട പദ്ധതികള്‍ക്കുള്ള അംഗീകാരം അനന്തമായി നീട്ടിക്കൊണ്ടുപോകാതിരിക്കാന്‍ എന്നു പറഞ്ഞാണ് നിര്‍ദിഷ്ട ബോര്‍ഡ് രൂപവത്കരിക്കുന്നത്. മന്ത്രാലയങ്ങളെടുക്കുന്ന തീരുമാനങ്ങള്‍ മറികടക്കാന്‍ ബോര്‍ഡിനുള്ള അധികാരമാണ് വിവാദമായത്. സമയബന്ധിതമായി പദ്ധതികളുടെ അംഗീകാരം നല്‍കിയില്ലെങ്കില്‍ അവ ബോര്‍ഡിന്റെ പരിഗണനയ്ക്ക് വിടണം.

പ്രധാനമന്ത്രിയും ധന, നിയമ മന്ത്രിമാരും അടങ്ങുന്ന ബോര്‍ഡ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. നിക്ഷേപ ബോര്‍ഡ് അംഗീകരിച്ച് കഴിഞ്ഞാല്‍ പിന്നെയൊരു മന്ത്രാലയത്തിനും അതിനെ എതിര്‍ക്കാന്‍ കഴിയില്ല. പരിസ്ഥിതിമന്ത്രാലയത്തിന് പുറമേ, പട്ടികവര്‍ഗ മന്ത്രാലയവും നിക്ഷേപബോര്‍ഡിനെ എതിര്‍ത്തിട്ടുണ്ട്. ആദിവാസികളുടെ താത്പര്യം അവഗണിച്ച് ഒരു പദ്ധതിയും നടപ്പാക്കാന്‍ ആവില്ലെന്ന് പട്ടികവര്‍ഗ മന്ത്രി കിഷോര്‍ ചന്ദ്ര ദേവ് വ്യക്തമാക്കി. പദ്ധതി എത്ര പ്രാധാന്യമുള്ളതായാലും മനുഷ്യജീവനെക്കാള്‍ അതിന് വിലയുണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

Advertisement