ഓസ്‌ലോ: നോര്‍വ്വേയില്‍ 77 പേരെ കൊന്ന പ്രതിക്ക് 21 വര്‍ഷം തടവുശിക്ഷ. ആന്ദ്രാസ് ബ്രെവികിനെയാണ് കോടതി 21 വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ നോര്‍വേയുടെ തലസ്ഥാനമായ ഓസ്‌ലോയില്‍ 77 പേരെയാണ് ബ്രെവിക് കൊന്നത്. നോര്‍വീജിയന്‍ ലേബര്‍ പാര്‍ട്ടിയുടെ മാര്‍ച്ചിനിടെ നടത്തിയ വെടിവെപ്പില്‍ 69 പേരും സര്‍ക്കാര്‍ അതിഥി മന്ദിരത്തിന് സമീപമുണ്ടായ സ്‌ഫോടനത്തില്‍ 8 പേരുമാണ് കൊല്ലപ്പെട്ടത്. മാര്‍ച്ചിന് നേരെ ബ്രെവിക് വെടിയുതിര്‍ക്കുകയായിരുന്നു. മരിച്ച 69 പേരും വിദ്യാര്‍ത്ഥികളായിരുന്നു.

Ads By Google

കൂട്ടക്കൊലയ്ക്ക് ശേഷം അതിനെ ന്യായീകരിക്കുകയാണ് ബ്രെവിക് ചെയ്തത്. നോര്‍വെ ജനതക്ക് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തിയതെന്നും അവസരം കിട്ടിയാല്‍ ഇനിയും കൊലപാതകങ്ങള്‍ നടത്തുമെന്നുമാണ് ബ്രെവിക് കോടതിയില്‍ പറഞ്ഞത്. രണ്ടാംലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പില്‍ നടന്ന ഏറ്റവും മഹത്തരമായ പ്രവൃത്തിയാണ് താന്‍ ചെയ്തതെന്നും വിചാരണവേളയില്‍ ബ്രെവിക് പറഞ്ഞു.

ബ്രെവിക്കിന് മാനസികാസ്വാസ്ഥ്യമില്ലെന്നും ഇയാളുടെ പ്രവര്‍ത്തി നീചമാണെന്നുമാണ് കോടതി വിധിയില്‍ പറയുന്നത്. ജയില്‍ ശിക്ഷ കഴിഞ്ഞാലും ഇയാള്‍ അപകടകാരിയാണെന്ന് കണ്ടാല്‍ ശിക്ഷാ കാലാവധി ദീര്‍ഘിപ്പിക്കണമെന്നും കോടതി പറഞ്ഞു.

അതേസമയം, വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കുന്നില്ലെന്നാണ് ബ്രെവിക് പറയുന്നത്. രാജ്യത്തിന് വേണ്ടി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കാത്തതില്‍ മറ്റ് പോരാളികളോട് മാപ്പ് ചോദിക്കുകയാണെന്നും വിധികേട്ട ശേഷം ബ്രവിക് പറഞ്ഞു.