എഡിറ്റര്‍
എഡിറ്റര്‍
‘ഇങ്ങനെയാണ് സംഘപരിവാര്‍ നക്‌സലുകളെ കൊണ്ട് ഗൗരിയെ ‘കൊല്ലിച്ചത്” ഒരു മുന്‍ നക്‌സല്‍ നേതാവിന്റെ കുറിപ്പ്
എഡിറ്റര്‍
Tuesday 12th September 2017 5:10pm

വീടിനു മുമ്പില്‍ സ്ഥാപിച്ച സി.സി.ടി.വി ക്യാമറയെക്കുറിച്ച് അവര്‍ ഞങ്ങളോട് പറഞ്ഞിട്ടുണ്ടായിരുന്നു. ‘ ഇതൊന്നും എന്റെ ആവശ്യത്തിനല്ല, മറിച്ച് എന്നെ കൊല്ലാന്‍ വരുന്നവരെ നിങ്ങള്‍ക്ക് പിടികൂടാനാണ്.’ എന്നും പറയും. മരണത്തെക്കുറിച്ചുപോലും തമാശ പറയും. വിപ്ലവകാരികള്‍ക്ക് അവര്‍ തങ്ങളുടെ ജീവിതത്തോട് അടുത്ത് നില്‍ക്കുന്ന സഹയാത്രികയും അമ്മയും സഹോദരിയുമൊക്കെയായിരുന്നു.


അവരാണ് ഗൗരിയമ്മയെ കൊന്നത്.

അവര്‍ ഒടുക്കം ഗൗരിയമ്മയെ കൊന്നു

അവരാണ് ഗൗരിയമ്മയെ ഞങ്ങളില്‍ നിന്നും തട്ടിപ്പറിച്ചെടുത്തത്.

എത്രതവണ ഒരാള്‍ ഇത് ഉറക്കെ വിളിച്ചുപറഞ്ഞാലും ഈ വാക്കുകള്‍ മുങ്ങിപ്പോകില്ല. ഞങ്ങളെല്ലാം തെരുവിലിറങ്ങി നില്‍ക്കുകയാണ്. ഞങ്ങളുടെ രോഷം പ്രകടിപ്പിക്കാന്‍ കഴിയാവുന്നതെല്ലാം ഞങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. ഒരേ ശബ്ദത്തില്‍ ഞങ്ങള്‍ മുദ്രാവാക്യം വിളിക്കുന്നു.

കണ്ണുനീര്‍ തുടച്ചുകൊണ്ടും രോഷം അടക്കിപ്പിടിച്ചുകൊണ്ടും ‘ഞാന്‍ ഗൗരി’ എന്നു പറഞ്ഞ് ഞങ്ങള്‍ പ്രതിഷേധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് ഞങ്ങള്‍ ഒരു പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. അതിനുവേണ്ടിയുള്ള ഒരുക്കങ്ങളില്‍ ഗൗരിയും ഞങ്ങള്‍ക്കൊപ്പമുണ്ടെന്ന് തോന്നിയ നിമിഷങ്ങളുമുണ്ടായി.

കഴിഞ്ഞ കുറച്ചുവര്‍ഷങ്ങള്‍ക്കിടെ, ഗൗരി പങ്കുചേരാത്ത ഒരു സമരത്തില്‍പോലും ഞാനുണ്ടായിട്ടില്ല. എല്ലാ പ്രക്ഷോഭങ്ങളിലും അവരും പങ്കാളിയായിരുന്നു. അത് മുന്‍നിരയിലായാലും പിന്‍നിരയിലായാലും കൂടെയായാലും അവര്‍ ഞങ്ങളുടെ വിശ്വസ്ത സഹചാരിയായിരുന്നു. നിങ്ങള്‍ക്ക് അവരെ എതിര്‍ക്കാം, അവര്‍ക്കെതിരെ ശബ്ദിക്കാം, ഒരു പേടിയും പേടിക്കേണ്ട. അഭിപ്രായ ഭിന്നതകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ നിങ്ങള്‍ക്ക് അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാം.

