Categories

‘ലൂമിയ’; നോക്കിയയുടെ ആദ്യ വിന്‍ഡോസ് ഫോണ്‍ വിപണിയിലേക്ക്

ഹെല്‍സിങ്കി: ആപ്പിള്‍ ഐ ഫോണും സാംസങ് ഗാലക്‌സി ഫോണും അടക്കി വാഴുന്ന് സ്മാര്‍ട് ഫോണ്‍ വിപണിയില്‍ സ്ഥാനമുറപ്പിക്കാന്‍ നോക്കിയയും രംഗത്ത്. പുതിയ രണ്ട് വിന്‍ഡോസ് ഫോണുകളുമായിയാണ് നോക്കിയയുടെ വരവ്. ലൂമിയ 800, ലൂമിയ 710 എന്നീ മോഡലുകളില്‍ ‘മാംഗോ’ എന്നറിയപ്പെടുന്ന വിന്‍ഡോഡ് ഫോണ്‍ 7.5 വേര്‍ഷനാണ് ഉപയോഗിച്ചിട്ടുള്ളത്.

ലൂമിയ 800 ന് വില 420 യൂറോ(28560 രൂപ)യും ലൂമിയ 710 ന് 270 യൂറോ(18360 രൂപ)യുമാണു വില. 3.7 ഇഞ്ച് വലിപ്പമുള്ള ക്ലിയര്‍ബ്ലാക്ക് അമോലെഡ് സ്‌ക്രീന്‍ ആണ് ലുമിയ 800 ന്റേത്. സ്‌ക്രീന്‍ റസല്യൂഷന്‍ 480 ഗുണം 800, പിക്‌സല്‍ സാന്ദ്രത 252 ppi(pixel per inch). ലുമിയ 800 ന്റെ ഹാര്‍ഡ്‌വേര്‍ കരുത്ത് അതിന്റെ 1.4 GHz ക്വല്‍കം സ്‌നാപ്പ്ഡ്രാഗണ്‍ പ്രൊസസറാണ്. 512 എംബി റാം ഉള്ള ഫോണിന്റെ ഇന്റേണല്‍ സ്‌റ്റോറേജ് കപ്പാസിറ്റി 16 ജിബി ആണ്.

മൈക്ലോ യുഎസ്ബി പോര്‍ട്ട്, ഹൈഡെഫിനിഷന്‍ വീഡിയോ (720 പി) പിടിക്കാന്‍ പാകത്തില്‍ എട്ട് മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ എന്നിവയുമുണ്ട്. എഫ് /2.2 കാള്‍ സെയ്‌സ് ലെന്‍സ് ആണ് എട്ട് മെഗാപിക്‌സല്‍ ക്യാമറയുടെ നട്ടെല്ല്. ലുമിയ 800 ന് 9.5 സംസാര സമയവും 55 മണിക്കൂര്‍ മ്യൂസിക് പ്ലേബാക്കുമാണ് നോക്കിയ വാഗ്ദാനം ചെയ്യുന്ന ബാറ്ററി ലൈഫ്.

ലുമിയ 800 ലേതുപോലെ അമോലെഡ് ഡിസ്‌പ്ലേ അല്ല ലുമിയ 710 ലുള്ളത്, പകരം ഡബ്ല്യുവിജിഎ ഡിസ്‌പ്ലേയാണുള്ളത്. ഹാര്‍ഡ്‌വേര്‍ ഫീച്ചറുകള്‍ തുല്യമാണെങ്കിലും, 710 ല്‍ ഇന്റേണല്‍ സ്‌റ്റോറേജ് 8 ജിബിയേയുള്ളു. എഇഡി ഫ് ളാഷോടുകൂടിയ 5 മെഗാപിക്‌സല്‍ ക്യാമറയാണ് ലുമിയ 710 ലേത്. 710 ന്റെ ബാറ്ററി ആയുസ്സ് സംസാര സമയം 7 മണിക്കൂര്‍, മ്യൂസിക് പ്ലേബാക്ക് 38 മണിക്കൂര്‍.

നവംബര്‍ 16ന് യൂറോപ്യന്‍ വിപണിയിലെത്തുന്ന് ഫോണുകള്‍ ഇക്കൊല്ലം തന്നെ ഇന്ത്യയിലുമെത്തും. ഇന്ത്യയെക്കൂടാതെ ഹോങ്കോങ്, റഷ്യ, സിങ്കപ്പൂര്, തായ്‌ലന്‍ഡ് എന്നിവടങ്ങളിലും വില്‍പ്പനക്കെത്തും. അതേസമയം അമേരിക്കയില്‍ ലൂമിയ 2012 ഓടോ മാത്രമേ വിപണിയിലെത്തൂ. ആപ്പിള്‍ ഐ ഫോണിനെയും സാംസങ് ഗാലക്‌സി ഫോണുകളെയും നേരിടാന്‍ കമ്പനി വിന്‍ഡോസ് പ്ലാറ്റ്‌ഫോമില്‍ ഇറക്കുന്ന ആദ്യ മോഡലുകളായ ഇവയ്ക്കു കഴിയുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് സ്റ്റീഫന്‍ എലോവ് പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.