ഓസ്‌ലോ: യുട്ടോയ ദ്വീപില്‍ ലേബര്‍ പാര്‍ട്ടി യുവജന ക്യാംപില്‍ പൊലീസ് ഓഫിസറുടെ വേഷത്തിലെത്തി 84 പേരെവെടിവച്ചു കൊന്ന ആന്‍ഡേഴ്‌സ് ബെഹ്‌റിങ് ബ്രെവിക് കടുത്ത യാഥാസ്ഥിതിക ക്രൈസ്തവ തീവ്രവാദിയാണെന്നു പൊലീസ്. പൊലീസ് ഓഫിസറുടെ വേഷത്തിലെത്തിയ ഇയാള്‍ ക്യാംപിനുള്ളില്‍ കടന്നയുടനെ തലങ്ങും വിലങ്ങും വെടിയുതിര്‍ക്കുകയായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പറയുന്നു.

ഓസ്ലോക്ക് സമീപമുള്ള ലേബര്‍ പാര്‍ട്ടിയുടെ യൂത്ത് ക്യാമ്പിന് നേരെയാണ്  ആക്രമണം നടന്നത്. 700ലധികം ആള്‍ക്കാര്‍ പങ്കെടുത്തിരുന്ന ക്യാമ്പിലെത്തിയാണ് ഇയാള്‍ വെടിയുതിര്‍ത്തത്.

കഴിഞ്ഞദിവസം ഓസ്‌ലോയില്‍ നടന്ന സ്‌ഫോടനവും ഇയാള്‍ നടത്തിയതായാണു സംശയിക്കുന്നത്. അറസ്റ്റിലായ ബ്രെവിക്കിനെ ചോദ്യംചെയ്തു വരികയാണ്. ഓസ്‌ലോ കൊമേഴ്‌സ് സ്‌കൂളില്‍ പഠിച്ച ബ്രെവിക് യാഥാസ്ഥിതിക ദേശീയവാദിയായാണു സ്വയം വിശേഷിപ്പിച്ചിരുന്നത്. പ്രോഗ്രസ് പാര്‍ട്ടി അംഗമായി അതിന്റെ യുവജനവിഭാഗമായ എഫ്.പി.യുവില്‍ പ്രവര്‍ത്തിച്ചിട്ടുമുണ്ട്.

കഴിഞ്ഞ ദശകത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ ബ്രെവിക് എഫ്.പി.യു.വില്‍ സജീവമായിരുന്നുവെന്ന് അതിന്റെ നേതാവ് ഓവ് വനിബോ പറഞ്ഞു. അതിതീവ്ര നിലപാടുകള്‍ മൂലം പാര്‍ട്ടി വിടാന്‍ ബ്രെവിക് നിര്‍ബന്ധിതനാവുകയായിരുന്നു. നാത്‌സി വിരുദ്ധ രണ്ടാം ലോകയുദ്ധ വീരന്‍ മാക്‌സ് മാനുസ്, ഡച്ച് രാഷ്ട്രീയ നേതാവ് ഗീര്‍ട് വൈല്‍ഡേഴ്‌സ്, സ്വതന്ത്ര ചിന്തകന്‍ ജോണ്‍ സ്റ്റുവര്‍ട്ട് മില്‍ എന്നിവരുടെ ആരാധകനായിരുന്ന ബ്രെവിക് ഒട്ടേറെ സമൂഹസേവന സംഘടനകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്നു.

ട്രാഫിക് നിയമ ലംഘനത്തിന്റെ പേരിലുള്ള ഒന്നുരണ്ടു ചെറിയ കേസുകളല്ലാതെ കുറ്റകൃത്യ പശ്ചാത്തലമോ ഗൗരവമായ കേസുകളോ ഇയാളുടെ പേരിലുണ്ടായിരുന്നില്ല. ഒരു പിസ്റ്റള്‍, ഒരു റൈഫിള്‍, ഒരു ഷോട്ഗണ്‍ എന്നിവ ബ്രെവിക്കിന്റെ പേരില്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ജൂണിലോ ജൂലൈ ആദ്യമോ ബ്രെവിക് ഓസ്‌ലോയില്‍നിന്നു 140 കിലോമീറ്റര്‍ അകലെയുള്ള ഹെഡ്മാര്‍ക് കൗണ്ടിയിലെ അമോട്ടിലെ റെന എന്ന കൊച്ചുപട്ടണത്തിലേക്കു മാറിയിരുന്നു. അവിടെ രാസവളവും മറ്റും ഉപയോഗിക്കുന്ന ജിയോഫാം എന്ന സ്ഥാപനം നടത്തിയിരുന്നു. ബോംബും മറ്റും ഉണ്ടാക്കുന്നതിനുള്ള വസ്തുക്കള്‍ നിയമപരമായി വന്‍തോതില്‍ ലഭിക്കുന്നതിനുള്ള വഴിയാകാം ഈ സ്ഥാപനമെന്നു പൊലീസ് കരുതുന്നു.