 

താനൊരു കമ്മ്യൂണിസ്റ്റല്ല എന്ന് അവര്‍ എപ്പോഴും പറയാരുണ്ടായിരുന്നു. ‘ഞാനൊരു ബൂര്‍ഷ്വാസിയാണ്’ എന്ന് പറയും. ‘നിങ്ങള്‍ കമ്മ്യൂണിസ്റ്റുകള്‍ ഒരുപാട് സംസാരിക്കും, ദിവസം മുഴുവന്‍ യോഗവുമുണ്ടാകും’ അതുകൊണ്ട് ഭക്ഷണം ഞാന്‍ തയ്യാറാക്കി നല്‍കണോയെന്ന് പറഞ്ഞ് ഞങ്ങളെ കളിയാക്കുമായിരുന്നു.

ലങ്കേഷ് പത്രിക പുറത്തിറക്കിക്കൊണ്ട് സ്ഥിരമായി അവരെ സഹായിക്കുന്ന തന്റെ സ്റ്റാഫുകള്‍ക്ക് ശമ്പളം നല്‍കാനുള്ള പണമെങ്ങനെ കണ്ടെത്തും എന്നോര്‍ത്ത് എല്ലാമാസത്തിന്റെയും തുടക്കത്തില്‍ അവര്‍ ആശങ്കപ്പെടാറുണ്ടായിരുന്നു.

തന്റെ മകന്‍ കനയ്യ വന്നിരുന്നെന്ന് പറഞ്ഞ് അവര്‍ എപ്പോഴും അഭിമാനിക്കാറുണ്ടായിരുന്നു. ‘ ഞാനവനെ മുടിവെട്ടിക്കാന്‍ കൊണ്ടുപോയി, അവന് ലാപ്‌ടോപ്പ് ഇല്ലാത്തതിനാല്‍ ആരോ എനിക്കു തന്ന ലാപ്‌ടോപ്പ് ഞാനവന് നല്‍കി’ യെന്നും പറഞ്ഞു.

അവര്‍ എപ്പോഴും ലോകത്തിലെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെയ്ക്കുമായിരുന്നു. അലഞ്ഞുതിരിയുന്ന ആള്‍ദൈവങ്ങളെ അഴിക്കുള്ളിലാക്കാന്‍ അവരും വിമലയും (ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് വിമന്‍ അസോസിയേഷനിലെ) സിദ്ധരാമയ്യയോട് പറയാറുള്ളത് അവര്‍ എപ്പോഴും ഓര്‍മ്മിക്കാറുണ്ടായിരുന്നു.

വലതുപക്ഷ ട്രോളുകള്‍ ഏറെ വരുന്ന തന്റെ ചില ഫേസ്ബുക്ക് സംവാദങ്ങളെക്കുറിച്ച് അവര്‍ സന്തോഷത്തോടെ സംസാരിക്കുമായിരുന്നു.

വീടിനു മുമ്പില്‍ സ്ഥാപിച്ച സി.സി.ടി.വി ക്യാമറയെക്കുറിച്ച് അവര്‍ ഞങ്ങളോട് പറഞ്ഞിട്ടുണ്ടായിരുന്നു. ‘ ഇതൊന്നും എന്റെ ആവശ്യത്തിനല്ല, മറിച്ച് എന്നെ കൊല്ലാന്‍ വരുന്നവരെ നിങ്ങള്‍ക്ക് പിടികൂടാനാണ്.’ എന്നും പറയും. മരണത്തെക്കുറിച്ചുപോലും തമാശ പറയും. വിപ്ലവകാരികള്‍ക്ക് അവര്‍ തങ്ങളുടെ ജീവിതത്തോട് അടുത്ത് നില്‍ക്കുന്ന സഹയാത്രികയും അമ്മയും സഹോദരിയുമൊക്കെയായിരുന്നു.

യഥാര്‍ത്ഥത്തില്‍ ഗൗരി വലിയ നേതാവോ ചിന്തകയോ ഒന്നുമല്ല. അവര്‍ക്ക് സാമൂഹ്യ പിരഷ്‌കരണത്തെക്കുറിച്ചോ തന്റെ ഭാവിയെക്കുറിച്ചോ, കുടുംബത്തെക്കുറിച്ചോ ഒരു സ്വപ്‌നവും, പദ്ധതിയും ഇല്ലായിരുന്നു. അന്നന്നത്തെ ജീവിതം ജീവിക്കുകയായിരുന്നു അവര്‍. തനിക്കു ശരിയെന്നു തോന്നുന്നവര്‍ക്ക് കൂടെ അവരുണ്ടാവും. തനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങളില്‍ അവരുണ്ടാകും. അവരെ നയിച്ചത് അവരുടെ ബോധ്യങ്ങളായിരുന്നു.

