ന്യൂദല്‍ഹി:  ആസാം കലാപവുമായി ബന്ധപ്പെട്ട് ട്വിറ്ററിനെതിരെ കേന്ദ്രസര്‍ക്കാര്‍ നിയമ നടപടിക്കൊരുങ്ങുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍ക്കെതിരെ ട്വിറ്ററില്‍ വന്ന വാര്‍ത്തകളുടെ ഉള്ളടക്കം പരിശോധിക്കാത്തതിനെ തുടര്‍ന്നാണ് നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.  ആസാം കലാപവുമായി ബന്ധപ്പെട്ട അപ്‌ഡേഷനുകളുടെ ഉള്ളടക്കം പരിശോധിക്കണമെന്ന കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദ്ദേശം പാലിക്കാത്തതിനെ തുടര്‍ന്നാണ് ട്വിറ്ററിനെതിരെ നടപടിയെടുക്കുന്നതെന്ന് കേന്ദ്ര ടെലികോം സെക്രട്ടറി ആര്‍. ചന്ദ്രശേഖര്‍ പറഞ്ഞു.

Ads By Google

Subscribe Us:

ഫേസ്ബുക്ക്, യൂ ട്യൂബ് തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍ ഇത്തരത്തില്‍ പരിശോധന നടത്തിയതായും അദ്ദേഹം പറഞ്ഞു.

ആസാം കലാപത്തിന് ശേഷം വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍ക്കെതിരെ ആക്രമണമുണ്ടാകുമെന്ന തരത്തിലുള്ള പ്രചരണം വ്യാപിച്ചിരുന്നു. ഇതിനെതുടര്‍ന്ന് ഹൈദരാബാദ്, ബാംഗ്ലൂര്‍, പൂനെ എന്നിവിടങ്ങളില്‍ അന്യസംസ്ഥാനക്കാര്‍ കൂട്ടത്തോടെ പാലായനം ചെയ്തത് വാര്‍ത്തയായിരുന്നു. ഇതിനെതുടര്‍ന്ന് 15 ദിവസത്തേക്ക് എസ്.എം.എസ് അയക്കുന്നതിന് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തുകയും സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.

വ്യാജ പ്രചരണവുമയി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ 254 ഓളം സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുകയും  കോയമ്പത്തൂര്‍ സ്വദേശിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. വ്യാജ മെസ്സേജ് അയച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

അന്വേഷണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് വ്യക്തമായിരുന്നെങ്കിലും പാക്കിസ്ഥാന്‍ ഇത് നിഷേധിച്ചിരുന്നു. ആരോപണം ഉന്നയിക്കുന്നതിന് പകരം തെളിവ് ഹാജരാക്കാന്‍ പാക്കിസ്ഥാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

അതേസമയം, വ്യാജ എസ്.എം.എസ്സിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണെന്ന വാര്‍ത്തയും പ്രചരിക്കുന്നുണ്ട്. ബംഗ്ലാദേശ് ആസ്ഥാനമായുള്ള ഹര്‍ക്കത്തുല്‍ ഉല്‍ ജിഹാദ് (ഹുജി) എന്ന സംഘടനയും വ്യാജ എസ്.എം.എസ് പ്രചരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചെന്ന് കേന്ദ്ര ഏജന്‍സികളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.