പിറവം: പിറവം ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായ അനൂപ് ജേക്കബും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ജെ ജേക്കബ്ബും നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. രാവിലെ 11 മണിക്ക് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറായ പാമ്പാക്കുടി ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ എം. അരവിന്ദാക്ഷന്‍ നായര്‍ക്ക് മുന്‍പാകെയാണ് അനൂപ് പത്രിക സമര്‍പ്പിച്ചത്.

ഡിസിസി പ്രസിഡന്റ് വി.ജെ. പൗലോസ്, കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് നേതാവ് ജോണി നെല്ലൂര്‍, കേരള കോണ്‍ഗ്രസ്-എം നേതാവ് ഫ്രാന്‍സിസ് ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ രാവിലെ 10.30 ഓടെ തന്നെ അനൂപ് ഉപവരണാധികാരിയുടെ ഓഫീസിലെത്തി.

അമ്മ ഡെയ്‌സിയും ഭാര്യയും അനൂപിനൊപ്പം ഓഫീസിന്റെ കവാടം വരെയെത്തി. രാവിലെ ദേവാലയങ്ങളില്‍ പ്രാര്‍ഥന നടത്തിയ ശേഷം പിതാവ് ടി.എം. ജേക്കബിന്റെ കുഴിമാടത്തിലും പൂക്കളര്‍പ്പിച്ച് പ്രാര്‍ഥിച്ചാണ് അനൂപ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ പുറപ്പെട്ടത്.

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ജെ. ജേക്കബും 11.30 ഓടെ പത്രിക സമര്‍പ്പിച്ചു. എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍! അടക്കമുള്ള നേതാക്കള്‍ എം.ജെ ജേക്കബിനൊപ്പമുണ്ടായിരുന്നു. രാവിലെ 11 മുതല്‍ മാത്രമേ നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കാവൂ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. യു.ഡി.എഫിന്റെ വാഹന പ്രചരണ ജാഥ അടുത്ത മാസം നാലു മുതല്‍ ആരംഭിക്കും.

മാര്‍ച്ച് 18ന് നടത്താന്‍ ആദ്യം നിശ്ചയിച്ചിരുന്ന തിരഞ്ഞെടുപ്പ് മാര്‍ച്ച് 17ലേക്ക് മാറ്റാന്‍ തീരുമാനമായിട്ടുണ്ട്. കൊച്ചിയില്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിലായിരുന്നു തീരുമാനം ഉണ്ടായത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തിരുന്നു.

മാര്‍ച്ച് 18ന് തിരഞ്ഞെടുപ്പ് നടത്തരുത് എന്നാവശ്യപ്പെട്ട് യുഡിഎഫ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് സര്‍വകക്ഷി യോഗം വിളിച്ചു കൂട്ടിയത്.മാര്‍ച്ച് 18 ഞായറാഴ്ചയായതിനാലാണ് യുഡിഎഫ് അന്നു തിരഞ്ഞെടുപ്പ് നടത്തരുത് എന്ന് ആവശ്യപ്പെട്ടത്. എല്‍ഡിഎഫും ബിജെപിയും എല്ലാം യുഡിഎഫിന്റെ ആവശ്യത്തോട് യോജിച്ചതോടെ തീരുമാനം എളുപ്പമാകുകയായിരുന്നു.

Malayalam News

Kerala News In English