ചിലര്‍ കരുതുന്നുണ്ടാവും അവര്‍ വലിയ വ്യക്തിത്വമൊന്നുമല്ലായിരുന്നു എന്ന്. പക്ഷെ പറയുന്നതിനേക്കാള്‍ ഒരാള്‍ എന്തു ചെയ്യുന്നു എന്നതാണ് പ്രധാനം. തന്നെക്കൊണ്ട് കഴിയാവുന്ന എല്ലാം ചെയ്ത് സമൂഹത്തിന്റെ വേദന അകറ്റാനാണ് ഗൗരി എല്ലായ്‌പ്പോഴും ശ്രമിച്ചത്.

 

തനിക്കു ചുറ്റും വളരുന്ന വിദ്വേഷത്തെയും ഈ വിദ്വേഷത്തിന്റെ വിത്തിറക്കുന്ന സംഘപരിവാറിനെയും കുറിച്ചായിരുന്നു ഗൗരിയുടെ ഏറ്റവും വലിയ ആധി. ചുറ്റും വ്യാപിക്കുന്ന ആ വിദ്വേഷത്തിനിടയില്‍ ജീവിക്കുകയെന്നത് എത്രത്തോളം ബുദ്ധിമുട്ടാണെന്ന് അവര്‍ക്കുള്ളില്‍ ജീവിച്ചാലേ മനസിലാവൂ. ആ വിദ്വേഷ പ്രചരണത്തിനെതിരെയാണ് അവര്‍ സംസാരിച്ചതും സംഘടിച്ചതും പ്രതിഷേധിച്ചതും ഏറ്റവും ഒടുവിലായി അതിനാലാണ് അവര്‍ കൊല്ലപ്പെട്ടതും. ഇക്കാരണം കൊണ്ടാണ് ഇപ്പോഴും അവര്‍ ശക്തിയുടെ ഉറവിടമായും പ്രചോദനമായും നിലകൊള്ളുന്നത്.

കുറേക്കാലം മുമ്പേ തന്നെ സംഘപരിവാര്‍ ഗൗരിയെ നക്‌സലേറ്റായി മുദ്രകുത്തിയിരുന്നു. ഒരുതരത്തില്‍ പറഞ്ഞാല്‍ ഗൗരി ഇതെല്ലാമായിരുന്നു എന്നാല്‍ മറ്റൊരുതരത്തില്‍ അവര്‍ ഇതൊന്നുമായിരുന്നില്ല. അവര്‍ കമ്മ്യൂണിസ്റ്റുകള്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. പക്ഷെ അവര്‍ സ്വയം കമ്മ്യൂണിസ്റ്റ് ആയിരുന്നില്ല. അവര്‍ ദളിത് സമരങ്ങളെ പിന്തുണച്ചു. പക്ഷെ ഒരു അംബേദ്കറൈറ്റ് ആയിരുന്നില്ല.

നക്‌സലുകളുമായി അവര്‍ക്ക് ബന്ധമുണ്ടായിരുന്നു. പക്ഷെ അവര്‍ നക്‌സല്‍ ആയിരുന്നില്ല. അവര്‍ എവിടെയായിരുന്നാലും നീതിയ്ക്കുവേണ്ടിയുള്ള പ്രക്ഷോഭങ്ങളെ അവര്‍ പിന്തുണച്ചിരുന്നു. അതുകൊണ്ടാണ് അവര്‍ ഏതെങ്കിലുമൊന്നില്‍ ബന്ധപ്പെട്ടു കിടക്കാതെ, ഏതെങ്കിലും ഒന്നിനെ മാത്രമായി വിമര്‍ശിക്കാതെ അവരുടെയെല്ലാം മികച്ച മുന്നേറ്റങ്ങളെ പിന്തുണച്ചുകൊണ്ട് അവര്‍ക്കൊപ്പം നിന്നത്.

 

ഉന ദളിത് പ്രക്ഷോഭത്തിലെ ജിഗ്‌നേഷ് മെവാനിയെ, കമ്മ്യൂണിസ്റ്റായ കനയ്യകുമാറിനെ, ഇടതുപക്ഷ ചിന്താഗതിക്കാരനായ ഉമര്‍ ഖാലിദിനെയൊക്കെ അവര്‍ വിളിച്ചത് തന്റെ മക്കളെന്നാണ്.

