ന്യൂദല്‍ഹി: ജനുവരിമുതല്‍ നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുമെന്ന് കേന്ദ്ര നിയമകാര്യമന്ത്രി വീരപ്പ മൊയ്‌ലി. ഇതുസംബന്ധിച്ച ഉടന്‍ വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കുമെന്നും മൊയ്‌ലി പറഞ്ഞു. തീരുമാനം നടപ്പാവുകയാണെങ്കില്‍ പ്രവാസി മലയാളികള്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കും.

യു ഡി എഫ് എം പിമാരോട് സംസാരിക്കവേയാണ് വീരപ്പ മൊയ്‌ലി ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തേ പ്രവാസി വോട്ടവകാശം ഉന്നയിച്ച് എം പി മാര്‍ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷനെ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ കേന്ദ്രം ഇതിനായി ചട്ടങ്ങള്‍ പുറപ്പെടുവിക്കണമെന്ന നിര്‍ദേശമാണ് കമ്മീഷണര്‍ നല്‍കിയത്. തുടര്‍ന്നാണ് എം പി മാരുടെ സംഘം മൊയ്‌ലിയെ സന്ദര്‍ശിച്ചത്.

ആറുമാസത്തിലധികം തവണ വിദേശരാജ്യങ്ങളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി താമസിക്കുന്നവരുടെ പേര് വോട്ടേഴ്‌സ് ലിസ്റ്റില്‍ നിന്ന് നീക്കംചെയ്യുന്നതും അവസാനിപ്പിക്കുമെന്ന് വീരപ്പ മൊയ്‌ലി പറഞ്ഞു.

വോട്ടവകാശത്തിനായി വിവിധപ്രവാസി സംഘടനകള്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.വിവിധ രാജ്യങ്ങളിലായി മൂന്നു കോടി ഇന്ത്യക്കാര്‍ ജോലി ചെയ്തുവരുന്നുണ്ട്.
ഇതില്‍ അരക്കോടിയോളം പേര്‍ ഗള്‍ഫ് രാജ്യങ്ങളില്‍. കുടുംബത്തെ നാട്ടില്‍നിര്‍ത്തി ജോലിക്ക് പോയവരാണ് ഗള്‍ഫിലെ പ്രവാസികളില്‍ ഏറെയും.