ന്യുദല്‍ഹി: ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറിനെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തതിന് ആരാധകരില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.  സച്ചിനെ ഉള്‍പ്പെടുത്തണമെന്ന് ചിലര്‍ പറയുമ്പോള്‍ മറ്റുചിലര്‍ അതിനെ എതിര്‍ക്കുകയാണ്. ഏതായാലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം അറിയാന്‍ ഇനിയും കാത്തിരിക്കണം. ഇപ്പോഴിതാ സച്ചിന് പിന്നാലെ മറ്റൊരു ഇന്ത്യന്‍ക്രിക്കറ്റ് താരത്തെകൂടി രാജ്യസഭയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യമുയരുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെ രാജ്യസഭയിലേക്ക് പരിഗണിക്കണമെന്ന് സി.പി.ഐ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്.

സച്ചിന്‍ ടെണ്ടുല്‍ക്കറെ രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്തതിനെ സ്വാഗതം ചെയ്യുന്നുവെന്നും ഫോമില്‍ കളിച്ചു കൊണ്ടിരിക്കുന്ന ഗാംഗുലിയേയും രാജ്യസഭയിലേക്ക് പരിഗണിക്കണമെന്നും സി.പി.ഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്ത പാര്‍ലമെന്റിന് മുന്നില്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.

സിനിമതാരങ്ങളെ കൂടാതെ എഴുത്തുകാര്‍,സാംസ്‌കാരിക പ്രവര്‍ത്തകര്‍, കവികള്‍ എന്നിവരേയും രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യണമെന്നും വ്യവസായികളെ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ തൊഴിലാളി രാഷ്ട്രമായതിനാല്‍ വ്യവസായികളെ രാജ്യസഭയിലേക്ക് പരിഗണിക്കേണ്ടതില്ലെന്നും ഗുരുദാസ് ദാസ് ഗുപ്ത വ്യക്തമാക്കി.

Malayalam News

Kerala News in English