വളര്‍ന്നുകൊണ്ടിരിക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിനൊപ്പം തന്നെ കര്‍ണാടകയില്‍ രൂപം കൊള്ളുന്ന സായുധവിപ്ലവത്തെക്കുറിച്ചും ഗൗരി ജാഗരൂകയായിരുന്നു. 2004ല്‍ മല്‍നാഡ് മേഖലയിലെ കാടുകളില്‍ നക്‌സല്‍ നേതാവ് സാകേത് രാജനെ കാണുമ്പോള്‍ അവരുടെ മനസില്‍ രണ്ടു ചിന്തകളായിരുന്നു ഉണ്ടായിരുന്നത്.

ഒരുവശത്ത് സമൂഹത്തില്‍ മാറ്റം കൊണ്ടുവരാനുള്ള പോരാട്ടങ്ങള്‍ക്കായി വീട് ഉപേക്ഷിച്ച് കാട്ടില്‍ ജീവിക്കാന്‍ ധീരത കാണിച്ചവരുടെ അര്‍പ്പണബോധത്തോടുള്ള ആരാധനയും മറുവശത്ത് അതിനോടുള്ള പ്രതികരണത്തെക്കുറിച്ചുള്ള ആധിയും. അധികം വൈകാതെ തന്നെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ ആരംഭിച്ചു. ഓരോ മരണങ്ങളിലും അവര്‍ വേദനിച്ചിരുന്നു.

ഇത് അവസാനിപ്പിക്കാന്‍ സമാന ചിന്താഗതിയുള്ള ആളുകള്‍ക്കൊപ്പം ഗൗരി സിറ്റിസണ്‍സ് ഇനീഷ്യേറ്റീവ് ഫോര്‍ പീസിന് തുടക്കമിട്ടു. നക്‌സലുകളും സര്‍ക്കാരും പരസ്പരം ഏറ്റുമുട്ടുകയല്ല, പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണുകയാണ് വേണ്ടതെന്ന് അവര്‍ ആവശ്യപ്പെട്ടു. ഇരുവിഭാഗവും അത് അംഗീകരിച്ചെങ്കിലും സര്‍ക്കാര്‍ വാക്ക് ലംഘിച്ച് ഓപ്പറേഷനുകള്‍ നടത്തി. അത് സാകേത് രാജന്റെ ജീവനെടുത്തു.

ഇതിനെ അപലപിച്ചുകൊണ്ട് ഗൗരി എഴുതി, തെരുവുകളിലിറങ്ങി. അതോടെ സംഘപരിവാര്‍ അവരെ നക്‌സലേറ്റ് എന്നു വിളിച്ചു. ഇതാണ് സഹോദരനായ ഇന്ദ്രജിത്തുമായുള്ള ശത്രുതയ്ക്കുള്ള കാരണം. സമാധാനത്തിനുവേണ്ടിയാണ് അവര്‍ പ്രവര്‍ത്തിച്ചത്. എന്നിട്ടും സംഘപരിവാര്‍ അവരെ സായുധ വിപ്ലവ അനുഭാവിയാക്കി ലാബര്‍ ചെയ്യുകയായിരുന്നു.

ഗൗരിയെ നക്‌സലൈറ്റുകള്‍ കൊലചെയ്തതാണെന്ന പ്രചരണം രാജ്യവ്യാപകമായി ഇപ്പോള്‍ നടക്കുന്നുണ്ട്. അവരുടെ കൊലപാതകത്തെ ആഘോഷിക്കുന്നവരാണ് ഇങ്ങനെ പ്രചരിപ്പിക്കുന്നത്. അവരെ നക്‌സലുകളുടെ ഏജന്റാക്കി ലേബല്‍ ചെയ്തവര്‍ ഇപ്പോള്‍ അവരെ നക്‌സലുകള്‍ കൊലപ്പെടുത്തിയെന്ന കഥയുണ്ടാക്കുകയാണ്.

ഞാനും സിരിമന്‍ നാഗരാജും ആയുധമുപേക്ഷിച്ചപ്പോള്‍ ഇത് പുതിയ നക്‌സല്‍ ഗൂഢാലോചനയാണെന്നും ഇതെല്ലാം കള്ളക്കളിയാണെന്നും ആക്രോശിച്ചവരാണ് ഇപ്പോള്‍ നക്‌സലുകളെ പുനരധിവസിപ്പിച്ച ഗൗരിയുടെ പ്രവര്‍ത്തനങ്ങളാണ് അവര്‍ കൊലചെയ്യപ്പെടാന്‍ കാരണമെന്ന് പ്രചരിപ്പിക്കുന്നത്.

