ഇന്ന് നമ്മളനുഭവിക്കുന്ന എറ്റവും വലിയ പ്രതിസന്ധിയാണ് കാര്‍ഷിക മേഖലയുടെത്. വ്യാസായികവല്‍ക്കരണത്തിന്റെ അതിപ്രസരം മറ്റെല്ലാ മേഖലയെയും പോലെ തന്നെ കൃഷിയെയും തകിടം മറിച്ചുവെന്നു പറയാം. ഇന്ന് വികസനത്തിന്റെ പര്യായമായി ദ്വിതീയ-ത്രിദീയ മേഖലകള്‍ക്ക് അമിത പ്രാധാന്യം ലഭിച്ചിരിക്കുന്നു. ഭക്ഷ്യക്ഷാമം എന്നത് ഇന്ന് ഒരു ചോദ്യചിഹ്നമായി അവശേഷിക്കുമ്പോള്‍ കേരള ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കേരള കര്‍ഷകന്‍ മാസിക എന്നിവയുടെ സഹകരണത്തോടുകൂടി ഇന്റര്‍നെറ്റ് വായനക്കാര്‍ക്കായി ഡൂള്‍ന്യൂസ്.കോം അതിന്റെ ചരിത്രപരമായ ഇടപെടല്‍ നടത്തുന്നു…


ഗ്രാമസ്മൃതികള്‍ / ഷാനവാസ് പോങ്ങനാട്

കാടുപിടിച്ചുകിടക്കുന്ന ആള്‍പാര്‍പ്പില്ലാത്ത തറവാട്ടിന്റെ മുറ്റം കടന്ന് പടിക്കെട്ടുകള്‍ ഇറങ്ങുമ്പോള്‍ അറിയാതെ കുട്ടിക്കാലത്തെ ഓര്‍ത്തുപോയി. പച്ചയും സ്വര്‍ണ്ണവര്‍ണവും നിറഞ്ഞുകിടന്ന വയലിലേക്കാണ് പടികള്‍ ചെന്നിറങ്ങുക. നെല്‍ച്ചെടികള്‍ വേരുപിടിക്കുമ്പോള്‍ പച്ചപ്പായും നെല്‍ക്കതിരുമായി നില്‍ക്കുമ്പോള്‍ കാഞ്ചനശോഭയാലും വയലുകള്‍ സുന്ദരമായിരിക്കും.

Ads By Google

കാലം എത്രയോ കടന്നിരിക്കുന്നു. പടികള്‍ പലതും ഇടിഞ്ഞുപൊളിഞ്ഞുപോയിരിക്കുന്നു. ആള്‍വാസമില്ലാത്തതിനാല്‍ കരിയിലകള്‍ പടിക്കെട്ടിനെ മൂടിയിട്ടുമുണ്ട്.
ഇവിടെ ഒരു വയലുണ്ടായിരുന്നെന്ന് നെടുവീര്‍പ്പോടെ ഓര്‍ത്തുപോയി.

ചെളിക്കണ്ടങ്ങളില്‍ നടവുകാലത്ത് ഞാറുകെട്ടുകള്‍ വാരിയെറിഞ്ഞ ഓര്‍മ്മ…മരമടിക്കുമ്പോള്‍ പിന്നാലെ നടന്ന് ചെളിയില്‍ കുളിച്ചുകയറിയ കുട്ടിക്കാലം. കാളപൂട്ടിന്റെ ‘ഏയ്…ഇടത്തുകാളെ”വലത്തുകാളെ’ തുടങ്ങിയ  ആ വായ്ത്താരികള്‍ കാതില്‍വന്നലയ്ക്കുന്നതുപോലെ.

 ചെളിക്കണ്ടങ്ങളില്‍ നടവുകാലത്ത് ഞാറുകെട്ടുകള്‍ വാരിയെറിഞ്ഞ ഓര്‍മ്മ… മരമടിക്കുമ്പോള്‍ പിന്നാലെ നടന്ന് ചെളിയില്‍ കുളിച്ചുകയറിയ കുട്ടിക്കാലം. കാളപൂട്ടിന്റെ ‘ഏയ്…ഇടത്തു കാളെ”വലത്തു കാളെ’ തുടങ്ങിയ  ആ വായ്ത്താരികള്‍ കാതില്‍ വന്നലയ്ക്കുന്നതുപോലെ.

വയല്‍ ഇന്നൊരു ഓര്‍മ്മമാത്രം. തെങ്ങും വട്ടമരങ്ങളും വയലിനെ വിഴുങ്ങിയിരിക്കുന്നു. വാഴയും മരച്ചീനിയും കൃഷിചെയ്ത്  വയലിനെ കരഭൂമിയാക്കി മാറ്റി. ഒരു നെടുവീര്‍പ്പോടെ വരമ്പുണ്ടായിരുന്ന വശത്തുകൂടി വെറുതേ നടന്നു. ചെറുതോട് ഒഴുകിയിരുന്നതിന്റെ അടയാളമായി ഒരു ചാല്‍ മാത്രം. വെള്ളമില്ലാത്ത വെറുമൊരു ചാല്‍. മുമ്പ് മീന്‍പിടിച്ചുകളിച്ച അരുതോടിന്റെ ശോഷിച്ച അടയാളം!

