ടോക്കിയോ: ജപ്പാനിലെ അമേരിക്കന്‍ സൈനിക താവളത്തിലേക്ക് മിസൈല്‍ ആക്രമണം നടത്താന്‍ ഉത്തരകൊറിയ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച നടന്ന നാല് മിസൈലുകളുടെ പരീക്ഷണം കിം ജോംഗ് ഉന്നിന്റെ മേല്‍നോട്ടത്തിലായിരുന്നുവെന്നും ഉത്തരകൊറിയയുടെ വാര്‍ത്താ ഏജന്‍സിയായ കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി (കെ.സി.എന്‍.എ) റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കയോ ദക്ഷിണകൊറിയയോ ഉത്തരകൊറിയയ്ക്ക് നേരെ ഒരു ചെറിയ ആക്രമണമെങ്കിലും നടത്തിയാല്‍ ആക്രമണത്തിന്‍െ ഉത്ഭവകേന്ദ്രം നശിപ്പിക്കുമെന്നും ആണവ മിസൈലുകള്‍ ഉപയോഗിച്ചാണ് തിരിച്ചടിക്കുകയെന്നും കെ.സി.എന്‍.എ പ്രസ്താവനയില്‍ പറഞ്ഞു. ജപ്പാനില്‍ അമേരിക്കയ്ക്ക് നിരവധി സൈനിക താവളങ്ങളും 54,000-ത്തോളം പട്ടാളക്കാരും ഉണ്ടെന്നും കെ.സി.എന്‍.എ പറയുന്നു.

പരീക്ഷിച്ച നാല് മിസൈലുകളില്‍ മൂന്നെണ്ണവും 600 മൈലുകള്‍ (965.5 കിലോമീറ്റര്‍) സഞ്ചരിച്ച് ജപ്പാന് സമീപം സമുദ്രത്തിലാണ് പതിച്ചത്. എന്നാല്‍ നാലാമത്തെ മിസൈല്‍ പതിച്ചത് ഇതിന് പുറമേയാണ്. ഏത് തരം മിസൈലുകളാണ് പരീക്ഷിക്കപ്പെട്ടത് എന്ന് ഉത്തരകൊറിയ വ്യക്തമാക്കിയിട്ടില്ല. സ്‌കഡ്സ് (Scuds) വിഭാഗത്തില്‍ പെട്ട മിസൈലുകളാകാം ഉത്തരകൊറിയ പരീക്ഷിച്ചത് എന്ന് കെ.സി.എന്‍.എ പുറത്തു വിട്ട ചിത്രങ്ങള്‍ പരിശാധിച്ച കാലിഫോര്‍ണിയയിലെ മിഡില്‍ബറി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് അഭിപ്രായപ്പെട്ടു.


Dont Miss കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളെജില്‍ അംഗപരിമിതിയുളള വിദ്യാര്‍ത്ഥിക്ക് എസ്.എഫ്.ഐക്കാരുടെ ക്രൂരമര്‍ദ്ദനം 


ദക്ഷിണകൊറിയയും ജപ്പാനും ഉത്തരകൊറിയയുടെ നടപടിയെ അപലപിച്ചു. ഐക്യരാഷ്ട്രസഭയുടെ അധ്യക്ഷന്‍ അന്റോണിയോ ഗുട്ടേരസും സംഭവത്തെ അപലപിച്ചിട്ടുണ്ട്. ഉത്തരകൊറിയ തങ്ങള്‍ക്ക് ഭീഷണിയല്ലെന്നും പുതിയ മിസൈല്‍ പരീക്ഷണത്തെ നേരിടാനുള്ള നടപടികള്‍ സ്വീകരിച്ചുവെന്നും അമേരിക്ക അറിയിച്ചു. മിസൈലിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞുവെന്ന് അമേരിക്കന്‍ സൈന്യം പ്രതികരിച്ചു.