ഷിംല: കനത്ത മഴയെതുടര്‍ന്ന് ഹിമാചല്‍പ്രദേശിലെ നാത്പാജാക്രി ജലവൈദ്യുതി പ്ലാന്റ് അടച്ചു. സംസ്ഥാനത്ത് തുടരുന്ന കനത്ത മഴമൂലം സത്‌ലജ് നദിയില്‍ ചെളി അടിഞ്ഞതിനെ തുടര്‍ന്നാണ് ജലവൈദ്യുതപ്ലാന്റ് അടച്ചത്.

Subscribe Us:

കനത്ത മഴയെതുടര്‍ന്ന് നദിയില്‍ അടിഞ്ഞുകൂടിയ ചെളിയുടെ അളവ് ഉയര്‍ന്നാല്‍ പ്ലാന്റിലെ യന്ത്രങ്ങള്‍ തകരാറിലാവാന്‍ സാധ്യതയുള്ളതിനാലാണ് പ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തിവെച്ചതെന്ന് അധികൃതര്‍ പറയുന്നത്.

Ads By Google

പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, ദല്‍ഹി , ജമ്മു കാശ്മീര്‍, ഉത്തര്‍പ്രദേശ്, എന്നീ സംസ്ഥാനങ്ങളിലേക്കുള്ള വൈദ്യുതിയാണ് നാത്പാജാക്രി ജലവൈദ്യുത പ്ലാന്റില്‍ നിന്നും ലഭിക്കുന്നത്.

നിലവില്‍ ദിനംപ്രതി 36 ദശലക്ഷം വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പ്ലാന്റ് അടച്ചതോടെ ഈ സംസ്ഥാനങ്ങള്‍ വൈദ്യുതി പ്രതിസന്ധി നേരിടുമെന്ന് ഉറപ്പാണ്. എന്നാല്‍ പരിപൂര്‍ണ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനുള്ള മുന്‍കരുതല്‍ എടുത്തിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.

വടക്കുകിഴക്കന്‍ ഗ്രിഡിലുണ്ടായ തകരാര്‍ മൂലം നേരിട്ട കനത്ത വൈദ്യുതി പ്രതിസന്ധിക്ക് പുറകെയാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വീണ്ടും വൈദ്യുതി തടസ്സത്തിന് വഴിവെച്ചിരിക്കുന്നത്.