nokiaപൂനെ: മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് മാര്‍ക്കറ്റില്‍ പ്രതിസന്ധി നേരിടുന്ന നോക്കിയ മൊബൈല്‍ മണി സേവനവുമായി എത്തുന്നു. ബാങ്ക് അക്കൗണ്ടുകളില്‍ കൂടിയല്ലാതെ ബില്ലുകള്‍ അടക്കാനും പണമയക്കാനും സേവിംഗ്‌സ് നടത്താനും നോക്കിയ ഹാന്‍ഡ് സെറ്റുകള്‍ വഴി സൗകര്യമൊരുക്കുന്ന സേവനമാണിത്.

ഈ സേവനം നടപ്പില്‍ വരുത്തുന്നതിനായി സ്ഥിരമായ ഒരു കമ്പനി തന്നെ നോക്കിയ തുടങ്ങിയിരിക്കുകയാണ്. ഇന്ത്യയിലുടനീളം ഈ സേവനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ആദ്യം പൂനെ, നാഷിക്, ചണ്ഡീഗഡ് എന്നിവിടങ്ങളിലാണ് തുടങ്ങുന്നത്. എല്ലാ മൊബൈല്‍ ഫോണുകളിലും ഈ സേവനം ലഭ്യമാകുമെന്നത് കൊണ്ട് ‘നോക്കിയ’ എന്ന ബ്രാന്‍ഡ് നാമത്തില്‍ ഈ സേവനം അവതരിപ്പിക്കാന്‍ നോക്കിയ ഉദ്ദേശിക്കുന്നില്ല.

മൊബൈല്‍ ബാങ്കിങ്ങില്‍ നിന്ന് വളരെ വ്യത്യസ്തമാണ് ‘മൊബൈല്‍ മണി’. ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഈ സേവനം ഉപകാരപ്പെടും. രാജ്യത്ത് ‘മൊബൈല്‍ മണി’ സേവനം നടപ്പിലാക്കുന്ന ആദ്യ മൊബൈല്‍ കമ്പനിയാണ് നോക്കിയ. നോക്കിയ ഹാന്‍ഡ് സെറ്റ് വിപണിയുടെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റാന്‍ ‘മൊബൈല്‍ മണി’ സഹായിക്കുമോ എന്ന് കണ്ടറിയണം.