അറിയാതെ കുട്ടിക്കാലത്തിന്റെ സുവര്‍ണ്ണ കാലത്തിലേക്ക് മടങ്ങിപ്പോയി. തോട്ടില്‍ വെള്ളവും തോടിന്റെ തലയ്ക്കലെ വാഴവറച്ചിറയും പൂട്ടും നടവുമെല്ലാമുള്ള ആ പഴയ കാലത്തിലേക്ക്.

അന്നൊക്കെ വാഴവറച്ചിറയില്‍ നിറയെ ആമ്പല്‍പൂക്കളായിരുന്നു. വെളുത്ത ആമ്പലുകള്‍ക്കിടയില്‍ താമരയും വിരിഞ്ഞുനിന്നു. പള്ളിക്കൂടത്തിലേക്ക് പോകുന്നത് കുളത്തിലെ ആമ്പലും താമരയുമൊക്കെ നോക്കിയാണ്. ആമ്പല്‍ പറിച്ചുതരുന്ന അപ്പുവും ആനന്ദനും കുട്ടിക്കാല ഓര്‍മ്മകളില്‍ ഇന്നും നിറംപിടിച്ചു നില്‍ക്കുന്നു.

പിന്നീട് വാഴവറച്ചിറയില്‍ ആഫ്രിക്കന്‍പായല്‍ നിറഞ്ഞു. കൗതുകത്തിന് ആഫ്രിക്കന്‍പായല്‍ ആരോ കുളത്തില്‍ ഇട്ടതായിരുന്നു. മാസങ്ങള്‍ കൊണ്ട് കുളം പായല്‍ കൊണ്ട് നിറഞ്ഞു. പിന്നീട് പായല്‍ മാറ്റാന്‍ പലതവണ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും വീണ്ടും അവ വന്നുകൂടുകയായിരുന്നു.

ഉറ്റാല്‍ ഇട്ടും വലവീശിയും കുളത്തില്‍നിന്ന് നിറയെ മീന്‍പിടിക്കുന്നത് ഇന്നും ഓര്‍മ്മയിലുണ്ട്. വലിയ ഉടതലയും കാരിയും ബ്രാലുമെല്ലാം കുളത്തില്‍ നിന്ന് പിടിച്ച് കൊണ്ടുവരുമായിരുന്നു.

പായല്‍ നിറഞ്ഞതോടെ മീന്‍പിടിത്തക്കാര്‍ക്ക് കുളത്തില്‍ ഉറ്റാല്‍ കുത്താന്‍ കഴിയാതെയായി. മീന്‍പിടിക്കാന്‍തന്നെ കുളത്തിലേക്ക് ഇറങ്ങാതായതോടെ പായല്‍മൂടി കുളമെന്ന് പോലും പറയാനാവാത്ത സ്ഥിതിയായി.

കുളത്തിന്റെ നല്ലകാലത്തും ഇവിടെ ആരും കുളിക്കുന്നത് കണ്ടിട്ടില്ല. കന്നുകാലിയെ കുളിപ്പിക്കാന്‍പോലും കടവ് ഇല്ലായിരുന്നു. സത്യത്തില്‍ വാഴവറച്ചിറ കുളിക്കാനുള്ള കുളമായിരുന്നില്ല. ഇടച്ചാണി തോടുവരെ നീണ്ടുകിടന്ന കള്ളിക്കാട് ഏലായിലേക്ക് വെള്ളം എത്തിക്കുന്നതിന് മാത്രമാണ് ഈ കുളം ഉപയോഗിച്ചിരുന്നത്.
ഇത് ഒരു കുളത്തിന്റെ ജീവചരിത്രമാണ്. നാട്ടിന്‍പുറങ്ങളിലെ എത്രയോ കുളങ്ങള്‍ക്ക് സമാനമായ കഥപറയാനുണ്ടാവും.

‘ഈസൂള്ള’യുടെ ചായക്കടയില്‍ കാലിച്ചായ മോന്തിയിരിക്കുന്നവര്‍ക്ക് തെളിഞ്ഞുകിടന്ന  വാഴവറചിറ കാണാമായിരുന്നു. ഇതൊരു പഴയകാലചിത്രമാണ്. ആഫ്രിക്കന്‍പായല്‍ വരുന്നതിനുമുമ്പുള്ള കാലം. ഇളംപച്ചനിറത്തില്‍ നിറയെ വെള്ളമുള്ള വിസ്തൃതമായ കുളം. ഇടയ്ക്കിടെ മീനുകള്‍ ജലനിരപ്പില്‍ പൊന്തിവരികയും മുങ്ങാംകുഴിയിടുകയും ചെയ്യും. കുളത്തിന്റെ ആ സുവര്‍ണ്ണകാലം മങ്ങിയ ഓര്‍മ്മയായി ഇന്നുമുണ്ട്.
അടുത്ത പേജില്‍ തുടരുന്നു