ന്യൂദല്‍ഹി: മുന്‍ ക്രിക്കറ്റ് താരവും ഇപ്പോള്‍ കോണ്‍ഗ്രസ് എം.പിയുമായ മുഹമ്മദ് അസ്ഹറുദ്ദീന് ജാമ്യമില്ലാ വാറണ്ട്. ചെക്ക് കേസുമായി ബന്ധപ്പെട്ട് നിരവധി തവണ കോടതിയില്‍ ഹാജാരാവാന്‍ നിര്‍ദേശമുണ്ടായിട്ടും അത് അവഗണിച്ചതിനെ തുടര്‍ന്നാണ് വാറണ്ട് പുറപ്പെടുവിച്ചത്.

ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് താന്‍ തിരിക്കിലാണെന്നും അതിനാല്‍ കോടതിയില്‍ ഹാജരാവുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നുമാവശ്യപ്പെട്ട് അസ്ഹറുദ്ദീന്‍ സമര്‍പ്പിച്ച വിശദീകരണം തള്ളിക്കൊണ്ടാണ് അദ്ദേഹത്തിനെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. വെള്ളിയാഴ്ചയാണ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജി വിക്രാന്ത് വെയ്ദ് അസ്ഹറിനെതിരായ നിലപാടെടുത്തത്.

ദല്‍ഹിയില്‍ ബിസിനസുകാരനായ സഞ്ജയ് സോലാന്‍കിയാണ് അസ്ഹറുദ്ദീനെതിരെ പരാതി നല്‍കിയത്. മുന്‍ ഭാര്യ സംഗീതാ ബിജ്‌ലാനിയുടെയും അസ്ഹറിന്റെയും പേരില്‍ മുംബൈയിലുള്ള 4.5 കോടി വിലവരുന്ന സ്വത്തുക്കള്‍ അസ്ഹറുദ്ദീന്‍ വില്‍ക്കാന്‍ ശ്രമിച്ചു. സഞ്ജയാണ് ഇത് വാങ്ങാനിരുന്നത്. അഡ്വാന്‍സായി 1.5 കോടി രൂപനല്‍കുകയും ചെയ്തു.

എന്നാല്‍ ഭാര്യയുമായുള്ള പ്രശ്‌നം കാരണം അസ്ഹറിന് സ്വത്തുക്കള്‍ വില്‍ക്കാന്‍ കഴിഞ്ഞില്ല. കരാര്‍ പ്രകാരം തിരിച്ചുനല്‍കാനുള്ള പണം സഞ്ജയ്ക്ക് നല്‍കാമെന്ന് അസ്ഹര്‍ ഉറപ്പുനല്‍കുകയും ചെയ്തു. 1.5 കോടിയുടെ ചെക്ക് സഞ്ജയ്ക്ക് നല്‍കുകയും ചെയ്തു. എന്നാല്‍ ബാങ്ക് ചെക്ക് തിരിച്ചയച്ചു. പിന്നീട് വീണ്ടും അസ്ഹറിനെ സമീപിച്ചപ്പോള്‍ അദ്ദേഹം മറ്റൊരു ചെക്ക് നല്‍കി. ആ ചെക്കും മടങ്ങി. പിന്നീട് അസ്ഹര്‍ സഞ്ജയ്യോട് മാപ്പ് പറഞ്ഞ് മറ്റൊരു ചെക്ക് നല്‍കി. അതും ബാങ്ക് മടക്കി. ഇതേ തുടര്‍ന്നാണ് അദ്ദേഹം കോടതിയെ സമീപിച്ചത്.

Malayalam News

Kerala News In English