മുംബൈ: ബോളിവുഡ് താരം സജ്ഞയ് ദത്തിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് മാതൃകാ പെരുമാറ്റ ചട്ടലംഘനം നടത്തിയതിന് നോട്ടീസ് അയച്ചിട്ടും ഹാജരാവാതിരുന്നതിനെ തുടര്‍ന്നാണ് കോടതിയുടെ നടപടി.

മുംബൈയിലെ ഒരു പ്രാദേശിക കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. പലവട്ടം സമന്‍സ് അയച്ചിട്ടും ദത്ത് കോടതിയില്‍ ഹാജരാവാത്തതിനെ തുടര്‍ന്ന് ജുഡൂഷ്യല്‍ മജിസ്‌ട്രേറ്റ് കൃഷ്ണകുമാറാണ് വാറണ്ട് പുറപ്പെടുവിച്ചത്.

സമാജ് വാദി പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായ ദത്ത് 2009 ഏപ്രിലില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായിരുന്നു. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിരുന്ന അര്‍ഷാദ് ജമാലിനുവേണ്ടി പ്രചരണം നടത്തുന്നതിനിടയില്‍ ദത്ത് നടത്തിയ ചില പ്രസ്താവനകള്‍ വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് കോടതിയില്‍ ഹാജരാകാന്‍ അദ്ദേഹത്തിന് സമന്‍സ് അയച്ചത്.

തുടരെ തുടരെ സമന്‍സ് അയച്ചിട്ടും നടന്‍ കോടതിയില്‍ ഹാജരാവാതിരുന്നതിനെ തുടര്‍ന്ന് മാര്‍ച്ച് 26ന് ദത്തിനെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നിട്ടും കോടതിയില്‍ ഹാജരാവാത്തതിനാലാണ് ജാമ്യമില്ലാ വാറണ്ട് നല്‍കിയത്.

സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിരുന്ന അര്‍ഷാദ് ജമാലിനെതിരെയും കോടതി സമന്‍സ് പുറപ്പെടുവിച്ചിട്ടുണ്ട്.