നഷ്ടപ്പെട്ടു കഴിഞ്ഞ സ്മാര്‍ട്‌ഫോണ്‍ പ്രതാപം തിരിച്ചു പിടിക്കാന്‍ നോക്കിയ അറ്റകൈ പ്രയോഗം നടത്തി പുറത്തിറക്കിയതാണ് ലൂമിയ സീരീസ് ഫോണുകള്‍. നോക്കിയയുടെ ആദ്യ വിന്‍ഡോസ് ഫോണുകളാണ് ലൂമിയ. ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നോക്കിയക്ക് വലിയ തോതില്‍ തന്നെ സ്മാര്‍ട്‌ഫോണ്‍ വിപണി നഷ്ടമായിരുന്നു. അതുകൊണ്ട് തന്നെ നോക്കിയയില്‍ നിന്നുള്ള ഏറ്റവും പുതിയ ലൂമിയ സ്മാര്‍ട്‌ഫോണുകള്‍ പ്രധാനമായും ലക്ഷ്യമിട്ടതും ഏഷ്യന്‍ മാര്‍ക്കറ്റ് തന്നെയായിരുന്നു. ഈ സമയത്താണ് ഇടിവെട്ടേറ്റവന്റെ തലയില്‍ തേങ്ങാ വീണെന്ന് പറഞ്ഞ പോലെ ലൂമിയക്ക് സോഫ്റ്റ്‌വെയര്‍ പ്രശ്‌നം വന്നിരിക്കുന്നത്.

Subscribe Us:

യൂറോപ്യന്‍ മാര്‍ക്കറ്റുകളില്‍ ആദ്യം ഇറങ്ങിയ ലൂമിയക്ക് തണുത്ത പ്രതികരണമായിരുന്നു ലഭിച്ചത്. ഇന്ത്യയില്‍ ലൂമിയ ഇറങ്ങിയിട്ട് ഏതാനും ദിവസങ്ങളെ ആയിട്ടുള്ളൂ. ഇന്ത്യയില്‍ പുറത്തിറക്കിയ ലൂമിയയിലാണ് സോഫ്റ്റ്‌വെയര്‍ പ്രശ്‌നത്തിന് പഴികേട്ടിരിക്കുന്നത്. ചില ഉപഭോക്താക്കള്‍ സോഷ്യല്‍ മീഡിയകളിലും ബ്ലോഗുകളിലും ടെക്കുമായി ബന്ധപ്പെട്ട സൈറ്റുകളിലും ഇതുസംബന്ധിച്ച് പരാതി പറയാന്‍ തുടങ്ങിയിരിക്കുന്നു. ബാറ്ററി മുഴുവന്‍ ചാര്‍ജ്ജാകുമ്പോഴാണത്രെ സോഫ്റ്റ്‌വെയര്‍ തകരാറ് വരുന്നത്. ചില ടെസ്റ്റുകളില്‍ ഇത് തെളിയുകയും ചെയ്തിട്ടുണ്ട്.

ഇത് ഗുരുതരായ പ്രശ്‌നമല്ല എന്നാണ് നോക്കിയയുടെ വാദം. നോക്കിയയുടെ ഏതാനും ചില യൂണിറ്റുകളില്‍ നിന്ന് മാത്രമാണ് പ്രശ്‌നം കണ്ടെത്തിയതെന്നും പ്രശ്‌നം പരിഹരിക്കാന്‍ നോക്കിയക്ക് സാധിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് കമ്പനിയുടെ ഭാഗത്തു നിന്നും പ്രതികരിച്ചവര്‍ വ്യക്തമാക്കുന്നു.

വീഡിയോ കോള്‍ ചെയ്യാന്‍ സാധിക്കുന്നില്ല, റെസല്യൂഷന്‍ കുറഞ്ഞ ഡിസ്‌പ്ലേ തുടങ്ങിയ പരാതികളും ഉപഭോക്താക്കളില്‍ നിന്നും ലഭിക്കുന്നുണ്ട്. ലൂമിയ 800 ന്റെ കൂടെ അവതരിച്ച ലൂമിയ 710 നെക്കുറിച്ച് ഏതായാലും ഈ പറയപ്പെട്ട പ്രശ്‌നങ്ങളൊന്നും ഉയര്‍ന്നുവന്നിട്ടില്ല എന്നത് മാത്രമാണ് കമ്പനിക്ക് ആശ്വാസം നല്‍കുന്നത്.

മൈക്രോസോഫ്റ്റും നോക്കിയയും ഒന്നിച്ച ആദ്യ സ്മാര്‍ട്‌ഫോണാണ് ലൂമിയ. അതുകൊണ്ട് തന്നെ സോഫ്റ്റ്‌വെയര്‍ പ്രശ്‌നത്തിന് മൈക്രോസോഫ്റ്റും വലിയ വിലകൊടുക്കേണ്ടിവരും. ഒക്ടോബറിലായിരുന്നു ലൂമിയയുടെ അവതാരം.

‘ലൂമിയ’; നോക്കിയയുടെ ആദ്യ വിന്‍ഡോസ് ഫോണ്‍ വിപണിയിലേക്ക്

Malayalam News
Kerala News in English