 

സത്യം പറഞ്ഞാല്‍ ഗൗരിയ്ക്ക് നക്‌സലുകളോടുള്ളതിനേക്കാള്‍ നൂറുമടങ്ങ് ആരാധന നക്‌സലുകള്‍ക്ക് ഗൗരിയോടുണ്ടായിരുന്നു. റൗഡികളെപ്പോലെ വാളുമെടുത്ത് നടക്കലോ അധോലോക സംഘങ്ങളെപ്പോലെ പണത്തിനുവേണ്ടി ആളുകളെ കൊല്ലലോ, ഇടയ്ക്കിടെ ബോംബിട്ടുകൊണ്ട് തങ്ങളുടെ ശക്തി തെളിയിക്കുന്ന തീവ്രവാദികളോ അല്ല നക്‌സല്‍ പ്രസ്ഥാനം.

അതൊരു പ്രത്യയശാസ്ത്രത്തില്‍ അധിഷ്ഠിതമായ മുന്നേറ്റമാണ്. ആ പ്രത്യയശാസ്ത്രത്തോട് യോജിപ്പില്ലെങ്കിലും അവരുടെ ലക്ഷ്യങ്ങളെ നമുക്ക് ചോദ്യം ചെയ്യാനാവില്ല. നക്‌സലുകള്‍ ഗൗരിയെ കൊല്ലും എന്ന് ചിന്തിക്കുന്നതുപോലും കുറ്റമാണ്.

ആദിവാസികളെ കാട്ടില്‍ നിന്നും കുടിയൊഴിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം കാരണം നക്‌സല്‍ പ്രസ്ഥാനത്തില്‍ ചേര്‍ന്ന ആദിവാസി യുവാവായ വിക്രം ഗൗഡ താനാണ് ഗൗരിയെ കൊലചെയ്തതെന്ന വ്യാജ വാര്‍ത്തയറിഞ്ഞ് എത്രത്തോളം വേദനിച്ചിട്ടുണ്ടാകുമെന്ന് ചിന്തിക്കാന്‍ പോലുമാകില്ല. നക്‌സലുകള്‍ ഗൗരിയെ കൊല്ലാനുള്ള സാധ്യതയില്ലെന്ന് പറയാന്‍ എനിക്ക് നൂറുകണക്കിന് കാരണങ്ങളുണ്ട്. അവ ഞാന്‍ മറ്റൊരുതവണ ലിസ്റ്റ് ചെയ്യാം.

ഗൗരിയുടെ ശബ്ദത്തെ അടിച്ചമര്‍ത്താന്‍ അവരെ കൊലചെയ്ത വലതുപക്ഷ ശക്തികളും കേന്ദ്രസര്‍ക്കാറും ഒരുവിഭാഗം മാധ്യമങ്ങളും ജനരോഷം കാണാതെ നക്‌സലുകള്‍ക്കുമേല്‍ കുറ്റംചാര്‍ത്താനുള്ള തിരക്കിലാണ്.

ഗൗരിയ്‌ക്കൊപ്പം യാഥാര്‍ത്ഥ്യത്തെ കൂടി ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് അവര്‍. പക്ഷെ രാജ്യത്തിന്റെ മനസാക്ഷിയെ ഉണര്‍ത്താന്‍ ഗൗരിയ്ക്കു കഴിഞ്ഞു. മാനവരാശി ഒരേ സ്വരത്തില്‍ ‘ഞാന്‍ ഗൗരി’ എന്ന് വിളിക്കുകയാണ്. ഈ രാജ്യത്തിന്റെ ആത്മാവിനുവേണ്ടിയുള്ള ജീവന്മരണ പോരാട്ടം പുതിയ തലത്തിലെത്തിയിരിക്കുകയാണ്. നമ്മള്‍ സ്‌നേഹിക്കുന്ന ‘ചെറിയ’ ഗൗരി ശക്തിയുടെ വലിയ ഉറവിടമായി നമ്മളെ മുന്നോട്ടേക്ക് നയിക്കുകയാണ്.
സലാം മാഡം.

ഞാന്‍ ഗൗരി

കടപ്പാട്: ന്യൂസ്18

മൊഴിമാറ്റം: ജിന്‍സി

 

Advertisement