ബാംഗ്ലൂര്‍: ആഗോള സ്മാര്‍ട് ഫോണ്‍ വിപണിയില്‍ തകര്‍ന്ന് കൊണ്ടിരിക്കുന്ന നോക്കിയ പുതിയ സ്മാര്‍ട് ഫോണുകളുമായി മത്സരത്തിനുറച്ചു തന്നെയാണ്. പുതിയ മൂന്ന് സ്മാര്‍ട് ഫോണുകളാണ് നോക്കിയ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

നോക്കിയ700, നോക്കിയ701, നോക്കിയ 600 എന്നീ മോഡലുകളാണ് നോക്കിയ ഇന്ന് ബാംഗ്ലൂരില്‍ പുറത്തിറക്കിയത്.

ഓരോ സ്മാര്‍ട് ഫോണുകളും വ്യത്യസ്തമായ സവിശേഷതകള്‍ അടങ്ങിയതാണ്. നോക്കിയ 700ന്റെ പ്രത്യേകത ടച്ച സ്‌ക്രീനിലാണ്. നോക്കിയ 701ന്റെതാകട്ടെ ഡിസ്‌പ്ലേയുടെ വ്യക്തതയിലാണ്. ശബ്ദത്തിനും വിനോദത്തിനുമാണ് നോക്കിയ 600ല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്.

നോക്കിയ 701 മോഡലില്‍ ഞെട്ടിക്കുന്ന സവിശേഷതയാണ് കമ്പനി ഉള്‍കൊള്ളിച്ചിരിക്കുന്നത്. ഈ മോഡലിലെ വൈ-ഫൈ ഉപയോഗിച്ച് ലോകത്ത് എവിടെ ഇരുന്നും നമ്മുടെ വാഹനം നിയന്ത്രിക്കാന്‍ സാധിക്കും! വാഹനത്തിന്റെ മുകളിലുള്ള ക്യാമറ ഉപയോഗിച്ച് ചിത്രങ്ങള്‍ മൊബൈലിലേക്ക് അയച്ചാണ് ഇത് സാധ്യമാകുന്നതത്രെ. ഈ മോഡലിന് 18,999 രൂപയാണ് വില.

നോക്കിയ 700ന് 18,099 രൂപയും നോക്കിയ 600ന് 12,999 രൂപയുമാണ് വില. രാജ്യത്തുടനീളം ഈ മോഡലുകള്‍ ഉടന്‍ തന്നെ ലഭ്യമാകും.