അടൂര്‍: ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിയമനം ലഭിച്ച അബ്രാഹ്മണ ശാന്തിയെ ദേവസ്വം ഉദ്യോഗസ്ഥര്‍ ജോലിയില്‍ പ്രവേശിപ്പിച്ചില്ല. ക്ഷേത്രത്തിലെത്തിയ ശാന്തിയെ മണിക്കൂറുകള്‍ക്കുള്ളില്‍ ദേവസ്വം അസി. കമ്മിഷണര്‍ മറ്റൊരു ക്ഷേത്രത്തിലേക്ക് സ്ഥലംമാറ്റി. ആലപ്പുഴ ആതിരപ്പള്ളി ചെത്തികാട് വൈശ്യം പറമ്പില്‍ മനു ആനന്ദ് ശാന്തിയെയാണ് ഒഴിവാക്കിയത്.

Ads By Google

ശാന്തിയെ സ്ഥലംമാറ്റിയ ഉദ്യോഗസ്ഥ നടപടിയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണുയര്‍ന്നിരിക്കുന്നത്. പ്രതിഷേധത്തെത്തുടര്‍ന്ന് ശാന്തിയെ തിരികെ കൊണ്ടുവരാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായെങ്കിലും ജാതിയുടെ പേരില്‍ ഉണ്ടായ മാനഹാനിയെ നിയമപരമായി നേരിടാനാണ് ശാന്തി മനു ആനന്ദിന്റെ തീരുമാനം. ഹിന്ദു ഐക്യവേദിയും ഇതിനനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ദേവസ്വം ബോര്‍ഡ് ശാന്തി നിയമനടപടി സ്വീകരിക്കുന്നത്. പ്രാവീണ്യം തെളിയിച്ച ശാന്തിയെ അബ്രാഹ്മണന്‍ എന്നപേരില്‍ മാറ്റിനിര്‍ത്തുന്നത് കോടതിയലക്ഷ്യമാണ്.

ആറ് മാസം മുമ്പ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നടത്തിയ ഇന്റര്‍വ്യൂയില്‍ 124ാം റാങ്കുകാരനാണ് മനു ആനന്ദ്. ആലപ്പുഴ ഹനുമാന്‍ സ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തിയായിരിക്കെ ആഗസ്റ്റ് 18 നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ശാന്തി നിയമന ഉത്തരവ് ലഭിക്കുന്നത്. 27 നാണ് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ പാര്‍ട്ട് ടൈം ശാന്തിയായി ജോലിയില്‍ പ്രവേശിക്കാന്‍ എത്തിയത്.

നിയമന ഉത്തരവിന് സ്ഥിരീകരണം വേണമെന്നും അതിനാല്‍ സെപ്റ്റംബര്‍ 3ന് എത്തണമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൂന്നിന് എത്തിയപ്പോള്‍ ഉച്ചയ്ക്ക് ശേഷം ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ച ശേഷം സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെട്ടു. സര്‍ട്ടിഫിക്കറ്റില്‍ ജാതി ഈഴവനാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് അധികൃതര്‍ക്ക് മനംമാറ്റം ഉണ്ടായതെന്ന് മനു ശാന്തി പറയുന്നു.

ഉള്ളന്നൂര്‍ ദേവീക്ഷേത്രത്തിലേക്ക് സ്ഥലം മാറ്റിയതായി അസിസ്റ്റന്റ് കമ്മിഷണര്‍ അപ്പോള്‍ അറിയിച്ചു. ഉള്ളന്നൂര്‍ ദേവീക്ഷേത്രത്തിലെ മേല്‍ശാന്തി നല്‍കിയ അപേക്ഷ പ്രകാരം സീനിയോറിറ്റി പരിഗണിച്ച് അദ്ദേഹത്തെ ആറന്മുളയിലേക്ക് മാറ്റിയെന്നായിരുന്നു വിശദീകരണം. എന്നാല്‍ താന്‍ അത്തരമൊര് അപേക്ഷ നല്‍കിയിട്ടില്ലെന്ന് ഉള്ളന്നൂര്‍ ദേവീക്ഷേത്രത്തിലെ മേല്‍ശാന്തി സാബു നമ്പൂതിരി പറഞ്ഞു.

നാല് വര്‍ഷം ചെങ്ങന്നൂര്‍ മന്ത്ര വിദ്യാപീഠത്തിലും തുടര്‍ന്ന് അമ്പലപ്പുഴ പുതുമന ശ്രീധരന്‍ നമ്പൂതിരിയുടെ കീഴിലും പൂജാദി കര്‍മങ്ങളില്‍ പ്രാവിണ്യം നേടിയിട്ടുണ്ടെന്ന് മനു ആനന്ദ് പറഞ്ഞു. അതേസമയം, ആറന്മുള ക്ഷേത്രത്തില്‍ ജോലിയെടുക്കാന്‍ താത്പര്യമില്ലെന്ന് മനു ആനന്ദ് പറഞ്ഞതിനാലാണ് ഉള്ളന്നൂരിലേക്ക് സ്ഥലം മാറ്റിയതെന്ന് ആറന്മുള അസി. കമ്മിഷണര്‍ സുരേഷ് പറയുന്നു.

ഉത്തരവ് മറികടന്ന് ആറന്മുള അസിസ്റ്റന്റ് കമ്മിഷണര്‍ ഏകപക്ഷീയമായി നടപ്പാക്കിയ സ്ഥലംമാറ്റം സംബന്ധിച്ച് വിശദീകരണം ആരായുമെന്ന് ദേവസ്വം കമ്മിഷണര്‍ എന്‍. വാസു വ്യക്തമാക്കി. ക്ഷേത്രസങ്കല്‍പത്തിനും വിശ്വാസത്തിനും ഏല്‍കുന്ന ആഘാതമാണ് ഇത്തരം സംഭവങ്ങളിലൂടെ പുറത്തുവരുന്നതെന്നും ഹിന്ദു സമൂഹത്തെ ശിഥിലമാക്കാനേ ഇത്തരം നടപടികള്‍ ഉപകരിക്കൂവെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു.